ചീഫ് മിനിസ്റ്റേഴ്സ് മെഗാക്വിസ് മത്സരത്തിന് ജില്ലയില്‍ ആവേശകരമായ പങ്കാളിത്തം
കേരളത്തിന്റെ സാമൂഹിക പുരോഗതിയുടെ ചരിത്രത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ചീഫ് മിനിസ്റ്റേഴ്സ് മെഗാക്വിസ് മത്സരത്തിന്റെ പ്രാരംഭഘട്ടത്തിന് ജില്ലയില്‍ ആവേശകരമായ പങ്കാളിത്തം. 8 മുതല്‍ 12 വരെ ക്ലാസുകളിലുള്ള വിദ്യാര്‍ഥികള്‍ക്കും സര്‍വകലാശാല, കോളേജ് വിദ്യാര്‍ഥികള്‍ക്കും പ്രത്യേകമായി നടന്ന മത്സരം കേരളത്തിന്റെ ചരിത്രവും വികസന നേട്ടങ്ങളും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്ന വേദിയായി മാറി.
എന്റെ കേരളം- പ്രത്യേക പതിപ്പിനെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളാണ് മത്സരത്തിനുണ്ടായിരുന്നത്. www.cmmegaquiz.kerala.gov.in വഴി നോഡല്‍ ഓഫീസര്‍മാര്‍ക്ക് ലഭിച്ച ഒ.ടി.പി ഉപയോഗിച്ച് ചോദ്യപേപ്പര്‍ ഡൗണ്‍ലോഡ് ചെയ്താണ് പരീക്ഷ നടത്തിയത്. 30 പ്രാഥമിക ചോദ്യങ്ങളും 10 ടൈബ്രേക്കര്‍ ചോദ്യങ്ങളുമാണ് ഉണ്ടായിരുന്നത്. മൂല്യനിര്‍ണയം പൂര്‍ത്തിയാക്കി ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്നും വിജയികളായ രണ്ടു പേരുള്‍പ്പെടുന്ന രണ്ട് ടീമുകളെ അടുത്ത ഘട്ടത്തിലേക്ക് തിരഞ്ഞെടുത്തു.
സഹ്യജ്യോതി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് കുമളിയില്‍ നിന്ന് 22 പേരും പീരുമേട്ടിലെ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ നിന്ന് 23 പേരും ജിപിറ്റിസി വണ്ടിപെരിയാറിലെ മൂന്നു ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ നിന്നായി 37 പേരും മെഗാക്വിസില്‍ പങ്കെടുത്തു. കട്ടപ്പന ഗവണ്‍മെന്റ് കോളേജില്‍ 105 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.
നെടുങ്കണ്ടം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നേഴ്‌സിംഗ് എഡ്യൂക്കേഷനില്‍ നിന്ന് 180 വിദ്യാര്‍ഥികളും പൈനാവ് മോഡല്‍ പോളിടെക്‌നിക് കോളേജില്‍ നിന്ന് 27 വിദ്യാര്‍ഥികളും മുരിക്കാശേരി അല്‍ഫോന്‍സാ നേഴ്‌സിംഗ് കോളേജില്‍ നിന്ന് 80 വിദ്യാര്‍ഥികളും മത്സരത്തില്‍ പങ്കെടുത്തു. മൂന്നാര്‍ എഞ്ചിനീയറിംഗ് കോളേജില്‍ നിന്ന് 100 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.
മെഗാ ക്വിസ് മത്സരത്തില്‍ തൊടുപുഴ ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ പരിധിയിലെ 67 സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. കട്ടപ്പന ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ പരിധിയിലുള്ള 84 സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളും മത്സരത്തില്‍ പങ്കെടുത്തു.
സ്‌കൂള്‍ വിഭാഗം മത്സരങ്ങളുടെ ഗ്രാന്‍ഡ് ഫിനാലെ വിജയികള്‍ക്ക് ഒന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും രണ്ടാം സമ്മാനമായി മൂന്ന് ലക്ഷം രൂപയും മൂന്നാം സമ്മാനമായി രണ്ട് ലക്ഷം രൂപയും ലഭിക്കും. കോളേജ് വിഭാഗം ഫൈനല്‍ മത്സര വിജയികള്‍ക്ക് ഒന്നാം സമ്മാനമായി മൂന്ന് ലക്ഷം രൂപയും രണ്ടാം സമ്മാനമായി രണ്ട് ലക്ഷം രൂപയും മൂന്നാം സമ്മാനമായി ഒരു ലക്ഷം രൂപയും സമ്മാനമായി നല്‍കും. കൂടാതെ മെമന്റോയും പ്രശസ്തി പത്രവും സമ്മാനിക്കും.
സ്‌കൂള്‍ വിഭാഗത്തില്‍ സ്‌കൂള്‍, വിദ്യാഭ്യാസ ജില്ല, ജില്ല, സംസ്ഥാനതലങ്ങളിലാണ് മത്സരം സംഘടിപ്പിക്കുക. സ്‌കൂള്‍തലത്തില്‍ വ്യക്തിഗതമായി നടത്തുന്ന മത്സരത്തിനു ശേഷം വിദ്യാഭ്യാസ ജില്ല മുതല്‍ ടീമുകളാകും മത്സരിക്കുക. കോളേജ് വിഭാഗത്തില്‍ കോളേജ്, ജില്ല, സംസ്ഥാന തലങ്ങളിലായിരിക്കും മത്സരം. കോളേജ് തലത്തില്‍ വ്യക്തിഗതമായും പിന്നീട് ടീമായും മത്സരിക്കാവുന്ന രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്.
സംസ്ഥാന തലത്തില്‍ നടക്കുന്ന ഗ്രാന്‍ഡ് ഫിനാലെയിലൂടെ ഇരു വിഭാഗങ്ങളിലെയും അന്തിമ വിജയിയെ കണ്ടെത്തും. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, പൊതുവിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ വകുപ്പുകളുമായി സഹകരിച്ചാണ് ക്വിസ് സംഘടിപ്പിക്കുന്നത്. ഫെബ്രുവരി മൂന്നാം വാരത്തോടെ സംസ്ഥാനതല ഗ്രാന്‍ഡ് ഫിനാലെയിലൂടെ അന്തിമ വിജയികളെ കണ്ടെത്തുന്നതോടെ മെഗാക്വിസ് മത്സരങ്ങള്‍ക്ക് സമാപനമാകും.
Caption : 1. പീരുമേട് കോളേജ് ഓഫ് അപ്ലൈഡ് സയൻസിലെ വിദ്യാർത്ഥികൾ ചീഫ് മിനിസ്റ്റേഴ്സ് മെഗാക്വിസ് മൽസരത്തിൽ പങ്കെടുക്കുന്നു
2. ചീഫ് മിനിസ്‌റ്റേഴ്സ് മെഗാക്വിസിൽ പങ്കെടുക്കുന്ന വണ്ടിപെരിയാർ ജിപിറ്റിസി കോളേജിലെ വിദ്യാർത്ഥികൾ
3. നെടുങ്കണ്ടം ഇൻസ്റ്റിറ്റൂട്ട് ഓഫ് നേഴ്സിംഗ് എഡ്യൂക്കേഷനിലെ വിദ്യാർഥികൾ ചീഫ് മിനിസ്റ്റേഴ്സ് ക്വിസ് മത്സരത്തിൽ പങ്കെടുക്കുന്നു.
4. കട്ടപ്പന ഗവൺമെന്റ് കോളേജിലെ വിദ്യാർത്ഥികൾ ചീഫ് മിനിസ്‌റ്റേഴ്സ് മെഗാക്വിസിൽ പങ്കെടുക്കുന്നു
- Log in to post comments