Skip to main content

ഭിന്നശേഷിക്കാരുടെ കഴിവുകള്‍ വളര്‍ത്തിയെടുക്കേണ്ടത് സമൂഹത്തിന്‍റെ  ഉത്തരവാദിത്വം: ജില്ലാ കലക്ടര്‍

ഭിന്നശേഷിക്കാരുടെ കഴിവുകള്‍ കണ്ടെത്തി വളര്‍ത്തിയെടുക്കേണ്ടത് സമൂഹത്തിന്‍റെ ഉത്തരവാദിത്വമാണെന്ന് ജില്ലാ കലക്ടര്‍ ആര്‍ ഗിരിജ പറഞ്ഞു. ലോക ഭിന്നശേഷി ദിനാചരണത്തോട് അനുബന്ധിച്ച് സാമൂഹ്യനീതി വകുപ്പ് സംഘടിപ്പിച്ച ദിനാഘോഷം പത്തനംതിട്ട സെന്‍റ് സ്റ്റീഫന്‍സ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു കളക്ടര്‍. ഭിന്നശേഷിക്കാരുടെ വ്യത്യസ്തതയുള്ള കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പദ്ധതിയില്‍ പണം നീക്കിവയ്ക്കാന്‍ തയ്യാറാകുന്നത് ഏറെ സന്തോഷകരമായ കാര്യമാണ്. മുന്‍കാലങ്ങളില്‍ ഭിന്നശേഷിക്കാരുടെ മാതാപിതാക്കളില്‍ ഒരാള്‍ക്ക് ജോലിക്ക് പോകാന്‍ കഴിയുമായിരുന്നില്ല. എന്നാല്‍ ഇത്തരക്കാരുടെ പരിചരണത്തിനും ഉന്നമനത്തിനുമായി ബഡ്സ് സ്കൂളുകള്‍ ആരംഭിച്ചതോടെ ഈ അവസ്ഥക്ക് മാറ്റമുണ്ടായി. നാഷണല്‍ ട്രസ്റ്റിന്‍റെ സഹകരണത്തോടെ ഭിന്നശേഷിക്കാരുടെ രക്ഷാകര്‍തൃത്വവുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ നടന്നു വരികയാണ്. ഭിന്നശേഷിക്കാര്‍ക്കായി സ്വത്തിന്‍റെ ഒരു ഭാഗം നീക്കിവയ്ക്കുന്നത് നിയമം മൂലം കര്‍ശനമാക്കിയതും ഏറെ ഗുണപ്രദമാണെന്നും കലക് ടര്‍ പറഞ്ഞു. 
    ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ സുശീല പുഷ്പന്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ എസ്.സാബിര്‍ ഹുസൈന്‍, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ എല്‍ ഷീബ, ഐ സി ഡി എസ് ജില്ലാ പ്രോഗ്രാം ഓഫീസര്‍ അജീഷ് കുമാര്‍ ഫാ. ബിജു മാത്യൂസ്, നാഷണല്‍ ട്രസ്റ്റ് കണ്‍വീനര്‍ പി കെ രമേശ്, പ്രഫ. കെ മാത്യു, സി കെ രാജന്‍, സിസ്റ്റര്‍ സോഫിയ, തുടങ്ങിയവര്‍ സംസാരിച്ചു.                                                               (പിഎന്‍പി  3666/17)

date