ജനജീവിതത്തിന്റെ സമസ്ത മേഖലകളിലും കുടുംബശ്രീ പുത്തനുണര്‍വ് പകര്‍ന്നു: മന്ത്രി വി.എന്‍. വാസവന്‍
കേരളത്തിലെ സാമൂഹ്യ, സാമ്പത്തിക, സാംസ്‌കാരിക മേഖലകളില്‍ പുത്തനുണര്‍വ് പകരാന്‍ കുടുംബശ്രീക്ക് കഴിഞ്ഞുവെന്ന് ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍. വാഗമണില്‍ ആരംഭിച്ച കുടുംബശ്രീ പ്രീമിയം കഫെയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ 27 വര്‍ഷമായി കുടുംബശ്രീ നടത്തുന്ന പ്രവര്‍ത്തനം ശ്രദ്ധേയമാണ്. നാടിന്റെ വളര്‍ച്ചയില്‍ കുടുംബശ്രീ വലിയ പങ്കാണ് വഹിക്കുന്നത്. ഏറ്റവുമൊടുവില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ക്ഷേമനിധി പദ്ധതിയിലടക്കം കുടുംബശ്രീയെ പിന്തുണയ്ക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.
കേരളത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ വാഗമണില്‍ നിരവധി സ്വദേശികളും വിദേശികളുമായ നിരവധി സഞ്ചാരികളാണ് എത്തുന്നത്. ഇവര്‍ക്ക് രുചികരമായ ഭക്ഷണം മിതമായ വിലയില്‍ ലഭ്യമാക്കാന്‍ പ്രീമിയം കഫെയിലൂടെ കഴിയും. 14 ജില്ലകളിലും ഇത്തരം പ്രീമിയം കഫെകള്‍ ആരംഭിച്ചിട്ടുണ്ട്. ഏറ്റവും അവസാനത്തേതാണ് ഇടുക്കി ജില്ലയില്‍ ആരംഭിച്ചത്. നിലവില്‍ കേരളത്തിലാകെ 15 പ്രീമിയം കഫെകളാണുള്ളത്.
വനിതകളുടെ കൂട്ടായ്മയിലൂടെയുള്ള ഇത്തരം സംരംഭങ്ങള്‍ നിരവധി പേര്‍ക്ക് തൊഴിലവസരം നല്‍കും. 46 ലക്ഷത്തിലധികം അംഗങ്ങളാണുള്ളത്. ദാരിദ്ര്യലഘൂകരണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന കുടുംബശ്രീ പ്രവര്‍ത്തനം സ്ത്രീകള്‍ക്ക് സാമ്പത്തിക സാംസ്‌കാരിക സാമൂഹിക ഉണര്‍വ് പകരാനും കഴിഞ്ഞിട്ടുണ്ട്. കുടുംബശ്രീ സംഘടിപ്പിക്കുന്ന കലോത്സവം മികച്ച നിലവാരം പുലര്‍ത്തുന്നതാണ്.
കുടുംബശ്രീ സംഘടിപ്പിക്കുന്ന ദേശീയ അടിസ്ഥാനത്തിലുള്ള സരസ് മേളയില്‍ കോടിക്കണക്കിന് രൂപയുടെ ബിസിനസ് നടക്കുകയും മികച്ച വരുമാനം ലഭ്യമാക്കുകയും ചെയ്യുന്നുവെന്നും മന്ത്രി പറഞ്ഞു.
വാഗമണ്‍ വാര്‍ഡ് മെമ്പര്‍ മായ സജി അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ മണികണ്ഠന്‍. എ, ജില്ലാ മിഷന്‍ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ ഷിബു. ജി, ഡി റ്റി പി സി സെക്രട്ടറി ജിതീഷ് ജോസ്, സംസ്ഥാന മിഷന്‍ അസിസ്റ്റന്റ് പ്രോഗ്രാം മാനേജര്‍ ഹര്‍ഷ നാരായണന്‍, ജില്ലാ മിഷന്‍ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ ശിവന്‍. സി, ഏലപ്പാറ കുടുംബശ്രീ സി. ഡി. എസ് ചെയര്‍പേഴ്‌സണ്‍ മിനി സുരേന്ദ്രന്‍, അയ്യപ്പന്‍കോവില്‍ കുടുംബശ്രീ സി. ഡി. എസ് ചെയര്‍പേഴ്‌സണ്‍ രജിത ഷാജന്‍, വിവിധ രാഷ്ട്രീയ കക്ഷിപ്രതിനിധികളായ പി. എസ് രാജന്‍, സി. വി വര്‍ഗീസ്, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ അരുണ്‍ വി എ, തുടങ്ങിയവര്‍ പങ്കെടുത്തു.
caption- വാഗമണില്‍ ആരംഭിച്ച കുടുംബശ്രീ പ്രീമിയം കഫെ മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യുന്നു.
https://www.transfernow.net/dl/2026011620kFO9JB - വാഗമണില്‍ ആരംഭിച്ച കുടുംബശ്രീ പ്രീമിയം കഫെ മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യുന്നു. - വീഡിയോ ലിങ്ക്
- Log in to post comments