Skip to main content

അഞ്ചുവര്‍ഷത്തില്‍ തൃത്താലയില്‍ 986 കോടിയുടെ വികസനം: മന്ത്രി എം.ബി. രാജേഷ് കരിയന്നൂര്‍ ജി. എല്‍.പി. സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു

 

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ തൃത്താല മണ്ഡലത്തില്‍ 986 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയതായി തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. കരിയന്നൂര്‍ ജി.എല്‍.പി. സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. അടുത്ത 40 ദിവസത്തിനുള്ളില്‍ 331 കോടി രൂപയുടെ പദ്ധതികള്‍ കൂടി മണ്ഡലത്തില്‍ യാഥാര്‍ത്ഥ്യമാകും. ഇതില്‍ ഒരു കോടി മുതല്‍ പത്ത് കോടി രൂപ വരെ ചെലവഴിക്കുന്ന 26 പദ്ധതികളും 10  കോടി മുതല്‍ 50 കോടി രൂപ വരെ ചെലവഴിക്കുന്ന ഒന്‍പത് പദ്ധതികളും ഉള്‍പ്പെടുന്നു. 118 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന കാങ്കപ്പുഴ റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ പ്രവൃത്തികള്‍ അവസാന ഘട്ടത്തിലാണെന്നും മന്ത്രി വ്യക്തമാക്കി.

 

വിദ്യാഭ്യാസ മേഖലയില്‍ മാത്രം 45 കോടിയിലധികം രൂപയാണ് മണ്ഡലത്തില്‍ ചെലവഴിച്ചത്. പ്ലാന്‍ ഫണ്ടില്‍ നിന്നും കിഫ്ബിയില്‍ നിന്നുമായി 20 വിദ്യാലയങ്ങള്‍ക്കായി 36.80 കോടി രൂപ ലഭ്യമാക്കി. തൃത്താല ഗവണ്‍മെന്റ് കോളേജിലെ പുതിയ ബ്ലോക്കിന്റെ നിര്‍മ്മാണം ഒന്നര വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്യാനായി. അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി 30 കോടി രൂപ ചെലവില്‍ സുശീലപ്പടി മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്നും കരിയന്നൂര്‍ ഫൂട്ട് ഓവര്‍ ബ്രിഡ്ജ് ഒരു വര്‍ഷത്തിനുള്ളില്‍ യാഥാര്‍ത്ഥ്യമാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

 പരുതൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. നിഷ വിജയകുമാര്‍ അധ്യക്ഷയായ പരിപാടിയില്‍  വൈസ് പ്രസിഡന്റ് കെ. സി അലി ഇക്ബാല്‍, പാലക്കാട് പി.ഡബ്ല്യൂ.ഡി സൂപ്രണ്ടിങ് എന്‍ജിനീയര്‍ യു.പി ജയശ്രീ, സ്‌കൂള്‍ പ്രധാന അധ്യാപകന്‍ എം.കെ ഏലിയാസ്, ജനപ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

date