സംസ്ഥാന ക്ഷീര സംഗമം; കേരള ഡയറി എക്സ്പോയ്ക്ക് തുടക്കമായി കേരളത്തിലെ പാൽ ഉത്പാദനത്തിൽ 10 ലക്ഷം ലിറ്ററിലധികം വർധന: മന്ത്രി ജെ ചിഞ്ചുറാണി
കേരളത്തിലെ പാൽ ഉത്പാദനം 10 ലക്ഷം ലിറ്ററിൽ അധികം വർധിച്ചതായി മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. സംസ്ഥാന ക്ഷീര സംഗമത്തിന്റെ ഭാഗമായി ആശ്രാമം മൈതാനത്ത് ഒരുക്കിയ കേരള ഡയറി എക്സ്പോ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
ആഭ്യന്തര പാൽ ഉത്പാദനം വർധിച്ചുവരികയാണ്. കർഷകർ പലയിടങ്ങളിലും പാൽ നൽകിയശേഷമാണ് ബാക്കി മിൽമയിൽ എത്തിക്കുന്നത്. കൃത്യതയില്ലായ്മ പരിഹരിക്കുന്നതിനായി ഉത്പാദനത്തിലെ യഥാർത്ഥ വർധനവ് കണക്കാക്കുന്നതിന് സർവേ ആരംഭിച്ചതായി അറിയിച്ചു. ഓരോ ക്ഷീരകർഷകനും ഉത്പാദിപ്പിക്കുന്ന പാലിന്റെ അളവ് ഇതുവഴി വ്യക്തമാകും.
സംസ്ഥാനത്തിന്റെ അതിദാരിദ്ര്യ നിർമാർജന പദ്ധതിയുടെ ഭാഗമായി പശുക്കൾ വിതരണം ചെയ്യുന്നതിനായി ഓരോ പശു യൂണിറ്റിനും ഒരു ലക്ഷം രൂപ വരെ സബ്സിഡി അനുവദിച്ചു. തോട്ടം, ഫിഷറീസ് മേഖലകളിലെ തൊഴിലാളികൾക്ക് താൽക്കാലിക തൊഴിൽ പ്രതിസന്ധി പരിഹരിക്കുന്നതിനായി പ്രത്യേക ക്ഷീരോത്പാദന പദ്ധതികൾ നടപ്പിലാക്കിയതായും മന്ത്രി വ്യക്തമാക്കി.
മിൽമയുടെ ലാഭത്തിൽ 85 ശതമാനവും ക്ഷീര കർഷകർക്കാണ് നൽകുന്നത്. കൂടുതൽ പാൽ മിൽമയിൽ എത്തിച്ച് ക്ഷീര കർഷകർക്ക് മികച്ച വരുമാനം ഉറപ്പാക്കുകയാണ് ലക്ഷ്യം. അമിത ചൂടേറ്റും ചർമരോഗം ബാധിച്ച് മരണപ്പെട്ട പശുക്കൾക്ക് നഷ്ടപരിഹാരമായി 35600 രൂപ വീതം അനുവദിച്ചു. ഇൻഷുറൻസ് ഇല്ലാത്തവർക്ക് ഉൾപ്പെടെ ആനൂകൂല്യം നൽകി. പാലിന്റെ ഉൽപാദനക്ഷമതയിൽ കേരളം രണ്ടാം സ്ഥാനത്താണ്. സംസ്ഥാനത്ത് ബ്ലോക്ക് പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് മൊബൈൽ വെറ്ററിനറി യൂണിറ്റ് സജ്ജമാക്കി. രാത്രികാലങ്ങളിലെ അടിയന്തര സമയങ്ങളിലും ഡോക്ടർ ഉൾപ്പെടെയുള്ളവരുടെ സേവനം ലഭ്യമാകുന്നു. ബാക്കി ഉള്ള ബ്ലോക്കുകളിൽ യൂണിറ്റ് തുടങ്ങുന്നതിനുള്ള ടെൻഡർ നടപടി പുരോഗമിക്കുന്നതായും മന്ത്രി അറിയിച്ചു.
ഡെപ്യൂട്ടി മേയര്‍ കരുമാലില്‍ ഡോ. ഉദയ സുകുമാരന്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ എസ്. ബിന്ദു, രശ്മി രഞ്ജിത്ത്, ഇളംകുളം നടയ്ക്കൽ ക്ഷീരസംഘം പ്രസിഡന്റ് സുധാകരക്കുറുപ്പ്, എറണാകുളം റീജിയണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡ് ചെയർപേഴ്സൺ സി. എൻ. വത്സലൻ പിള്ള, ക്ഷീരവികസന വകുപ്പ് ഡയറക്ടർ ശാലിനി ഗോപിനാഥ്, കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടർ ആർ രശ്മി, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, ക്ഷീരസംഘം പ്രസിഡന്റുമാര്‍ തുടങ്ങിയവർ പങ്കെടുത്തു.
പടവ് 2026: രുചി വിളമ്പി ഷെഫ് പിള്ള
സംസ്ഥാന ക്ഷീര സംഗമം പടവ് 2026 വേദിയിൽ രുചിയുടെ പ്രത്യേക കൂട്ട് വിളമ്പി ഷെഫ് പിള്ളയുടെ ലൈവ് കുക്കറി ഷോ. പാൽ ഉൽപ്പന്നമായ പനീർ വിഭവമാണ് തയ്യാറാക്കിയത്. വിഭവങ്ങളുടെ സ്വാദ് അറിയാൻ മന്ത്രി ജെ. ചിഞ്ചുറാണിയുമെത്തി.
വർണാഭമായി വിളംബര ഘോഷയാത്ര
സംസ്ഥാന ക്ഷീര സംഗമം ഡയറി എക്സ്പോ ഉദ്ഘാടനത്തിന് മുന്നോടിയായി ചിന്നക്കട സര്‍ക്കാര്‍ റസ്റ്റ് ഹൗസ് മുതല്‍ ആശ്രാമം മൈതാനം വരെ സംഘടിപ്പിച്ച വിളംബര ഘോഷയാത്ര മന്ത്രി ജെ ചിഞ്ചുറാണി ഫ്ളാഗ് ഓഫ് ചെയ്തു. മേയർ എ.കെ. ഹാഫിസ്, ഡെപ്യൂട്ടി മേയർ ഡോ. ഉദയ സുകുമാരൻ, ക്ഷീരവികസന വകുപ്പ് ഡയറക്ടർ ശാലിനി ഗോപിനാഥ്, കൗൺസിലർ കുരുവിള ജോസഫ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ. ആർ. ദിലീപ് കുമാർ, അഡ്വ. വി. സുമലാൽ, സന്തോഷ് മതിര, ടി. അജയൻ, കെ.ആർ. മോഹനൻ പിള്ള (കെ സി എം എം എഫ്), വിവിധ ക്ഷീരസംഘങ്ങളുടെ ഭാരവാഹികൾ പങ്കെടുത്തു.
കേരളത്തിന്റെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന വിവിധ കലാരൂപങ്ങളും ജില്ലയിലെ പതിമൂന്നു ക്ഷീര വികസന- വിജ്ഞാന വ്യാപന യൂണിറ്റുകൾ ഒരുക്കിയ ക്ഷീരമേഖലയുമായി ബന്ധപ്പെട്ട ഫ്ലോട്ടുകളും ഘോഷയാത്രയ്ക്ക് പ്രത്യേക നിറം നൽകി. തിരുവനന്തപുരം ഡെയറി സയൻസ് കോളജിലെ വിദ്യാർഥികൾ ഫ്ലാഷ് മോബും അവതരിപ്പിച്ചു.
ബഹുകേമം പടവ് 2026: ക്ഷീരകർഷകരെ ഇതിലെ ഇതിലെ..
100 സ്റ്റാളുകളുമായി കേരള ഡയറി എക്സ്പോയ്ക്ക് തുടക്കം
സംസ്ഥാന ക്ഷീരകർഷക സംഗമം പടവ് 2026ന്റെ ഭാഗമായി ആശ്രാമം മൈതാനത്ത് ജനുവരി 21 വരെ നടക്കുന്ന ഡയറി എക്സ്പോയിൽ വിസ്മയ ക്ഷീര കാഴ്ചകൾ. ക്ഷീരമേഖലയിലെ നൂതന സാങ്കേതിക വിദ്യകളും ഉൽപ്പന്നങ്ങളും പരിചയപ്പെടുത്തുന്ന എക്സ്പോയിൽ 100 ഓളം സ്റ്റാളുകളാണ് ഒരുക്കിയിരിക്കുന്നത്. വിവിധ സർക്കാർ വകുപ്പുകൾ, കാലിത്തീറ്റയും സപ്ലിമെന്റുകളും നിർമ്മിക്കുന്ന കമ്പനികൾ, വെറ്ററിനറി മെഡിസിൻ ഉൽപാദിപ്പിക്കുന്ന സ്ഥാപനങ്ങൾ, കേരള ലൈവ്സ്റ്റോക്ക് ഡെവലപ്മെന്റ് ബോർഡ് ഉൾപ്പെടെ സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്.
ക്ഷീരമേഖലയിൽ യന്ത്രവൽക്കരണത്തിന് സഹായിക്കുന്ന ഉപകരണങ്ങളുടെ ഡീലർമാർ, പാൽ ഉൽപ്പന്ന നിർമ്മാണത്തിനായി ഉപയോഗിക്കുന്ന വിവിധ യന്ത്രങ്ങൾ, എസ്ബിഐ, കേരള ബാങ്ക് തുടങ്ങിയ ബാങ്കുകൾ, വിവിധ ഇൻഷുറൻസ് സ്ഥാപനങ്ങൾ, വേസ്റ്റ് മാനേജ്മെന്റിന് ആവശ്യമായ സാമഗ്രികൾ നിർമ്മിക്കുന്ന കമ്പനികൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്ഥാപനമായ നിതാര എന്നിവ ഉൾപ്പെടുന്നു.
ക്ഷീര വികസന വകുപ്പിന്റെ “ഫാം ടു ഫോർക്കു” എന്ന തീമിൽ അധിഷ്ഠിതമായ സ്റ്റാൾ എക്സ്പോയുടെ പ്രത്യേകയാണ്. പശുവിന്റെ അകിടിൽ നിന്ന് ചുരത്തുന്ന പാൽ ഉപഭോക്താവിലേക്ക് എത്തുന്നതുവരെ കടന്നുപോകുന്ന വിവിധ ഘട്ടങ്ങളും പ്രക്രിയകളും സ്റ്റാളിൽ വിപുലമായി അവതരിപ്പിച്ചിട്ടുണ്ട്. പാൽ ശേഖരണം, ഗുണനിലവാര പരിശോധന, സംസ്കരണം, പാക്കേജിംഗ്, വിതരണ സംവിധാനം എന്നിവയെക്കുറിച്ചുള്ള വിശദീകരണങ്ങൾ ദൃശ്യാവിഷ്കാരങ്ങൾ, മാതൃകകൾ എന്നിവയുടെ സഹായത്തോടെ ഒരുക്കിയിട്ടുണ്ട്.
മൃഗസംരക്ഷണ വകുപ്പിന്റെ സ്റ്റാളിൽ ഗിനി പന്നി, വെള്ള ഗിനി പന്നി, മുയൽ തുടങ്ങി അരുമകളുടെ മൃഗങ്ങളുടെ പ്രദർശനവും വിഗോവ, ഗിവി കോഴി, ബ്രഹ്മ തുടങ്ങി വിവിധയിനം കോഴികളുടെ പ്രദർശനവും കൗതുകമാകുന്നു. എക്സ്പോയിൽ വിവിധ സ്റ്റാളുകളിൽ സന്ദർശകരായി എത്തുന്ന ക്ഷീരകർഷകരിൽ നിന്ന് കൂപ്പൺ മുഖേന തിരഞ്ഞെടുക്കുന്നവർക്ക് 50 കിലോ കാലിത്തീറ്റ സൗജന്യമായി നൽകും. മിൽക്ക് പ്രോസസിങ് പ്ലാന്റ്, ക്ഷീരവികസന യൂണിറ്റ് എന്നിവയുടെ മാതൃകയും പാലുൽപന്നങ്ങളും പ്രദർശിപ്പിച്ചിട്ടുണ്ട്. എക്സ്പോയ്ക്ക് മിഴിവേകാൻ കുരിയോട്ടുമല ഡയറി ഫാമിലെ അരുമ മൃഗങ്ങൾ, അലങ്കാരമത്സ്യങ്ങളും അടുത്ത് കാണാനുള്ള അവസരവും എക്സ്പോയിലുണ്ട്. കുരിയോട്ടുമല ഡയറി ഫാമിൽ ഉല്പാദിപ്പിച്ച പച്ചക്കറികളും വിപണത്തിനായി എത്തിച്ചിട്ടുണ്ട്.
കാർഷിക വിളകൾ, കറി പൗഡറുകള്‍, ഭക്ഷ്യോല്പന്നങ്ങള്, തുണിത്തരങ്ങള്‍, നിത്യോപയോഗസാധനങ്ങള്‍, മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന 70 ലധികം ഉൽപ്പന്നങ്ങളാണ് വിപണനത്തിന് സജ്ജീകരിച്ചിട്ടുള്ളത്. 3000 മുതൽ രണ്ട് ലക്ഷം രൂപ വരെയുള്ള ഡയറി ഉപകരണങ്ങൾ വിലക്കുറവിൽ ക്ഷീരകർഷകർക്ക് സ്വന്തമാക്കാം. രുചി വൈവിധ്യങ്ങൾ ഒരുക്കി കുടുംബശ്രീ, മിൽമ, കോളേജ് ഓഫ് ഡയറി ടെക്നോളജിയും എക്സ്പോയിലുണ്ട്. പ്രവേശനം സൗജന്യം.
- Log in to post comments