ഉന്നതികളിൽ നിന്ന് കുട്ടികളെ ഉന്നതങ്ങളിലെത്തിക്കാൻ കുടുംബശ്രീ
ഉന്നതികളിൽ നിന്ന് കുട്ടികളെ ഉന്നതങ്ങളിലെത്തിക്കാൻ കുടുംബശ്രീ
' ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാൻ ഏറെ പ്രയാസപ്പെട്ടിരുന്ന എന്റെ മോൻ കമ്മ്യൂണികോറിന്റെ ഭാഗമായതോടെ ഇപ്പോ അവന്റെ അഭിപ്രായങ്ങൾ എവിടെ വേണമെങ്കിലും ഇംഗ്ലീഷിൽ അവതരിപ്പിക്കും. ഒരു പേടിയുമില്ലാതെ' കുമ്പള ഹയർസെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിയായ ഷാഹുൽ ആൽവേസിന്റെ അമ്മ ഷെറിൻ ആൽവേസിന്റെ വാക്കുകളാണിത്.
' സ്റ്റേജിൽ കയറാനും ആളുകളുടെ മുന്നിൽ നിൽക്കാനും മോൾക്ക് വല്യ മടിയായിരുന്നു. ഇപ്പോ പാട്ടായാലും ഡാൻസ് ആയാലും സ്റ്റേജിൽ അവതരിപ്പിക്കാൻ വല്ലാത്ത കോൺഫിഡൻസ് ആണ്. കമ്മ്യൂണികോർ പരിശീലന ക്യാമ്പ് നൽകിയ ധൈര്യമാണത്. അവളുടെ ഇംഗ്ലീഷ് വൊകാബുലറി ഒരുപാട് മെച്ചപ്പെടുകയും ചെയ്തു.' മഞ്ചേശ്വരം ഗവണ്മെന്റ് സ്കൂളിൽ അഞ്ചാംതരത്തിൽ പഠിക്കുന്ന അൻഷിക ജ്വവലിന്റെ അമ്മ മിഷേൽ പറയുന്നതിങ്ങനെ.
ഇത് കേവലം ഷാഹുലിന്റെയും അൻഷികയുടെയും മാത്രം കഥയല്ല, കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ കൊറഗ പ്രത്യേക പദ്ധതിയിലെ കുട്ടികൾക്ക് നടപ്പാക്കുന്ന കമ്മ്യൂണിക്കോർ പരിശീലന പരിപാടിയിലൂടെ ജീവിതം മാറിയ അമ്പതോളം വിദ്യാർത്ഥികളുടെ കൂടി കഥയാണിത്. ഭാഷാ പഠനത്തിൻ്റെ അതിർവരമ്പുകൾ ഭേദിച്ച് ഗോത്ര വിഭാഗത്തിനും ഇംഗ്ലീഷ് ഭാഷ പ്രാപ്യമാക്കാനാണ് കമ്മ്യൂണിക്കോർ ക്യാമ്പുകൾ ലക്ഷ്യമിടുന്നത്. കുടുംബശ്രീ സംസ്ഥാന മിഷൻ്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട ഗോത്രവിഭാഗത്തിലെ കുട്ടികളുടെ ഭാഷാ വൈദഗ്ധ്യം മെച്ചപ്പെടുത്തുന്നതിനായി 10 ജില്ലയിലാണ് പ്രത്യേക സിലബസ് അനുസരിച്ച് പദ്ധതി നടപ്പാക്കുന്നത്.
പരീശീലന പരിപാടിക്ക് സംസ്ഥാന മിഷൻ ചുമതലപ്പെടുത്തിയ റിസോർസ് പേഴ്സൺമാർ മേൽനോട്ടം വഹിക്കുന്നു. അഭിമുഖം, അഭിസംബോധന, പ്രസംഗം, കഥ പറച്ചിൽ, അനുഭവങ്ങൾ പങ്കുവെക്കൽ, ദൃക്സാക്ഷി വിവരണം തുടങ്ങി ഇംഗ്ലീഷ് ഭാഷയെ അനായാസം കൈകാര്യം ചെയ്യുന്നതിന് വേണ്ട രീതിയിൽ തന്നെയാണ് പാഠ്യപദ്ധതി ക്രമീകരിച്ചിരിക്കുന്നത്. ജില്ലയിൽ പരിപാടിയുടെ ഭാഗമായി പ്രതിമാസ സഹവാസ പരിശീലനത്തിൽ മേഖലയിൽ നിന്നും മുടങ്ങാതെ 50 കുട്ടികൾ പങ്കെടുക്കുന്നുണ്ട്.
വേനലവധിക്ക് നാടകം, പ്രസംഗം, അവതരണം, എന്നിവയിൽ ചിട്ടയായ പരിശീലനം നൽകി കുട്ടികളെ അന്താരാഷ്ട്ര വേദിയിൽ മികവോടെ എത്തിക്കാനും പരിപാടി ലക്ഷ്യമിടുന്നുണ്ട്. ഇതിന്റെ ഭാഗമായി മെയ് മാസത്തിൽ ട്രൈബൽ കുട്ടികളുടെ അന്താരാഷ്ട്ര ഭാഷാ സംഗമം സംഘടിപ്പിക്കാനൊരുങ്ങുകയാണ് കുടുംബശ്രീ അധികൃതർ. 'കമ്മ്യൂണികോർ' പരിശീലന പരിപാടിക്ക് പുറമേ ബ്രിഡ്ജ് കോഴ്സ് പഠന കേന്ദ്രങ്ങളും 'ജോറ് മലയാളം' സെന്ററുകളും ഉന്നതിയിലെ കുട്ടികളുടെ ഉന്നമനത്തിനായി കുടുംബശ്രീ ആരംഭിച്ച മറ്റ് പരിപാടികളാണ്.
ബ്രിഡ്ജ് കോഴ്സ് പഠന കേന്ദ്രങ്ങൾ
പാഠ്യ പദ്ധതിയുമായി പൊരുത്തപ്പെട്ട് പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനായി ഉന്നതികൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ട്യൂഷൻ സെന്ററുകളാണ് ബ്രിഡ്ജ് കോഴ്സ് സെൻ്ററുകൾ. ജില്ലയിലെ ഗോത്രവർഗ മേഖലയിലാകെ 27 സെൻ്ററുകൾ പ്രവർത്തിക്കുന്നു. സായാഹ്ന പാഠശാലകളായി ദിവസേന 2 മണിക്കൂർ വീതം ഹയർസെക്കണ്ടറി വരെയുള്ള കുട്ടികൾ കേന്ദ്രങ്ങളിൽ എത്തുന്നു. 972 ഓളം കുട്ടികളാണ് ഇതിനെ ആശ്രയിക്കുന്നത്. ഉന്നതികളിൽ അഭ്യസ്ത വിദ്യരായിട്ടുളളവരെ പ്രത്യേക അഭിമുഖത്തിൻ്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുത്താണ് ക്ലാസ് കൈകാര്യം ചെയ്യുന്നതിനായി നിയമിക്കുന്നത്. സി.ഡി.എസുകളുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന സെൻ്ററുകളിൽ ദിവസേന റീഫ്രഷ്മെൻ്റ്, അധ്യാപകർക്ക് 5000 രൂപ പ്രതിമാസ ഹോണറേറിയം കൂടി നൽകുന്നു. പദ്ധതിയെ കൂടുതൽ ഹൈടെക് ആക്കി സാങ്കേതിക വിദ്യയോടെ കുട്ടികളുടെ നൈപുണി വളർത്തുക കൂടിയാണ് ലക്ഷ്യം. കൊറഗ മേഖലയിൽ മഞ്ചേശ്വരം,കുമ്പള, മീഞ്ച, വോർക്കാടി, മധൂർ, ബദിയടുക്ക എന്നിവിടങ്ങളിലായി 6 കേന്ദ്രങ്ങളിലായി 138 കുട്ടികൾക്ക് പരിശീലനം നൽകുന്നു.
ജോറ് മലയാളം സെൻ്ററുകൾ
മഞ്ചേശ്വരം, കാസർകോട് കന്നട മേഖലയിൽ അധിവസിക്കുന്ന കൊറഗ വിഭാഗത്തിൻ്റെ പ്രാഥമിക ഭാഷയാണ് തുളു. കന്നടയും കൈകാര്യം ചെയ്യുമെങ്കിലും തുളുവിനോടുളള അഭേദ്യമായ ബന്ധം അവരുടെ സംസ്കാരത്തിലും ഇഴുകി ചേർന്നിട്ടുണ്ട്. മലയാളത്തെ മാറി നിന്ന് സ്നേഹിക്കാൻ പോലുമറിയാത്ത ഒരുപറ്റം ആളുകൾക്ക് ഔദ്യോഗിക സംവിധാനങ്ങളുടെ അപേക്ഷകൾ, ഓർഡറുകൾ എന്നിവ വായിക്കാനും, പൂരിപ്പിക്കാനും വിവര വിനിമയംവരെ സാധ്യമാകാത്ത ദുരവസ്ഥ യെ മറികടക്കുകയെന്ന ലക്ഷ്യത്തോടെയാണ് 2023 ൽ ജില്ലാ മിഷൻ ജോറ് മലയാളം പദ്ധതിക്ക് തുടക്കം കുറിച്ചത്. കൊറഗ മേഖലയിലെ ഉന്നതികൾ കേന്ദ്രീകരിച്ച് 5 ഇടങ്ങളിൽ പ്രായഭേദമന്യേ മാതൃഭാഷാ പഠന കേന്ദ്രങ്ങൾ പ്രവർത്തിച്ചു വരുന്നു. പ്രാഥമിക അക്ഷരപഠനം, കുഞ്ഞു കവിതകൾ, കഥകൾ, വാക്യങ്ങൾ തുടങ്ങി വിവിധ ഘട്ടങ്ങളിലായി പഠനം ക്രമീകരിച്ചിരിക്കുന്നു. മലയാളം അധ്യാപകർ,റീഫ്രഷ്മെൻ്റ് എന്നിവ ക്രമീകരിച്ച് പ്രതിമാസ 4 ക്ലാസുകൾക്ക് 3000 രൂപ ഹോണറേറിയമാണ് നൽകുന്നത്. വിശേഷ ദിനങ്ങൾ, മാതൃഭാഷയുമായി ബന്ധപ്പെട്ട സവിശേഷ പരിപാടികൾ എന്നിവ സംഘടിപ്പിക്കുന്നുണ്ട്.98 കുട്ടികൾ ആശ്രയിക്കുന്ന പദ്ധതിക്ക് തനത് പാഠ്യ പദ്ധതി ഒരുക്കി അംഗീകാരം നൽകുന്നതിനുള്ള മുന്നൊരുക്കത്തിലാണ് ജില്ലാ കുടുംബശ്രീ മിഷൻ.
- Log in to post comments