തൊഴിൽ-വിദ്യാഭ്യാസ മേഖലകളിൽ ബൃഹത്തായ പ്രഖ്യാപിച്ച് മന്ത്രി വി. ശിവൻകുട്ടി
സംസ്ഥാനത്തെ തൊഴിൽ മേഖലയുടെ ശാക്തീകരണത്തിനും പൊതുവിദ്യാഭ്യാസ രംഗത്തെ നൂതന സാങ്കേതികവിദ്യകളിലൂടെ ലോകനിലവാരത്തിലേക്ക് ഉയർത്തുന്നതിനുമായി അടുത്ത മൂന്ന് മാസത്തിനുള്ളിൽ നടപ്പിലാക്കുന്ന വിപുലമായ പദ്ധതികളെക്കുറിച്ച് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു. യുവജനങ്ങൾക്ക് സാമ്പത്തിക സഹായം ഉറപ്പാക്കുന്ന പദ്ധതികൾ മുതൽ സ്കൂളുകളിൽ റോബോട്ടിക്സ് വിപ്ലവം വരെയുള്ള മാറ്റങ്ങൾക്കാണ് സർക്കാർ തുടക്കമിടുന്നത്.
സംസ്ഥാനത്തെ തൊഴിൽ മേഖലയിൽ അഞ്ച് പ്രധാന മേഖലകളിലൂന്നിയുള്ള പ്രവർത്തനങ്ങളാണ് തൊഴിലും നൈപുണ്യവും വകുപ്പ് ആസൂത്രണം ചെയ്തിരിക്കുന്നത്. നൈപുണ്യ പരിശീലനം നേടുന്നവർക്കും മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കും പഠനകാലയളവിൽ പ്രതിമാസം ആയിരം രൂപ സ്റ്റൈപ്പൻഡ് നൽകുന്ന 'കണക്ട് ടു വർക്ക്' പദ്ധതിക്കായി 600 കോടി രൂപയുടെ ബജറ്റ് വിഹിതമാണ് വകയിരുത്തിയിരിക്കുന്നത്. വിദ്യാർത്ഥികളിൽ പഠനത്തോടൊപ്പം തൊഴിൽ എന്ന സംസ്കാരം വളർത്തുന്നതിനായി തൊഴിലുടമകളുമായി സഹകരിച്ച് നടപ്പിലാക്കുന്ന 'കർമ്മചാരി' പദ്ധതി 2026 ഫെബ്രുവരി ആദ്യവാരത്തിൽ ഉദ്ഘാടനം ചെയ്യും.
യുവജനങ്ങൾക്ക് ആഗോള തൊഴിലവസരങ്ങൾ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ജർമ്മനിയിലെ ഡ്യൂവൽ വൊക്കേഷണൽ ട്രെയിനിംഗിനായി 500 വിദ്യാർത്ഥികളെ അയക്കും. ഇവർക്ക് 1.30 ലക്ഷം രൂപ വരെ സ്റ്റൈപ്പൻഡ് ലഭിക്കും. ഇതിനായി ആദ്യ ഇൻഡോ-ജർമ്മൻ ട്രെയിനിംഗ് ഫെയർ ഫെബ്രുവരി നാലാം വാരം സംഘടിപ്പിക്കും. ജർമ്മനിയിലെ ഹെസ്സൻ സംസ്ഥാനവുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിനുള്ള ധാരണാപത്രം മാർച്ച് രണ്ടാം വാരത്തിൽ ഒപ്പുവെക്കും. ഡ്രോൺ സാങ്കേതിക വിദ്യയിൽ പരിശീലനം നൽകാൻ കൊട്ടാരക്കരയിൽ ഇന്നോവേഷൻ ആൻഡ് റിസർച്ച് പാർക്ക് സ്ഥാപിക്കുന്നതിന്റെ ഭാഗമായുള്ള ട്രാൻസിറ്റ് ക്യാമ്പസ് ഫെബ്രുവരി രണ്ടാം വാരം എഴുകോൺ പോളിടെക്നിക്കിൽ പ്രവർത്തനം ആരംഭിക്കും. കൂടാതെ, ചാലയിൽ 45 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന സ്കിൽ കോംപ്ലക്സിന്റെ നിർമ്മാണോദ്ഘാടനം മാർച്ച് മൂന്നാം വാരം നടക്കും. വ്യവസായ മേഖലയുടെ സഹായത്തോടെ 482 കോടി രൂപ ചെലവിൽ ഐ.ടി.ഐ. കളെ നവീകരിക്കുന്ന പദ്ധതി മാർച്ച് മാസത്തിൽ ആരംഭിക്കും. വർക്കല, പെരിങ്ങോം, കുറ്റിക്കോൽ, മണിയൂർ ഐ.ടി.ഐ, കളുടെ പുതിയ കെട്ടിടങ്ങൾ ഫെബ്രുവരിയിൽ നാടിന് സമർപ്പിക്കും.
തൊഴിലന്വേഷകർക്കായി കണ്ണൂരിലും തൃശ്ശൂർ തലപ്പള്ളിയിലും മോഡൽ കരിയർ സെന്ററുകൾ സജ്ജമായിക്കഴിഞ്ഞു. കരമന, ചേലക്കര എന്നിവിടങ്ങളിൽ കരിയർ ഡെവലപ്പ്മെന്റ് സെന്ററുകൾ ഫെബ്രുവരിയിലും, കോഴിക്കോട് മോഡൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ജനുവരി അവസാനവും പ്രവർത്തനം തുടങ്ങും. തൊഴിലാളി ക്ഷേമം ഉറപ്പാക്കുന്നതിന്റെ ഭാഗമായി വേജ് പ്രൊട്ടക്ഷൻ സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്ത തൊഴിലാളികൾക്ക് 5 ലക്ഷം രൂപയുടെ അപകടമരണ ഇൻഷുറൻസ് പദ്ധതി ഫെബ്രുവരി രണ്ടാം വാരം ആരംഭിക്കും. ഇതിൽ തൊഴിലാളി വിഹിതം 150 രൂപ മാത്രമാണ്. മോട്ടോർ തൊഴിലാളികൾക്ക് ഓട്ടോറിക്ഷ വാങ്ങുന്നതിനുള്ള പ്രത്യേക വായ്പാ പദ്ധതി ഫെബ്രുവരിയിൽ ആരംഭിക്കും. ആറ് ലക്ഷത്തോളം വരുന്ന ഫാക്ടറി തൊഴിലാളികൾക്കായി 12 ഭാഷകളിൽ പരാതി നൽകാവുന്ന മൊബൈൽ ആപ്പ് ഫെബ്രുവരി മൂന്നാം വാരം പുറത്തിറക്കും.
പൊതുവിദ്യാഭ്യാസ മേഖലയിൽ റോബോട്ടിക്സ് പഠനം പ്രോത്സാഹിപ്പിക്കുന്നതിനായി മുഴുവൻ ഹൈസ്കൂളുകളിലേക്കും 'കൈറ്റ്' വഴി ഫെബ്രുവരിയിൽ 2500 അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾ നൽകും. വൈഫൈ, ബ്ലൂടൂത്ത് സൗകര്യങ്ങളുള്ള ഇ.എസ്.പി-32 ഡെവലപ്മെന്റ് ബോർഡുകൾ ഉൾപ്പെടുന്ന ഈ കിറ്റുകൾ ഉപയോഗിച്ച് ഐ.ഒ.ടി അധിഷ്ഠിത ഉപകരണങ്ങൾ നിർമ്മിക്കാൻ വിദ്യാർത്ഥികൾക്ക് സാധിക്കും. ഇത് കുട്ടികളിൽ ബ്ലോക്ക് കോഡിങ്, പൈത്തൺ പ്രോഗ്രാമിങ് എന്നിവയിൽ നൈപുണ്യം വളർത്താൻ സഹായിക്കും. സ്കൂളുകളിൽ ആരംഭിച്ച 210 സ്കിൽ ഡെവലപ്മെന്റ് സെന്ററുകൾ (SDC) വഴി 420 ബാച്ചുകൾക്ക് പരിശീലനം നൽകുന്നുണ്ട്. 50 കോടി രൂപയുടെ ഉപകരണങ്ങളാണ് ഇതിനായി സജ്ജമാക്കിയിരിക്കുന്നത്.
കാസർഗോഡ് കമ്പല്ലൂർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥിയും കലാരംഗത്തെ പ്രതിഭയുമായ സച്ചുവിന് നാഷണൽ സർവീസ് സ്കീം വീട് നിർമിച്ചു നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. ഇത് മാതൃകാപരമാണെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. ഹയർ സെക്കൻഡറി വിഭാഗത്തിന്റെ ഔദ്യോഗിക വിവരങ്ങൾക്കായി www.hseportal.kerala.gov.in എന്ന പുതിയ വെബ്സൈറ്റ് നാഷണൽ ഇൻഫോർമാറ്റിക്സ് സെന്ററിന്റെ സഹകരണത്തോടെ സജ്ജമാക്കിയ വെബ്സൈറ്റ് മന്ത്രി പ്രകാശനം ചെയ്തു. ഇനിമുതൽ ഹയർ സെക്കൻഡറി വിഭാഗത്തിന്റെ എല്ലാ ഔദ്യോഗിക അറിയിപ്പുകളും ഒരു കുടക്കീഴിൽ ഈ പുതിയ പോർട്ടൽ വഴി ലഭ്യമാവുമെന്നും അദ്ദേഹം അറിയിച്ചു.
പൊതുവിദ്യാഭ്യാസ മേഖലയിൽ കിഫ്ബി വഴി 4000 കോടിയിലധികം രൂപയുടെ നിക്ഷേപമാണ് സർക്കാർ നടത്തിയത്. വിഭാവനം ചെയ്ത പദ്ധതികളിൽ 629 സ്കൂൾ കെട്ടിടങ്ങളുടെ നിർമാണം പൂർത്തിയാക്കി നാടിന് സമർപ്പിക്കാൻ സാധിച്ചതായി അദ്ദേഹം അറിയിച്ചു. നിർമ്മാണം പൂർത്തിയായ 32 സ്കൂൾ കെട്ടിടങ്ങൾ ഫെബ്രുവരി 10-നകം നാടിന് സമർപ്പിക്കും.
പാഠപുസ്തക പരിഷ്കരണത്തിൽ കേരളം ഇന്ത്യയിൽ തന്നെ മാതൃകയായി മാറിയിരിക്കുകയാണ്. ഒന്ന് മുതൽ പത്ത് വരെ ക്ലാസുകളിലെ പരിഷ്കരണം പൂർത്തിയായിക്കഴിഞ്ഞു. ഭാഷാ ന്യൂനപക്ഷങ്ങൾക്ക് ഉൾപ്പെടെ 597 ടൈറ്റിലുകളിലുള്ള പാഠപുസ്ഥകങ്ങളാണ് തയ്യാറാക്കിയിക്കിയിട്ടുണ്ട്. പതിനൊന്നാം ക്ലാസിലെ പുതിയ പാഠപുസ്തകങ്ങൾ ഫെബ്രുവരി രണ്ടാം വാരം പ്രകാശനം ചെയ്യും. മലയാള ഭാഷാ ബില്ലുമായി ബന്ധപ്പെട്ട് ഉയരുന്ന അടിസ്ഥാനരഹിതമായ വിമർശനങ്ങളെ തള്ളിക്കളയണമെന്നും വിദ്യാഭ്യാസ-തൊഴിൽ മേഖലകളിൽ വലിയ മാറ്റങ്ങൾക്കാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉമേഷ് NSK IAS വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.
പി.എൻ.എക്സ്. 356/2026
- Log in to post comments