'സഹമിത്ര' മൊബൈല്‍ ആപ്പിലേക്ക് വീഡിയോ കണ്ടന്റ്: താല്‍പര്യപത്രം 19 വരെ സമര്‍പ്പിക്കാം
ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളും പരിശീലനവും സേവനങ്ങളും തെറാപ്പി സംബന്ധമായ വിവരങ്ങളുമെല്ലാം കൈമാറുന്നതിനായി തയാറാക്കുന്ന 'സഹമിത്ര' മൊബൈല്‍ ആപ്ലിക്കേഷനിലേക്ക് വീഡിയോ കണ്ടന്റുകള്‍ തയാറാക്കുന്നതിന് ഏജന്‍സികളില്‍നിന്ന് താല്‍പര്യപത്രം ക്ഷണിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍/ഏജന്‍സികള്‍, സര്‍ക്കാര്‍ എംപാനലില്‍ ഉള്‍പ്പെട്ട (പി ആര്‍ ഡി ഉള്‍പ്പെടെ) വീഡിയോ പ്രൊഡക്ഷന്‍ ഏജന്‍സികള്‍, കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ രജിസ്റ്റര്‍ ചെയ്ത സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവക്ക് അപേക്ഷിക്കാം. ആരോഗ്യ സുരക്ഷ, പുനരധിവാസം, വിദ്യാഭ്യാസം, സാമൂഹിക വികസനം, ബോധവത്കരണം എന്നീ മേഖലകളില്‍ ഡിജിറ്റല്‍ വീഡിയോ കണ്ടന്റുകള്‍ തയാറാക്കുന്നതില്‍ ചുരുങ്ങിയത് രണ്ടു വര്‍ഷത്തെ പരിചയം ഉണ്ടായിരിക്കണം. സ്‌ക്രിപ്റ്റ് തയാറാക്കല്‍, ഷൂട്ടിങ്, എഡിറ്റിങ്, ആനിമേഷന്‍ തുടങ്ങിയവക്കുള്ള സങ്കേതിക സംവിധാനങ്ങള്‍ ഉണ്ടാവണം. സര്‍ക്കാര്‍ വകുപ്പുകള്‍ക്കോ പൊതു സ്ഥാപനങ്ങള്‍ക്കോ വേണ്ടി പ്രവര്‍ത്തിച്ചവര്‍ക്കും ഭിന്നശേഷി മേഖലയിലും ആരോഗ്യ രംഗത്തെ ആശയ വിനിമയത്തിലും പരിചയമുള്ളവര്‍ക്കും മുന്‍ഗണന.
ഔദ്യോഗിക ലെറ്റര്‍ഹെഡിലുള്ള കവറിങ് ലെറ്റര്‍, സ്ഥാപനത്തിന്റെ വിശദാംശങ്ങള്‍, ടെക്‌നിക്കല്‍-ക്രിയേറ്റീവ് ടീമിന്റെ വിവരങ്ങള്‍, നേരത്തെ ചെയ്ത രണ്ടോ മൂന്നോ പ്രധാന വീഡിയോകളുടെ ലിങ്കുകള്‍, വിഷയവുമായി ബന്ധപ്പെട്ട ആശയങ്ങള്‍ ഉള്‍ക്കൊള്ളിച്ച ചെറുകുറിപ്പ്, പ്രതീക്ഷിക്കുന്ന പ്രതിഫലം, ബന്ധപ്പെടാനുള്ള വിവരങ്ങള്‍ എന്നിവ സഹിതമാകണം താല്‍പര്യപത്രം സമര്‍പ്പിക്കേണ്ടത്.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ്, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട് എന്ന വിലാസത്തിലോ dpmkzd.ksitm@kerala.gov.in എന്ന ഇമെയില്‍ വഴിയോ ജനുവരി 19ന് വൈകിട്ട് 5.30ന് മുമ്പ് താല്‍പര്യപത്രം സമര്‍പ്പിക്കണം. വിശദാംശങ്ങള്‍ https://kozhikode.nic.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.
- Log in to post comments