Skip to main content

കെ-ഇനം മൂല്യവർധിത ഉൽപന്നങ്ങൾ ആഗോള വിപണിയിൽ കോർപ്പറേറ്റ് ഉൽപന്നങ്ങൾക്ക് ബദലാകും  - മന്ത്രി എം. ബി രാജേഷ്

30 പുതിയ ഉൽപന്നങ്ങൾ വിപണിയിലേക്ക് എത്തിച്ച് കുടുംബശ്രീ

കുടുംബശ്രീ  "കെ-ഇനം' മൂല്യവർധിത ഉൽപന്നങ്ങൾ ആഗോള വിപണിയിൽ കോർപ്പറേറ്റ് ഉൽപന്നങ്ങൾക്ക് ബദലാകുമെന്ന്  തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെന്റ്റി കാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. നെടുമ്പാശ്ശേരി ഫ്ലോറ കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ കുടുംബശ്രീയുടെ "കെ-ഇനം' എന്ന പുതിയ ബ്രാൻഡിൽ തയ്യാറാക്കിയ 30 കാർഷിക മൂല്യവർധിത ഭക്ഷ്യവിഭവങ്ങളുടെ ലോഞ്ചിങ്ങ്  നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതിയ കാലത്തിന്റെ വെല്ലുവിളികൾ ഏറ്റെടുക്കാൻ കുടുംബശ്രീയെ പ്രാപ്തമാക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. "കെ-ഇനം' ബ്രാൻഡഡ് ഉൽപന്നങ്ങൾ വിപണിയിലെത്തിക്കുന്നതു വഴി  പുതിയ ചരിത്രം രചിക്കുകയാണ് കുടുംബശ്രീ. കഴിഞ്ഞ ജൂണിൽ ആരംഭിച്ച കുടുംബശ്രീ ടെക്നോളജി അഡ്വാൻസ്മെന്റ് പ്രോഗ്രാം(കെ-ടാപ്) വഴി ഒരു വർഷം പൂർത്തിയാകും മുമ്പ് മുപ്പത് വൈവിധ്യമാർന്ന ഉൽപന്നങ്ങൾ ആഗോള വിപണിയിലെത്തിക്കാൻ കഴിഞ്ഞത് വലിയ നേട്ടമാണ് . പ്രമുഖ കാര്‍ഷിക, വ്യാവസായിക, സാങ്കേതിക ഗവേഷണ സ്ഥാപനങ്ങളായ സി.എസ്.ഐ.ആര്‍, ഐ.സി.എ.ആര്‍, എന്‍.ഐ.എഫ്.ടി.ഇ.എം, കാര്‍ഷിക സര്‍വകലാശാലകള്‍ എന്നിവിടങ്ങളില്‍ നിന്നും നേടിയ  ഭക്ഷ്യസാങ്കേതിക വിദ്യകളിൽ കെ-ടാപ് പദ്ധതി വഴി സംരംഭകർക്ക് പരിശീലനം നൽകിയാണ് 
കെ-ഇനം ബ്രാന്‍ഡഡ് ഉൽപന്നങ്ങൾ വിപണിയിലേക്ക് എത്തിച്ചിരിക്കുന്നത്. കുടുംബശ്രീയുടെ ഓൺലൈൻ വിപണന മാർഗങ്ങൾ ഉൾപ്പെടെ സാധ്യമായ എല്ലാ വിപണിയും കണ്ടെത്തുമെന്നും മന്ത്രി പറഞ്ഞു.

പ്രാദേശിക വിപണന സാധ്യതകളുമായി തുടങ്ങിയ കുടുംബശ്രീ ഇന്ന് ആഗോള വിപണിയിലേക്ക് പ്രവേശിക്കുകയാണ്. ഇതൊരു വലിയ മാറ്റമാണ് കൃഷിയിടങ്ങളിൽ നിന്നും  കാർഷികവിളകൾ  നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ  മൂല്യവർധിത വസ്തുക്കൾ ആകുമ്പോൾ ഗുണമേന്മയുള്ള ആരോഗ്യപ്രദമായ ഉൽപ്പന്നങ്ങൾ വിപണിയിലേക്ക് എത്തുകയാണ്. പഴം പച്ചക്കറികൾ തുടങ്ങിയവ മൂല്യ വർദ്ധിത വസ്തുക്കൾ ആക്കാൻ കഴിയുമോ എന്ന ചോദ്യത്തിന് ഉത്തരം കൂടി മുന്നോട്ടു വയ്ക്കുകയാണ് കുടുംബശ്രീ. കപ്പ, വാഴപഴം, ചേമ്പ് എന്നിവ കൊണ്ടുള്ള ചിപ്സുകളും , ന്യൂട്രിമിക്സ് പൗഡറുകളും മുരിങ്ങയില ഉപയോഗിച്ചുകൊണ്ടുള്ള ഉൽപന്നങ്ങളും വിപണിയിലേക്ക് എത്തിക്കുകയാണ്.  കുടുംബശ്രീ കാർഷിക സംഘങ്ങൾക്കും  , ഉൽപാദന യൂണിറ്റുകൾക്കും, സംരംഭകർക്കും കൃത്യമായ പരിശീലനം നൽകിയാണ് കെ ഇനം എന്ന പ്രീമിയം ബ്രാൻഡ് വിപണിയിലേക്ക് എത്തിച്ചിരിക്കുന്നത്. 

  കെ-ടാപിന്റെ അടുത്തഘട്ടത്തിനും, യുക്തി സ്റ്റാർട്ടപ്പിനും  ഇവിടെ തുടക്കം കുറിക്കുകയാണ്. ഉൽപാദനത്തിൽ പുതിയ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിന്റെയും  വിപണനത്തിൽ ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിന്റെയും ഭാഗമായിട്ടാണ് കെ-ടാപ്പ് 2.0ക്ക് തുടക്കം കുറിക്കുന്നത്. പോക്കറ്റ് മാർട്ട് ഉൾപ്പെടെയുള്ള ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴി ഇന്ന് കുടുംബശ്രീയുടെ ഉൽപ്പന്നങ്ങൾ ലഭ്യമാണ്. കൂടുതൽ പ്ലാറ്റ്ഫോമുകളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. വിദ്യാസമ്പന്നരായ പുതിയ തലമുറയിലെ സ്ത്രീകളെ കുടുംബശ്രീയുടെ ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓക്സിലറി ഗ്രൂപ്പുകൾ ആരംഭിച്ചത്. ഈ ഓക്സിലറി ഗ്രൂപ്പുകളുടെ നേതൃത്വത്തിലാണ് യുക്തി സ്റ്റാർട്ട് അപ്പ്  ശൃംഖല പ്രവർത്തിക്കുക. 

കുടുംബശ്രീ ആരംഭിച്ച പ്രീമിയം കഫെ  വിജയകരമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മുന്നോട്ടു പോവുകയാണ്. സരസ് ഉൾപ്പെടെയുള്ള വിവിധ മേളകളിൽ കുടുംബശ്രീ ഫുഡ് കോട്ടുകളിലും സ്റ്റാളുകളിലും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്.  ചരിത്രത്തിൽ ആദ്യമായി 100 കോടി വിറ്റു വരുമാനം നേടാൻ  കേരള ചിക്കന് കഴിഞ്ഞു . തിരുവനന്തപുരത്ത്  ടേക്ക് ചിക്കൻ കൗണ്ടറുകൾ  ആരംഭിച്ചു. കെഎഫ്സി മോഡൽ ചിക്കൻ  പ്രാദേശികമായി തന്നെ ലഭ്യമാക്കുന്ന ഇത്തരം ആയിരം ഔട്ട്ലെറ്റുകൾ വരും വർഷങ്ങളിൽ രൂപീകരിക്കും. കേരള ചിക്കൻ  മാർക്കറ്റ് ഷെയർ  25% ആയി ഉയർത്താനാണ് ലക്ഷ്യമിടുന്നത്.  കോഴി കർഷകരുടെ വരുമാനം കൂട്ടാനും വിപണിയിലെ വില നിയന്ത്രിക്കാനും ഇതിലൂടെ സാധിക്കും. 

വയോജന പരിചരണ രംഗത്തും  കുടുംബശ്രീയുടെ സാന്നിധ്യമുണ്ട്. കെ ഫോർ കെയർ പദ്ധതിയുടെ ഭാഗമായി  നിപ്മറിന്റെ സഹകരണത്തോടെ പരിശീലനം നൽകി 1000 കെയർ എക്സിക്യൂട്ടീവുകളെ രംഗത്തിറക്കി കഴിഞ്ഞു . സാർവത്രിക പാലിയേറ്റീവ് കെയർ  പ്രസ്ഥാനത്തിലും  കുടുംബശ്രീ പങ്കുവഹിക്കുന്നു. 
പാലിയേറ്റീവ് കെയറിൽ കുടുംബശ്രീയും തദ്ദേശസ്വയംഭരണ വകുപ്പും നടത്തുന്ന ഇടപെടലുകളെ കുറിച്ച് മനസ്സിലാക്കാൻ ഡെന്മാർക്കിലെ വയോജന പരിപാലനമന്ത്രിയും അംബാസിഡറും കേരളം സന്ദർശിക്കുകയുണ്ടായി. ഇതിലൂടെ  കേരളത്തിൽ നിന്നുള്ള  കെയർ ഗിവേഴ്സിന് ഡെന്മാർക്കിൽ ജോലി സാധ്യതയ്ക്ക് വഴി തുറന്നിരിക്കുകയാണ്.  കേരളവുമായി ധാരണ പത്രം ഒപ്പുവക്കാൻ ഡെൻമാർക്ക് സന്നദ്ധത അറിയിച്ചു  കഴിഞ്ഞു.  അവർ തന്നെ ഭാഷ പഠിക്കുന്നതിന് പരിശീലനം നൽകും. റിക്രൂട്ട്മെന്റ് ചെലവുകൾ  പൂർണ്ണമായും ഡെന്മാർക്ക് സർക്കാർ വഹിക്കും. ഇത്തരത്തിൽ കുടുംബശ്രീയുടെ ഖ്യാദി കടൽ കടക്കുകയാണെന്ന് മന്ത്രി പറഞ്ഞു.

 കുടുംബശ്രീ ഇനിഷ്യേറ്റീവ് ഫോർ ബിസിനസ് സൊല്യൂഷൻ (ഇബ്സ് ) വഴി കൊച്ചി മെട്രോ, വാട്ടർ മെട്രോ,  എന്നിങ്ങനെ കേരളത്തിലെ പ്രമുഖ സ്ഥാപനങ്ങൾക്ക് എല്ലാം സേവനങ്ങളും നൽകി വരുന്നുണ്ട്. കുടുംബശ്രീയുടെ മുദ്ര പതിയാത്ത ഒരു ഇടവും ഇന്ന് കേരളത്തിന്റെ സാമൂഹിക ജീവിതത്തിലില്ല എന്ന് അഭിമാനത്തോടുകൂടി പറയാൻ കഴിയും. അതി ദാരിദ്ര്യനിർമ്മാർജന പദ്ധതിയിൽ പ്രധാന പങ്ക് കുടുംബശ്രീ വഹിച്ചു. മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർക്കായി മൈക്രോ പ്ലാൻ ആവിഷ്കരിച്ച് നടപ്പിലാക്കാനുള്ള ചുമതല  സർക്കാർ കുടുംബശ്രീയെയാണ് ഏൽപ്പിച്ചത്. ഇത് ഭംഗിയായി നടപ്പിലാക്കി. 
എല്ലാ നിലയിലും കുടുംബശ്രീ വരുംകാലത്തിലേക്കുള്ള ചുവടുവെപ്പ് നടത്തുകയാണെന്നും മന്ത്രി പറഞ്ഞു.

കെ-ടാപ് പദ്ധതിയുടെ രണ്ടാം ഘട്ട പ്രഖ്യാപനവും , യുക്തി സ്റ്റാർട്ടപ് ശൃംഖലയുടെയും തദ്ദേശീയ മേഖലയിലെ, "ട്രൈബാൻഡ്', കുടുംബശ്രീ ഉൽപന്നങ്ങൾ ഉൾപ്പെടുത്തി വിപണനം ആരംഭിക്കുന്ന പ്രത്യേക ഗിഫ്റ്റ് ബോക്സ്  എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.

സ്ത്രീകളെ മികച്ച സംരംഭകരാക്കി മാറ്റുന്ന കുടുംബശ്രീയുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന്  ചടങ്ങിൽ പങ്കെടുത്ത്  റോജി എം.ജോൺ എം.എൽ.എ പറഞ്ഞു. അങ്കമാലി നഗരസഭാധ്യക്ഷ റീത്താ പോൾ അധ്യക്ഷയായി .  കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ ഡോ. എസ്.ഷാനവാസ് പദ്ധതി വിശദീകരണം നടത്തി. 

കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ർ എച്ച് ദിനേശൻ, ജില്ലാ കളക്ടർ ജി.പ്രിയങ്ക, സ്റ്റേറ്റ് പ്ളാനിങ്ങ് ബോർഡ് അംഗം ഡോ.ജിജു പി.അലക്സ്,  കാർഷിക വിഭാഗം ചീഫ് എസ്.എസ് നാഗേഷ്,  ലാൻഡ് യൂസ് ബോർഡ് കമ്മീഷണർ യാസ്മിൻ എൽ.റഷീദ്, എസ്.എഫ്.എ.സി കേരള മാനേജിങ്ങ് ഡയറക്ടർ എസ് . രാജേഷ് കുമാർ , ഡിവിഷൻ കൗൺസിലർ ടി.വൈ ഏലിയാസ് , കുടുംബശ്രീ ജില്ലാ മിഷൻ കോ ഓഡിനേറ്റർ ടി.എം റെജീന,  ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ പി എ നജീബ് , ജില്ലാ പ്രിൻസിപ്പൽ അഗ്രികൾച്ചർ ഓഫീസർ സഞ്ജു സൂസൻ മാത്യു, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ.ബി ബിജു , ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർ  കെ.ജി മനോജ്‌, നബാർഡ് ഡി.ഡി.എം അജീഷ് ബാലു, സി.ഡി.എസ് അധ്യക്ഷ ലില്ലി ജോണി എന്നിവർ പങ്കെടുത്തു.

date