Skip to main content
കുറുന്തോട്ടി കൃഷിയിൽ വിജയഗാഥയുമായി കല്യാശ്ശേരി ഔഷധ ഗ്രാമം

കുറുന്തോട്ടി കൃഷിയിൽ വിജയഗാഥയുമായി കല്യാശ്ശേരി ഔഷധ ഗ്രാമം

 

കല്യാശ്ശേരി മണ്ഡലം ഔഷധ ഗ്രാമം മൂന്നാംഘട്ട പദ്ധതിയുടെ ഭാഗമായുള്ള കുറുന്തോട്ടി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം എം വിജിന്‍ എം എല്‍ എ നിര്‍വഹിച്ചു. മുറിയാത്തോടിലെ കെ.വി ശാരദ കൃഷി ചെയ്ത 25 സെന്റ് സ്ഥലത്താണ് വിളവെടുപ്പ് ഉദ്ഘാടനം നടന്നത്.  മൂന്നാംഘട്ടത്തിലും നൂറ് മേനി വിളവാണ് പദ്ധതിയിലൂടെ ലഭിച്ചത്. സംസ്ഥാന കൃഷി വകുപ്പ്, മെഡിസിനല്‍ പ്ലാന്റ് ബോര്‍ഡ്, ഔഷധി, തദ്ദേശ സ്വയംഭരണ വകുപ്പ്, മറ്റത്തൂര്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി എന്നിവരുടെ സഹകരണത്തോടെയാണ് കല്യാശ്ശേരി മണ്ഡലത്തില്‍ ഔഷധ ഗ്രാമം പദ്ധതി നടപ്പിലാക്കുന്നത്.

2023 മെയിലാണ് ഏഴോം, കണ്ണപുരം, കടന്നപ്പള്ളി - പാണപ്പുഴ പഞ്ചായത്തുകളില്‍ 25 ഏക്കറില്‍ കൃഷി ആരംഭിച്ചത്. രണ്ടര ഏക്കറില്‍ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് വിത്തിട്ടാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. 2023 ഡിസംബറില്‍ ആദ്യഘട്ട വിളവെടുപ്പും നടത്തി. രണ്ടാംഘട്ടത്തില്‍ 100 ഏക്കറില്‍  കടന്നപ്പള്ളി-പാണപ്പുഴ, ഏഴോം, കണ്ണപുരം, പട്ടുവം, മാടായി, ചെറുകുന്ന്, കുഞ്ഞിമംഗലം, കല്ല്യാശ്ശേരി, ചെറുതാഴം പഞ്ചായത്തുകളില്‍ നിന്ന് 18.5 ടണ്‍ കുറുന്തോട്ടിയും 30.5 കിലോ വിത്തും സംഭരിച്ചു. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ 32.50 ലക്ഷം രൂപയാണ് അനുവദിച്ചത്. ആദ്യഘട്ടത്തില്‍ 34 കര്‍ഷകരും രണ്ടാംഘട്ടത്തില്‍ 97 കര്‍ഷകരുമാണ് കുറുന്തോട്ടി കൃഷിയുടെ ഭാഗമായത്. പഞ്ചായത്തടിസ്ഥാനത്തില്‍ കര്‍ഷകരുടെ ഗ്രൂപ്പുകള്‍ രൂപീകരിച്ച് പരിശീലനവും നല്‍കി. നിലം ഒരുക്കലിന് തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം പ്രയോജനപ്പെടുത്തുകയും കര്‍ഷകര്‍ക്ക് വിപണനത്തിലുള്ള സഹായം ഉറപ്പുവരുത്തുകയും ചെയ്തു. 

വിളവെടുത്ത കുറുന്തോട്ടിയും വിത്തും സംസ്ഥാന പൊതുമേഖല സ്ഥാപനമായ തൃശൂര്‍ മറ്റത്തൂര്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി വഴി ഔഷധിയാണ് ശേഖരിക്കുന്നത്. ഇതിലൂടെ കര്‍ഷകര്‍ക്ക് മികച്ച വരുമാനം ഉറപ്പാക്കുന്നതിനും നിരവധി പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിനും സാധിച്ചു. കേരളത്തിലെ മികച്ച ജൈവ കാര്‍ഷിക നിയോജക മണ്ഡലത്തിനുള്ള സംസ്ഥാന പുരസ്‌ക്കാരം ഔഷധ ഗ്രാമം പദ്ധതിയുടെ ഭാഗമായി  കല്യാശേരി മണ്ഡലത്തിന് ലഭിച്ചിട്ടുണ്ട്.

 പട്ടുവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ ദിവാകരന്‍ അധ്യക്ഷനായി. കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ കെ സതീഷ് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാപഞ്ചായത്ത് അംഗം ഷിമ, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ പി ശ്രീമതി, പട്ടുവം വൈസ് പ്രസിഡന്റ് വര്‍ണ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ ദാമോദരന്‍, പഞ്ചായത്തംഗം സനല്‍, പട്ടുവം കൃഷി ഓഫീസര്‍ രഗിഷ രാമദാസ്, മറ്റത്തൂര്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി സെക്രട്ടറി കെ.പി പ്രശാന്ത്, കാര്‍ഷിക വികസന സമിതി അംഗങ്ങളായ ടി ലത, പി.പി സുബൈര്‍, മീത്തല്‍ കരുണാകരന്‍ എന്നിവര്‍ സംസാരിച്ചു.

date