Skip to main content

അറിയിപ്പുകൾ

നാളികേര വികസന ബോർഡ് ദേശീയ പുരസ്കാരം: അപേക്ഷാ തീയതി നീട്ടി

നാളികേര വികസന ബോർഡിന്റെ 
ദേശീയ പുരസ്കാരങ്ങൾക്കായി എൻട്രികൾ സമർപ്പിക്കാനുള്ള അവസാന തീയതി ജനുവരി 25 വരെ നീട്ടി. നാളികേര കൃഷിയിലും വ്യവസായ മേഖലയിലും മികച്ച സംഭാവനകൾ നൽകുന്നവർക്ക് ദേശീയതലത്തിൽ അംഗീകാരം നൽകുന്നതിനാണ് പുരസ്കാരങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. മികച്ച ദേശീയ കർഷകർ (പരമ്പരാഗത-പരമ്പരാഗതമല്ലാത്ത സംസ്ഥാനങ്ങൾ), മികച്ച നാളികേര സംസ്കരണ യൂണിറ്റ്, മികച്ച എക്സ്റ്റൻഷൻ പേഴ്സണൽ, മികച്ച തെങ്ങ് കയറ്റ തൊഴിലാളി, സ്ത്രീകൾ നിയന്ത്രിക്കുന്ന മികച്ച നാളികേര സംസ്കരണ യൂണിറ്റ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായാണ് അവാർഡുകൾ നൽകുന്നത്.അർഹരായവർക്ക് ഓൺലൈൻ വഴി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് www.coconutboard.gov.in ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ നിയമനം: അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പിന് കീഴിൽ ആലപ്പുഴയിൽ പ്രവർത്തിക്കുന്ന ഗവ. പ്രീ-എക്സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ എം.ആർ.ടി, സി.ജി.പി എന്നീ കോഴ്സുകളുടെ പരിശീലനം നടത്തുന്നതിനായി കമ്പ്യൂട്ടർ ഇൻസ്ട്രക്ടറെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. അപേക്ഷകർ ബിരുദവും ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവ്വകലാശാലയിൽ 
നിന്നുള്ള ഡിപ്ലോമയും, പി.ജി.ഡി.സി.എ-യും ഉള്ളവരായിരിക്കണം.എം.എസ് ഓഫീസ്, ഡി.ടി.പി, ടാലി എസ്.ടി എന്നിവയിൽ പ്രാവീണ്യമുള്ളവർക്ക് മുൻഗണന ലഭിക്കും. കമ്പ്യൂട്ടർ കോഴ്സ് അംഗീകൃത സർട്ടിഫിക്കറ്റുകൾ ഉള്ളവർക്കായിരിക്കണം.

താൽപ്പര്യമുള്ളവർ ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത, ജാതി, മുൻപരിചയം എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ജനുവരി 31 ന് അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.

മഹാരാജാസ് കോളേജിൽ ദ്വിദിന രാജ്യാന്തരസമ്മേളനം നടന്നു

മഹാരാജാസ് കോളേജിൻ്റെ 150-ാം വാർഷികത്തിന്റെയും ഫിസിക്സ് ബിരുദ കോഴ്സുകളുടെ 100-ാം വാർഷികത്തിൻ്റെയും ഭാഗമായി ദ്വിദിന രാജ്യാന്തരസമ്മേളനം നടന്നു. ശാന്തി സ്വരൂപ് ഭട്നാഗർ അവാർഡ് ജേതാവും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ റിട്ടയർഡ് പ്രൊഫസറുമായ കെ എൽ സെബാസ്റ്റ്യൻ പരിപാടി ഉദ്ഘാടനം ചെയ്തു. 

പരിപാടിയിൽ ഗവേഷക വിദ്യാർഥികളുടെ പ്രബന്ധ വിതരണവും മികച്ച പ്രബന്ധത്തിനുള്ള സമ്മാനദാനവും നടന്നു.

പ്രൊ. കാർലോസ് ലൂണ ക്രിയാ  (മെക്സിക്കോ), പ്രൊ. സുധാകർ കുമാരസാമി (മലേഷ്യ),പ്രൊ. ആൽഡ്രിൻ ആൻറണി (കുസാറ്റ്), പ്രൊ. എസ് ആശ (കുസാറ്റ്), പ്രൊ. കെ ജെ സജി (കുസാറ്റ്), ഡോ. എം.  ഗോപീകൃഷ്ണ (ഗവ. വിക്ടോറിയ കോളേജ്, പാലക്കാട്), ഡോ. കെ പ്രമോദ് (മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി), ഡോ. എസ് അനുഷ( ഐസർ, തിരുവനന്തപുരം) എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

date