മകരവിളക്ക്; സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി
ശബരിമല മകരവിളക്ക് മഹോത്സവത്തിനോട് അനുബന്ധിച്ച് ജില്ലയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് അറിയിച്ചു.
തീര്‍ത്ഥാടകരുടെ സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പുവരുത്താന്‍ 1500 ല്‍ അധികം പോലിസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ഗതാഗത നിയന്ത്രണം, അടിയന്തര സേവനം, ശുചിത്വം, ആരോഗ്യ സൗകര്യങ്ങള്‍, കുടിവെള്ളം എന്നിവ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഉറപ്പാക്കി.
ഗതാഗത തിരക്ക് നിയന്ത്രിക്കാന്‍ കുമളി, കമ്പംമെട്ട് പാതകളില്‍ ഓരോ ജംഗ്ഷനിലും കൂടുതല്‍ പോലീസ് സേനാംഗങ്ങളെ നിയോഗിച്ചിട്ടുണ്ട്. പുല്ലുമേട് ഭാഗത്ത് അപകടകരമായ സ്ഥലങ്ങളില്‍ ഭക്തരുടെ സുരക്ഷ ഉറപ്പാക്കാന്‍ കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചു. റവന്യു വകുപ്പിന്റെ സഹകരണത്തോടെ അക്‌സ ലൈറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കോഴിക്കാനം, പുല്ലുമേട് ഭാഗത്ത് പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിച്ചു. കാനന പാതയില്‍ ഓരോ കിലോമീറ്ററിലും പോയിന്റ് ഡ്യൂട്ടിക്കായി വനം വകുപ്പ് ഉദ്യോഗസ്ഥരെ നിയോഗിച്ചു. പുല്ലുമേട്, കോഴിക്കാനം എന്നിവിടങ്ങളില്‍ എലിഫന്റ് സ്‌ക്വാഡിനെ നിയോഗിച്ചിട്ടുണ്ട്.
അപകടകരമായ സ്ഥലങ്ങളില്‍ ഉറപ്പുള്ള ബാരിക്കേഡ് സ്ഥാപിച്ചു. സ്ട്രീറ്റ് ലൈറ്റ്, കുടിവെള്ളം, ശുചിമുറി സൗകര്യം എന്നിവ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഉറപ്പാക്കി. കുമളി, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളില്‍ കണ്‍ട്രോള്‍ റൂം തുറന്നു. സുഗമമായ യാത്ര സൗകര്യം ഉറപ്പാക്കുന്നതിനും തിരക്ക് ഒഴിവാക്കുന്നതിനും എന്‍.എച്ച് പൊതുമരാമത്ത് വിഭാഗത്തിന് നിര്‍ദ്ദേശം നല്‍കി. മകരവിളക്ക് ദിവസം കുമളി കോഴിക്കാനം റൂട്ടില്‍ രാവിലെ 6 മണി മുതല്‍ കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസ് നടത്തും. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രത്യേകം മെഡിക്കല്‍ ടീം സജ്ജീകരിച്ചിട്ടുണ്ട്.
മകരവിളക്ക് ഡ്യൂട്ടിക്ക് എത്തുന്ന വിവിധ വകുപ്പുകളുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് പ്രത്യേക പാര്‍ക്കിംഗ് സൗകര്യം ഉറപ്പാക്കിയിട്ടുണ്ട്. സുഗമമായ ദര്‍ശനത്തിന് തീര്‍ത്ഥാടകര്‍ സേനാംഗങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും കളക്ടര്‍ പറഞ്ഞു.
- Log in to post comments