Skip to main content

*ജനകീയ മത്സ്യകൃഷി മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു*

ഫിഷറീസ് വകുപ്പ് ജനകീയ മത്സ്യക്കൃഷിയുടെ ഭാഗമായി മാന്നാർ മത്സ്യഭവന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന വലവളപ്പ് മത്സ്യക്കൃഷിയുടെ ഉദ്ഘാടനം ഫിഷറീസ്, സാംസ്കാരിക വകുപ്പുമന്ത്രി സജി ചെറിയാൻ കരിമീൻ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ച് നിർവഹിച്ചു. ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തിലെ ചെറുകോൽ പ്രായിക്കര ലാൻഡിംഗ് സെന്ററിന് സമീപം അച്ചൻകോവിലാറിലാണ് രണ്ടു യൂണിറ്റ് വലവളപ്പ് മത്സ്യക്കൃഷി ആരംഭിച്ചത്. പൊതുജലാശയങ്ങൾ മത്സ്യകൃഷിക്കായി ഉപയോഗപ്പെടുത്തി ഉൽപാദനം വർദ്ധിപ്പിച്ച് മത്സ്യകർഷകർക്കും മത്സ്യത്തൊഴിലാളികൾക്കും സുസ്ഥിര വരുമാനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് ജനകീയ മത്സ്യകൃഷി.  ചെറുകോൽ വീ വൺ പുരുഷ സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തിലാണ് വലവളപ്പ് മത്സ്യകൃഷി നടത്തുന്നത്. രണ്ടു വലവളപ്പുകളിലായി അയ്യായിരം കരിമീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. 1,75,000 രൂപയാണ് ഒരു യൂണിറ്റിന്റെ ചെലവ്. ഇതിന്റെ 60 ശതമാനമായ 1,05,000 രൂപ സബ്‌സിഡിയും ബാക്കി 40 ശതമാനം ഗുണഭോക്തൃ വിഹിതവുമാണ്. നാടൻ  മത്സ്യങ്ങളായ വരാൽ, കല്ലേമുട്ടി, കരിമീൻ എന്നിവയാണ് പദ്ധതിയിൽ കൃഷിചെയ്യുന്നത്. ജനകീയ മത്സ്യകൃഷി വലവളപ്പ് മത്സ്യക്കൃഷിക്ക് ഈ സാമ്പത്തിക വർഷം (2025- 26 ) 50.75 ലക്ഷം രൂപ വകയിരിത്തിയിട്ടുണ്ട്. ഇതിലൂടെ സംസ്ഥാനത്ത് 75 യൂണിറ്റ് വലവളപ്പ്മത്സ്യക്കൃഷി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. 

ഉദ്ഘാടന ചടങ്ങിൽ ചെന്നിത്തല തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അജിത ദേവരാജൻ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്തംഗം സജീവൻ, പഞ്ചായത്തംഗങ്ങളായ ഷിബു കളിമൻതറ, ബിന്ദു പ്രദീപ്, സെന്റ് മേരീസ് സൊസൈറ്റി പ്രസിഡന്റ് കെ എസ് രാജു, ജോൺ റോയ്, ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ ടി ചന്ദ്രലേഖ,  മാന്നാർ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ഫിറോസിയ നസീമ ജലാൽ,  ഫിഷറീസ് ഓഫീസർ എം ദീപു, ഫിഷറീസ് കോ ഓർഡിനേറ്റർ എസ് സുഗന്ധി, അക്വാകൾച്ചർ പ്രൊമോട്ടർമാരായ  അന്നമ്മ സജി, എസ് ശില്പ, മത്സ്യത്തൊഴിലാളികൾ, മത്സ്യകർഷകർ തുടങ്ങിയവർ പങ്കെടുത്തു.

date