ഭവന പദ്ധതികൾക്കും അതിദാരിദ്ര്യമുക്ത തുടർ പ്രവർത്തനങ്ങൾക്കും മുൻഗണന: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
ഭവന പദ്ധതികൾക്കും അതിദാരിദ്ര്യമുക്ത തുടർ പ്രവർത്തനങ്ങൾക്കും വാർഷിക പദ്ധതിയിൽ മുൻഗണന നൽകണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി പ്രിയദർശിനി.
പട്ടികജാതി പട്ടിക വർഗ്ഗ വികസനം, പാലിയേറ്റീവ് കെയർ, അനിമൽ ബെർത്ത് കൺട്രോൾ പ്രോഗ്രാം, തെരുവ് വിളക്കുകൾ, ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്നവർക്കുള്ള സ്‌കോളർഷിപ്പ്, ശ്രുതിതരംഗം, ഹാപ്പിനസ് പാർക്ക്, കായികരംഗം, ഡിജി കേരള, ശുചിത്വ പദ്ധതികൾ, കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച പദ്ധതികൾ, തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, പ്രാദേശിക സാമ്പത്തിക വികസനം തുടങ്ങിയവയ്ക്ക് വാർഷിക പദ്ധതിയിൽ പ്രത്യേക പരിഗണന നൽകണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാരെ പങ്കെടുപ്പിച്ചുകൊണ്ട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച ജില്ലാ ആസൂത്രണ സമിതിയുടെ അഡ്‌ഹോക്ക് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അവർ.
തദ്ദേശ സ്ഥാപനങ്ങളിൽ 2026-2027 വർഷത്തെ വാർഷിക പദ്ധതി തയ്യാറാക്കുന്നതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങളും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് യോഗത്തിൽ അവതരിപ്പിച്ചു.
ആസൂത്രണ സമിതി ജില്ലാ സെക്രട്ടറിയും ജില്ലാ കളക്ടറുമായ അനു കുമാരി യോഗത്തിൽ സന്നിഹിതയായിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടപ്പ് സാമ്പത്തിക വർഷത്തെ ഡെവലപ്പ്‌മെന്റ് ഫണ്ടിന്റെയും മെയിന്റനൻസ് ഫണ്ടിന്റെയും വിനിയോഗ വിവര കണക്കുകൾ യോഗത്തിൽ അവതരിപ്പിച്ചു.
വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാർ,ജില്ലാ പ്ലാനിംഗ് ഓഫീസർ ഡോ പ്രവീൺ പി, ജില്ലാ നിർവ്വഹണ ഉദ്യോഗസ്ഥന്മാർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments