Skip to main content

'മിന്നാര'ത്തിൽ മിന്നിത്തിളങ്ങി ആർദ്ര ബഡ്സ് സ്കൂൾ

*ജില്ലാതല ബഡ്സ് കലോത്സവം  സമാപിച്ചു 

കുട്ടികളുടെ വ്യത്യസ്തമായ കഴിവുകൾ തിരിച്ചറിഞ്ഞ് അവ വളർത്തുന്നതിനുള്ള പ്രോത്സാഹനം നൽകണമെന്ന് എച്ച് സലാം എംഎൽഎ പറഞ്ഞു. ബഡ്‌സ് സ്കൂളുകളിലെ കുട്ടികളുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കാനായി പുന്നപ്ര ഇഎംഎസ് കമ്മ്യൂണിറ്റി ഹാളിൽ  സംഘടിപ്പിച്ച ജില്ലാതല ബഡ്സ് കലോത്സവമായ 'മിന്നാരം' സമാപന സമ്മേളന ഉദ്ഘാടനവും വിജയികൾക്കുള്ള സമ്മാനദാനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ മാനസികവും ബൗദ്ധികവുമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ വിദ്യാഭ്യാസവും നൈപുണ്യ പരിശീലനവും പരിപാലനവും ലക്ഷ്യമാക്കിയാണ് ബഡ്‌സ് സ്കൂളുകളിലെ കുട്ടികളുടെ ജില്ലാതല കലോത്സവം സംഘടിപ്പിച്ചത്. ജനുവരി 13, 14  തീയതികളിലായി നടന്ന മത്സരങ്ങളിൽ 60 പോയിന്റ് കരസ്ഥമാക്കി ചേർത്തല നഗരസഭയിലെ ആർദ്ര ബഡ്‌സ് സ്കൂൾ കിരീടം ചൂടി. 29 പോയിന്റുമായി മാരാരിക്കുളം തെക്കിലെ സ്നേഹതീരം ബഡ്‌സ് സ്കൂൾ ഫസ്റ്റ് റണ്ണറപ്പായി. 24 പോയിന്റുകളുമായി മാരാരിക്കുളം തെക്കിലെ ബഡ്‌സ് സ്പെഷ്യൽ സ്കൂൾ സെക്കൻഡ് റണ്ണറപ്പായി. സീനിയർ ആൺകുട്ടികളിൽ തണ്ണീർമുക്കം ബഡ്സ് സ്കൂളിലെ രാജീവ് ആർ നായർ, സീനിയർ പെൺകുട്ടികളിൽ സ്നേഹതീരം ബഡ്‌സ് സ്കൂളിലെ സോനാ ജോസഫ് തുടങ്ങിയവർ ബെസ്റ്റ് പെർഫോമർമാരായി തിരഞ്ഞെടുക്കപ്പെട്ടു. ജൂനിയർ ആൺകുട്ടികളിൽ ആർദ്ര സ്കൂളിലെ ജോയൽ പൗലോസും പെൺകുട്ടികളിൽ ആർദ്ര ബഡ്‌സ് സ്കൂളിലെ എസ് ജെ ഹരിതയും ബെസ്റ്റ് പെർഫോമർമാരായി തിരഞ്ഞെടുക്കപ്പെട്ടു.

ചടങ്ങിൽ കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ എസ് രഞ്ജിത്ത്  അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷൻ അഡ്വ. ആർ രാഹുൽ, അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സീന ടീച്ചർ, കുടുംബശ്രീ ജില്ലാ മിഷൻ അസിസ്റ്റന്റ് കോഓർഡിനേറ്റർ അനന്ത രാജൻ, പുന്നപ്ര നോർത്ത് സിഡിഎസ് ചെയർപേഴ്സൺ എസ് ഇന്ദുലേഖ, കുടുംബശ്രീ ജില്ലാ മിഷൻ പ്രോഗ്രാം മാനേജർ മോൾജി ഖാലിദ്, അധ്യാപകർ, വിദ്യാർഥികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. സംസ്ഥാന ബഡ്‌സ് ഒളിമ്പ്യയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കൂട്ടികൾക്ക് എൽഐസി ഡവലപ്പമെന്റ് ഓഫീസർ എസ് ഗോകുൽ ജേഴ്സി വിതരണം ചെയ്തു.

date