അടിസ്ഥാന സൗകര്യ വികസനത്തിൽ കേരളം നടത്തിയത് സമാനതകളില്ലാത്ത മുന്നേറ്റം: മന്ത്രി ജി.ആർ അനിൽ
അടിസ്ഥാന സൗകര്യ വികസനത്തിൽ സംസ്ഥാന സർക്കാരിൻ്റെ നേതൃത്വത്തിൽ കേരളം നടത്തിയത് സമാനതകളില്ലാത്ത മുന്നേറ്റമാണെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ അനിൽ. കായ്പ്പാടി - വലിയവിള സന്നഗർ റോഡ്, പരവൂർകോണം എസ്എൻഡിപി റോഡ്, ആറാം കല്ല് കുന്തിരിക്കകുഴി പൈപ്പ് ലൈൻ റോഡ് എന്നിവയുടെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കക്ഷി രാഷ്ട്രീയ ഭേദമില്ലാതെയാണ് സർക്കാർ ജനങ്ങളിലേക്ക് വികസനം എത്തിച്ചത്. ഇതുവരെയുള്ള കേരളത്തിൻ്റെ ചരിത്രം പരിശോധിച്ചാൽ 2000 രൂപ എന്ന ഏറ്റവും വലിയ ക്ഷേമപെൻഷൻ തുക ജനങ്ങൾക്ക് നൽകിയ സർക്കാരാണ് നമ്മുടേത്. ഏകദേശം 80,000 കോടി രൂപ ക്ഷേമ പെൻഷന് വേണ്ടി മാത്രം പിണറായി സർക്കാർ ഈ പത്ത് വർഷ കാലയളവിൽ ജനങ്ങൾക്കായി നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഓരോ പഞ്ചായത്തിനും അർഹതയുള്ള പദ്ധതി വിഹിതം യാതൊരു വിട്ട് വീഴ്ചയും ഇല്ലാതെ എല്ലാവരിലേക്കും എത്തിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ട്.
എംഎൽഎയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് കായ്പ്പാടി - വലിയവിള സന്നഗർ റോഡ് 15 ലക്ഷം രൂപ ചെലവഴിച്ചും പരവൂർകോണം എസ്എൻഡിപി റോഡ്, ആറാം കല്ല് കുന്തിരിക്കകുഴി പൈപ്പ് ലൈൻ റോഡ് എന്നിവ 7 ലക്ഷം രൂപ ചെലവിട്ടുമാണ് നിർമ്മിച്ചത്.
വലിയവിളയിലും ആറാംകല്ല് ജംഗ്ഷനിലുമായി നടന്ന ചടങ്ങുകളിൽ കരകുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അജിത് കുമാർ അധ്യക്ഷത വഹിച്ചു. കരകുളം ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബി.സജികുമാർ, വൈസ് പ്രസിഡൻറ് അശ്വതി സുനിൽ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments