Skip to main content

വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കുന്ന സംസ്ഥാനമാണ് കേരളം: മന്ത്രി ഒ. ആര്‍. കേളു

#ആറ്റിങ്ങല്‍ മോഡല്‍ പ്രീ-പ്രൈമറി സ്‌കൂളില്‍ ബഹുനില മന്ദിരം ഉദ്ഘാടനം ചെയ്തു#

രാജ്യത്ത് മറ്റേത് സംസ്ഥാനത്തേക്കാളും വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കുന്ന സംസ്ഥാനമാണ് കേരളമെന്ന് പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍. കേളു. ആറ്റിങ്ങല്‍ മോഡല്‍ പ്രീ-പ്രൈമറി സ്‌കൂളില്‍ പുതുതായി പണികഴിപ്പിച്ച ബഹുനില മന്ദിരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസ മേഖലയില്‍ അദ്ഭുതകരമായ മാറ്റം കൊണ്ടുവന്നു. സാമ്പത്തിക സാമൂഹിക ഭേദമന്യേ എല്ലാവര്‍ക്കും വിദ്യാഭ്യാസം ലഭ്യമാകണം. സംസ്ഥാനത്ത് താഴെത്തട്ടില്‍ നിന്ന് വരുന്ന കുട്ടിക്കും ഏറ്റവും മികച്ച വിദ്യാഭ്യാസം ലഭ്യമാക്കാനാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം സര്‍കാര്‍ നടപ്പിലാക്കിയതെന്ന് മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖല മറ്റുള്ളവര്‍ക്ക് മാതൃകയാണ്. രാജ്യത്തെ ആദ്യ ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി ആരംഭിച്ചത് കേരളത്തിലാണ്. കുട്ടികളുടെ നൈപുണ്യ വികസനമാണ് തൊഴില്‍ അധിഷ്ഠിത കോഴ്‌സുകള്‍ വഴി ലക്ഷ്യംവെക്കുന്നത്. ഇതിലൂടെ നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതി വിഹിതത്തില്‍ നിന്ന് 74 ലക്ഷം രൂപ ചെലവിലാണ് ബഹുനില മന്ദിരം പൂര്‍ത്തീകരിച്ചത്.

ഒ.എസ്.അംബിക എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ എം.പ്രദീപ്, വൈസ് ചെയര്‍പേഴ്‌സണ്‍ ആര്‍.എസ്.രേഖ, ഡിഇഒ ആര്‍. ബിജു, എഇഒ പി.സന്തോഷ്‌കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date