മെന്‍സ്ട്രുവല്‍ കപ്പും ഇന്‍സിനറേറ്ററുകളും വിതരണം: സംസ്ഥാനതല ഉദ്ഘാടനം 20ന് മുട്ടറയില്‍
പരിസ്ഥിതി പുനഃസ്ഥാപന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ തിരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളില്‍ മെന്‍സ്ട്രുവല്‍ കപ്പും നാപ്കിന്‍ സംസ്‌കരണത്തിനുള്ള ഇന്‍സിനറേറ്ററും വിതരണം ചെയ്യും. ആര്‍ത്തവ ശുചിത്വ ഉത്പന്നങ്ങളുടെ പ്രചാരണവും ആര്‍ത്തവ ആരോഗ്യവും ഇതുസംബന്ധിച്ച ബോധവല്‍ക്കരണവും ലക്ഷ്യമിട്ടിട്ടുള്ള പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ചൊവ്വാഴ്ച (20012026) ധനകാര്യവകുപ്പ് മന്ത്രി കെ.എന്‍. ബാലഗാപാല്‍ നിര്‍വഹിക്കും. കൊല്ലം ജില്ലയില്‍ വെളിയം ഗ്രാമപഞ്ചായത്തിലെ മുട്ടറ ഗവ. ഹയര്‍ സെക്കന്‍ഡറി & വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഉച്ചയ്ക്ക് 2 -ന് ചേരുന്ന ഉദ്ഘാടന ചടങ്ങില്‍ കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആര്‍. ലതാദേവി അധ്യക്ഷയാകും.
നവകേരളം കര്‍മപദ്ധതി സംസ്ഥാന കോര്‍ഡിനേറ്ററും ഹരിതകേരളം മിഷന്‍ വൈസ് ചെയര്‍പേഴ്‌സണുമായ ഡോ. ടി.എന്‍. സീമ പദ്ധതി വിശദീകരണവും കൊല്ലം ജില്ലാ കളക്ടര്‍ എന്‍. ദേവീദാസ് മുഖ്യപ്രഭാഷണവും നിര്‍വഹിക്കും. വെളിയം ഗ്രാമപഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ കെ.എസ്. ഷിജുകുമാര്‍, കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു എസ്., ബ്ലോക്ക് ഡിവിഷന്‍ മെമ്പര്‍ പത്മാവതിയമ്മ, മുട്ടറ ജി.എച്ച്.എച്ച്.എസ്. പ്രിന്‍സിപ്പാള്‍ എസ്. ശ്രീനിവാസന്‍ എന്നിവര്‍ പങ്കെടുക്കും.
2025-26 ലെ സംസ്ഥാന ബജറ്റില്‍ വകയിരുത്തിയ തുക ഉപയോഗിച്ച് എച്ച്.എല്‍.എല്‍. ലൈഫ് കെയറുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. ആര്‍ത്തവകാല ഉപയോഗ ശേഷമുള്ള സാനിറ്ററി നാപ്കിനുകളുടെ ശാസ്ത്രീയ സംസ്‌കരണത്തിന് വിദ്യാര്‍ത്ഥിനികള്‍ കൂടുതലുള്ള സ്‌കൂളുകളിലും കോളേജുകളിലുമായി 322 ഇടങ്ങളിലാണ് ഇന്‍സിനറേറ്റര്‍ സ്ഥാപിക്കുന്നത്. ഹരിതകേരളം മിഷന്‍ നടത്തിയ സര്‍വേ അടിസ്ഥാനപ്പെടുത്തി തിരഞ്ഞെടുത്ത സ്‌കൂളുകളിലും കോളേജുകളിലും കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളിലുമായി 1.69 ലക്ഷം മെന്‍സ്ട്രുവല്‍ കപ്പുകളാണ് പദ്ധതിയിലൂടെ വിതരണം ചെയ്യുന്നത്. ഒരു ജില്ലയിലെ അഞ്ച് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളും എല്ലാ കേളേജുകളും നെറ്റ് സീറോ കാര്‍ബണ്‍ കേരളം ജനങ്ങളിലൂടെ ക്യാമ്പയിന്‍ ഏറ്റെടുത്ത 152 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളുമാണ് ആദ്യഘട്ടത്തില്‍ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. സ്‌കൂളുകളിലും കോളേജുകളിലും മതിയായ ആര്‍ത്തവ ശുചിത്വ സംവിധാനങ്ങള്‍ സജ്ജമാക്കുക, പരിസ്ഥിതി സൗഹൃദ ആര്‍ത്തവ ശുചിത്വ ഉപകരണങ്ങള്‍ ലഭ്യമാക്കുക തുടങ്ങിയവയും പദ്ധതി ലക്ഷ്യമിടുന്നുണ്ട്. പദ്ധതി ഗുണഭോക്താക്കള്‍ക്ക് ബോധവല്‍ക്കരണം നല്‍കുന്നതിനായി പ്രത്യേക ക്ലാസുകളും ശില്‍പശാലകളും ഇതോടൊപ്പം സംഘടിപ്പിക്കുന്നുണ്ട്.
- Log in to post comments