*ജില്ലയിൽ ഭിന്നശേഷി അക്കാദമി ആരംഭിക്കും: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രൻ*
*'മിന്നാരം' ജില്ലാതല ബഡ്സ് കലോത്സവത്തിന് തുടക്കം
സാമൂഹ്യനീതി വകുപ്പും കുടുംബശ്രീയുമായി ചേർന്ന് ജില്ലയിൽ ഭിന്നശേഷി അക്കാദമി ആരംഭിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രൻ പറഞ്ഞു. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ പുന്നപ്ര ഇഎംഎസ് കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച ജില്ലാതല ബഡ്സ് കലോത്സവം 'മിന്നാരം' ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഡ്സ് സ്ഥാപനങ്ങളിലെ മാനസികവും ബൗദ്ധികവുമായ വെല്ലുവിളികൾ നേരിടുന്ന വിദ്യാർഥികളുടെ കലാപരമായ കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനും അവർക്ക് മാനസിക ഉന്മേഷം സമ്മാനിക്കുന്നതിനും വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ബഡ്സ് കലോത്സവങ്ങൾ സംഘടിപ്പിക്കുന്നത്. ജനുവരി 13, 14 തീയതികളിലായി സംഘടിപ്പിക്കുന്ന പരിപാടിയുടെ ഒന്നാം ദിവസമായ ചൊവ്വാഴ്ച്ച ഫാൻസി ഡ്രസ്, നാടോടി നൃത്തം, ലളിതഗാനം, നാടൻപാട്ട്, പദ്യപാരായണം, പെൻസിൽ ഡ്രോയിങ്, എമ്പോസ് പെയിന്റിംഗ്, പെയിന്റിംഗ്, പേപ്പർ ക്രാഫ്റ്റ് തുടങ്ങിയ മത്സരങ്ങളാണ് അരങ്ങേറിയത്. ഉദ്ഘാടന ചടങ്ങിൽ പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ രതീഷ്കുമാർ അധ്യക്ഷനായി. പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്തംഗം രശ്മി ഷിബു, കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ എസ് രഞ്ജിത്ത്, പുന്നപ്ര വടക്ക് സിഡിഎസ് ചെയർപേഴ്സൺ എസ് ഇന്ദുലേഖ, കുടുംബശ്രീ ജില്ലാ മിഷൻ പ്രോഗ്രാം മാനേജർ മോൾജി ഖാലിദ്, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments