ഭിന്നശേഷിക്കാർക്കും തുല്യ അവകാശങ്ങളും അവസരങ്ങളും ഉറപ്പുവരുത്തണം: ബാലാവകാശ കമ്മീഷൻ ചെയർപേഴ്‌സൺ
ഭരണഘടന ഉറപ്പുവരുത്തുന്ന തുല്യ അവകാശങ്ങളും അവസരങ്ങളും ഭിന്നശേഷിക്കാർക്കും ലഭ്യമാക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർപേഴ്‌സൺ കെ. വി. മനോജ് കുമാർ. മനുഷ്യാവകാശങ്ങൾ നിഷേധിക്കപ്പെടുന്ന സാഹചര്യം മാറേണ്ടതുണ്ടെന്നും ഭിനന്നശേഷിക്കാരോടുള്ള സമൂഹത്തിന്റെ മനോഭാവത്തിൽ വലിയ മാറ്റം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. കമ്മീഷന്റെ നേതൃത്വത്തിൽ ഭിന്നശേഷി കുട്ടികളുടെ ക്ഷേമം സംബന്ധിച്ച എസ് ഒ പി അന്തിമമാക്കുന്നതിനായി ശിക്ഷക് സദനിൽ സംഘടിപ്പിച്ച ജില്ലാതല കർത്തവ്യവാഹകരുടെ മേഖലാതല യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസ മേഖലയിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്കെതിരെ ഉയരുന്ന എതിർപ്പുകൾ അവസാനിപ്പിക്കേണ്ടതുണ്ട്. അധ്യാപകരിലും വിദ്യാർത്ഥികളിലും അനുകമ്പയും മനുഷ്യത്വവും വളർത്താനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കണം. സ്‌കൂളുകളിലും എല്ലാ പൊതുസ്ഥാപനങ്ങളിലും റാമ്പുകൾ, ഭിന്നശേഷിസൗഹൃദ ടോയ്‌ലറ്റുകൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണം. ആശുപത്രികളിലും സർക്കാർ ഓഫീസുകളിലും ഭിന്നശേഷിക്കാർക്ക് ആദ്യ പരിഗണന നൽകണം. ഭിന്നശേഷിക്കാരായ കുട്ടികളുടെ സുരക്ഷ, വിദ്യാഭ്യാസം, ആരോഗ്യപരിരക്ഷ എന്നിവയ്ക്കായി എല്ലാ മേഖലകളുടെയും സഹകരണം അത്യാവശ്യമാണെന്നും ചെയർപേഴ്‌സൺ ചൂണ്ടിക്കാട്ടി.
ഭിന്നശേഷിക്കാരായ കുട്ടികളുടെ അവകാശങ്ങളും ക്ഷേമവും ഉറപ്പുവരുത്തുന്നതിനായി മേഖലയിൽ പ്രവർത്തിക്കുന്നവരുടേയും ഭിന്നശേഷിക്കാരുടേയും അനുഭവങ്ങൾ നേരിട്ട് കേട്ട് അവർക്കു നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി മേഖലാതല യോഗങ്ങളിലൂടെ തയ്യാറാക്കുന്ന ശുപാർശകൾ ഉടൻ സർക്കാരിന് സമർപ്പിക്കുമെന്നും ചെയർപേഴ്‌സൺ അറിയിച്ചു.
കമ്മീഷൻ അംഗം ഡോ. വിൽസൺ എഫ് അദ്ധ്യക്ഷനായ പരിപാടിയിൽ അംഗങ്ങളായ മോഹൻകുമാർ ബി, കെ.കെ. ഷാജു, സിസിലി ജോസഫ്, ജലജമോൾ റ്റി. സി. തുടങ്ങിയവർ സംബന്ധിച്ചു. കമ്മീഷൻ അംഗം ഷാജേഷ് ഭാസ്‌കർ പി. വിഷയം അവതരിപ്പിച്ചു.
പി.എൻ.എക്സ്. 265/2026
- Log in to post comments