Skip to main content
sarada

ജെ.സി ഡാനിയേൽ അവാർഡ് ശാരദയ്ക്ക്

മലയാള ചലച്ചിത്രരംഗത്തെ ആയുഷ്‌കാല സംഭാവനയ്ക്കുള്ള 2024ലെ ജെ.സി ഡാനിയേൽ പുരസ്‌കാരത്തിന് നടി ശാരദയെ തെരഞ്ഞെടുത്തതായി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. സംസ്ഥാന സർക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമാണ് അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപ്പവും അടങ്ങുന്ന ജെ. സി. ഡാനിയേൽ അവാർഡ്.  പുരസ്‌കാരം ജനുവരി 25ന് തിരുവനന്തപുരം നിശാഗന്ധിയിൽ നടക്കുന്ന കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് സമർപ്പണച്ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കും.

2017ലെ ജെ. സി. ഡാനിയേൽ അവാർഡ് ജേതാവ് ശ്രീകുമാരൻ തമ്പി ചെയർപേഴ്സണും നടി ഉർവശിസംവിധായകൻ ബാലു കിരിയത്ത് എന്നിവർ അംഗങ്ങളും ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് മെമ്പർ സെക്രട്ടറിയുമായ സമിതിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്.  കേരള സർക്കാരിന്റെ പരമോന്നത ചലച്ചിത്രബഹുമതി ലഭിക്കുന്ന 32ാമത്തെ ചലച്ചിത്രപ്രതിഭയാണ് 80കാരിയായ ശാരദ.

അഭിനേത്രിയെന്ന നിലയിൽ അസാധാരണ പ്രതിഭ തെളിയിച്ച ശാരദ രണ്ടു തവണ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം മലയാള സിനിമയ്ക്ക് നേടിത്തന്നുവെന്ന് ജൂറി അഭിപ്രായപ്പെട്ടു. അറുപതുകൾ മുതലുള്ള രണ്ടു പതിറ്റാണ്ടുകളിലെ മലയാളിസ്ത്രീയെ തിരശ്ശീലയിൽ അനശ്വരയാക്കാൻ ശാരദയ്ക്ക് കഴിഞ്ഞു. ആ കാലഘട്ടത്തിലെ മലയാളിസ്ത്രീയുടെ സഹനങ്ങളെയും ദുരിതങ്ങളെയും നിയന്ത്രിതമായ ഭാവപ്പകർച്ചകളോടെ അവതരിപ്പിച്ച ശാരദയ്ക്ക് 1968 ൽ 'തുലാഭാരംഎന്ന സിനിമയിലൂടെയാണ് ആദ്യ ദേശീയ പുരസ്‌കാരം ലഭിച്ചത്. തുടർന്ന് 1972 ൽ അടൂർ ഗോപാലകൃഷ്ണന്റെ 'സ്വയംവരംഎന്ന ചിത്രത്തിലൂടെയും 1977 ൽ തെലുങ്ക് ചിത്രമായ 'നിമജ്ജന'ത്തിലൂടെയും അവർ ദേശീയ അംഗീകാരം നേടി. ത്രിവേണിമുറപ്പെണ്ണ്മൂലധനംഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം തുടങ്ങിയ ചിത്രങ്ങളിൽ മലയാളിക്ക് ഒരിക്കലും മറക്കാനാവാത്ത നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച ശാരദകേരള സർക്കാരിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിക്ക് എന്തുകൊണ്ടും അർഹയാണെന്ന് ജൂറി വിലയിരുത്തി.

1945 ജൂൺ 25ന് ആന്ധ്രപ്രദേശിലെ തെനാലി ഗ്രാമത്തിൽ വെങ്കിടേശ്വര റാവുവിന്റെയും സത്യവാണി ദേവിയുടെയും മകളായി ജനിച്ച സരസ്വതീദേവി 'ഇരുമിത്രലുഎന്ന ആദ്യ തെലുങ്കു ചിത്രത്തിൽ അഭിനയിക്കുമ്പോഴാണ് ശാരദ എന്ന പേര് സ്വീകരിച്ചത്. മുട്ടത്തു വർക്കി രചിച്ച് കുഞ്ചാക്കോ സംവിധാനം ചെയ്ത 'ഇണപ്രാവുകൾഎന്ന ചിത്രത്തിലൂടെ 1965ൽ മലയാള സിനിമയിൽ അരങ്ങേറി. തുടർന്ന്എം.ടിയുടെ തിരക്കഥയിൽ വിൻസെന്റ് സംവിധാനം ചെയ്ത 'മുറപ്പെണ്ണ്', എം.ടിയുടെ തന്നെ തിരക്കഥയിൽ പി. ഭാസ്‌കരൻ സംവിധാനം ചെയ്ത 'ഇരുട്ടിന്റെ ആത്മാവ്'എന്നീ ചിത്രങ്ങളിലൂടെ ശാരദ മലയാളത്തിന്റെ പ്രിയങ്കരിയായി. ഉദ്യോഗസ്ഥയക്ഷിഅടിമകൾഅസുരവിത്ത്കൂട്ടുകുടുംബംനദിഏണിപ്പടികൾഎലിപ്പത്തായംരാപ്പകൽ തുടങ്ങി 125 ഓളം മലയാള സിനിമകളിൽ വേഷമിട്ടിട്ടുണ്ട്.  ഐ.എഫ്.എഫ്.കെയിൽ റെട്രോസ്പെക്ടീവ് വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാള സിനിമാനടി ശാരദയായിരുന്നു. 2019ൽ നടന്ന 24ാമത്  രാജ്യാന്തര ചലച്ചിത്രമേളയിലാണ് ശാരദയുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചത്.

പി.എൻ.എക്സ്. 225/2026

date