അറിയിപ്പുകൾ
തൊഴിൽ രജിസ്ട്രേഷൻ ക്യാമ്പ്
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനോടനുബന്ധിച്ച് പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ സ്വകാര്യ മേഖലയിലെ പ്രമുഖ സ്ഥാപനങ്ങളിൽ ജോലി ലഭിക്കുന്നതിനായുള്ള രജിസ്ട്രേഷൻ ക്യാമ്പ് ജനുവരി 17 ശനിയാഴ്ച രാവിലെ 11 ന് സംഘടിപ്പിക്കുന്നു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്തവർക്കും അല്ലാത്തവർക്കും 300 രൂപ രജിസ്ട്രേഷൻ ഫീസ് അടച്ച് ആജീവനാന്ത ഒറ്റത്തവണ രജിസ്ട്രേഷൻ ചെയ്യാവുന്നതാണ്.
രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് സോഫ്റ്റ് സ്കിൽ ട്രെയിനിംഗ്, കരിയർ കൗൺസിലിംഗ്, കമ്പ്യൂട്ടർ ട്രയിനിംഗ് എന്നിവ സൗജന്യമായി നൽകുന്നതാണ്. രജിസ്ട്രേഷന് ഹാജരാകുന്ന ഉദ്യോഗാർഥികൾക്ക് സാധുതയുള്ള ഇമെയിൽ ഐഡി യോ ഫോൺ നമ്പറോ ഉണ്ടായിരിക്കണം. രജിസ്ട്രേഷൻ ചെയ്യാൻ താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ആധാർ/ വോട്ടേഴ്സ് ഐ ഡി/ പാസ്പോർട്ട്/ പാൻ കാർഡ് എന്നിവയിൽ ഏതെങ്കിലും ഒരു ഐഡന്റിറ്റി കാർഡുമായി ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ എത്തിച്ചേരണം.
ഫോൺ -6282442046, 9446926836, 0484-2422452, 9446025780
അഭിമുഖം
എറണാകുളം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ഹൈ സ്കൂൾ ടീച്ചർ ഹിന്ദി ( ഡയറക്ട് റിക്രൂട്ട്മെൻറ്) ( കാറ്റഗറി നം. 81/2024) തിരഞ്ഞെടുപ്പിനായുള്ള ഇൻ്റർവ്യൂ ജനുവരി 28, 29, 30 തീയതികളിൽ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ എറണാകുളം ജില്ലാ ഓഫീസിൽ നടത്തുന്നതാണ്.
രാവിലെ 9.30ന് നിശ്ചയിച്ചിട്ടുള്ള അഭിമുഖത്തിന് മുന്നോടിയായുള്ള വെരിഫിക്കേഷന് അതത് ദിവസം രാവിലെ 07.30 നും, ഉച്ചയ്ക്ക് 12.00 ന് നിശ്ചയിച്ചിട്ടുള്ള അഭിമുഖത്തിന് മുന്നോടിയായുള്ള വെരിഫിക്കേഷന് അതത് ദിവസം രാവിലെ 9.30 നും നടക്കുന്നതാണ്. അസ്സൽ പ്രമാണങ്ങൾ, ഒ റ്റി വി സർട്ടിഫിക്കറ്റ്, അഡ്മിഷൻ ടിക്കറ്റ്, ബയോഡാറ്റ എന്നിവ സഹിതം ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട ഓഫീസിൽ നേരിട്ട് ഹാജരാകേണ്ടതാണ്.
താൽക്കാലിക നിയമനം
എറണാകുളം സർക്കാർ നേഴ്‌സിങ് കോളേജിലേക്ക് ബോണ്ടഡ് ലക്ച്ചറർമാരുടെ താൽക്കാലിക ഒഴിവിലേക്ക് ഇന്റർവ്യൂ നടത്തുന്നു. പ്രതിമാസ സ്റ്റൈപ്പൻഡ് 32,000 രൂപ. പത്ത് ഒഴിവുകളാണ് ഉള്ളത്. സർക്കാർ / അംഗീകൃത സ്വാശ്രയ കോളേജിൽ നിന്നും എം.എസ്.സി നേഴ്‌സിഗ്, കേരള നേഴ്സസ് & മിഡ് വൈഫ്സ് കൗൺസിൽ രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ ഒരു സെറ്റ് പകർപ്പ്, പ്രവൃർത്തി പരിചയം ഉണ്ടെങ്കിൽ അവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവയുമായി ജനുവരി 24 ന് രാവിലെ 11 ന് എറണാകുളം സർക്കാർ നേഴ്സിങ് കോളേജ് കാര്യാലയത്തിൽ നേരിട്ട് ഹാജരാകണം.
ഫോൺ: 0484 2411117
മഹാരാജാസ് കോളേജിൽ പുരാവസ്തു ദേശീയ സെമിനാർ സമാപിച്ചു
മഹാരാജാസ് കോളേജിന്റെ 150-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി പുരാവസ്തു - മെറ്റീരിയൽ കൾച്ചർ സ്റ്റഡീസ് വിഭാഗം സംഘടിപ്പിച്ച മൂന്ന് ദിവസത്തെ ദേശീയ സെമിനാർ സമാപിച്ചു. പുരാവസ്തു പഠനത്തിലും പൈതൃക സംരക്ഷണത്തിലും കേരളം പുലർത്തുന്ന ജാഗ്രത രാജ്യത്തിന് മാതൃകയാണെന്ന് സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തിയ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ജോയിന്റ് ഡയറക്ടർ ജനറൽ ഡോ. മധുലിക സാമന്ത അഭിപ്രായപ്പെട്ടു.
ജനുവരി 12 മുതൽ 14 വരെ നടന്ന സെമിനാറിൽ പുരാവസ്തു ഗവേഷണത്തിലെ പുതിയ കാഴ്ചപ്പാടുകളെക്കുറിച്ചും കൊച്ചിയുടെ പൈതൃകത്തെക്കുറിച്ചും ചർച്ചകൾ നടന്നു.
സെമിനാറിലെ വിവിധ സെഷനുകളിലായി പെരിയാർ വാലി ആർക്കിയോളജി പ്രോജക്റ്റിനെക്കുറിച്ച് ഡോ. ജെനി പീറ്ററും മുസിരിസ് പൈതൃക സംരക്ഷണത്തെക്കുറിച്ച് എ എസ് റീമ സംസാരിച്ചു. ഹാരപ്പൻ സംസ്കാരത്തിലെ പുതിയ കണ്ടെത്തലുകളെക്കുറിച്ച് ഡോ. എസ്.വി രാജേഷ് , ഡോ.ജി.എസ്
അഭയൻ എന്നിവർ വിശദീകരിച്ചു.
ദക്ഷിണേന്ത്യയിലെ ശിലായുഗ സംസ്കാരത്തെക്കുറിച്ച് ഡോ. വി. സെൽവകുമാറും മെഗാലിത്തിക് സ്മാരകങ്ങളിലെ ജ്യോതിശാസ്ത്ര സ്വാധീനത്തെക്കുറിച്ച് പ്രൊഫ.എം ശ്രീകുമാർ മേനോനും പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ആധുനിക ആർക്കിയോമെട്രിക് രീതികളെക്കുറിച്ച് ഡോ.വി.യു വിനോദും കൊച്ചിയുടെ ലോക പൈതൃക സാധ്യതകളെക്കുറിച്ച് ഡോ. ബി. വേണുഗോപാലും വിശദീകരിച്ചു. കൊച്ചിയുടെ ചരിത്രവും നഗര സംരക്ഷണവും ബി.ടി.ഇ. മേനോൻ വിശകലനം ചെയ്തപ്പോൾ കേരളത്തിലെ ക്ഷേത്ര വാസ്തുവിദ്യയെക്കുറിച്ച് മീര വിശ്വനാഥൻ സംസാരിച്ചു.
സെമിനാറിന്റെ ഭാഗമായി ജെർലി നടത്തിയ കൊച്ചിയുടെ ചരിത്രത്തെക്കുറിച്ചുള്ള പ്രഭാഷണവും ആർട്ടിസ്റ്റ് ദിനേഷ് ഷേണായി ഒരുക്കിയ 'എക്കോസ് ഇൻ സെപിയ'എന്ന ഫോട്ടോ പ്രദർശനവും ഏറെ ശ്രദ്ധിക്കപ്പെട്ടു. കേരളത്തിന്റെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന പൈതൃക സ്മാരകങ്ങളെ അടയാളപ്പെടുത്തുന്നതായിരുന്നു
പ്രദർശനം.
- Log in to post comments