പഴവര്‍ഗ പോഷകത്തോട്ടങ്ങള്‍: പ്രത്യേക ക്യാമ്പയിനുമായി ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍
#ഓരോ ജില്ലയിലും ശരാശരി 300 പോഷകത്തോട്ട യൂണിറ്റുകള്‍#
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഴവര്‍ഗ പോഷകത്തോട്ടങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള പ്രത്യേക ക്യാമ്പയിനുമായി സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍. 14 ജില്ലകളിലുമായി 4500 പഴവര്‍ഗ പോഷകത്തോട്ട യൂണിറ്റുകള്‍ സ്ഥാപിക്കുവാനാണ് ലക്ഷ്യമിടുന്നത്. ഒരു കാര്‍ഷിക പദ്ധതി എന്നതിലുപരി, കാമ്പസുകളില്‍ വ്യാപകമാകുന്ന ലഹരി ഉപയോഗങ്ങളില്‍ നിന്നും വിദ്യാര്‍ഥികളെ മുക്തരാക്കി, പ്രകൃതിയോടും കൃഷിയോടും സംസ്‌കാരത്തോടും അവരെ ചേര്‍ത്തു നിര്‍ത്തുന്നതിനുള്ള പദ്ധതിയായാണ് വിഭാവനം ചെയ്തിട്ടുള്ളത്.
ഓരോ ജില്ലയിലും ശരാശരി 300 പോഷകത്തോട്ട യൂണിറ്റുകള്‍ വീതം നടപ്പിലാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. ഹയര്‍ സെക്കൻഡറി വിഭാഗങ്ങളിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മുന്‍ഗണന നല്‍കും. സംസ്ഥാന കൃഷിവകുപ്പിന്റെ 'പോഷക സമൃദ്ധി മിഷന്റെ' ഭാഗമായി, ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍ നടപ്പിലാക്കി വരുന്ന 'രാഷ്ട്രീയ കൃഷിവികാസ് യോജന പഴവര്‍ഗ പോഷകതോട്ട പദ്ധതി'യില്‍ ഉള്‍പ്പെടുത്തിയാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. ഗ്രീന്‍ കേഡറ്റ് കോര്‍പ്‌സ് തുടങ്ങിയ വിദ്യാര്‍ഥി കൂട്ടായ്മകളുടെ നേതൃത്വത്തിലും സമ്പൂര്‍ണ വിദ്യാര്‍ത്ഥി പങ്കാളിത്തത്തിലുമായിരിക്കും പദ്ധതി നടപ്പിലാക്കുന്നത്.
കുറഞ്ഞത് 10 സെന്റ് കൃഷിഭൂമിയെങ്കിലും ലഭ്യമായ വിദ്യാഭ്യാസ സ്ഥാപനങ്ങളെയാണ് പദ്ധതിയിലേക്ക് തെരഞ്ഞെടുക്കുക. ഒരു സ്ഥാപനത്തിനു പരമാവധി അഞ്ച് യൂണിറ്റുകള്‍ വരെ (50 സെന്റ്) അനുവദിക്കും. മാവ്, പ്ലാവ്, പപ്പായ, പേര, നെല്ലി, സപ്പോട്ട, റംബുട്ടാന്‍, പാഷന്‍ ഫ്രൂട്ട്, നാരകം, വെസ്റ്റ് ഇന്ത്യന്‍ ചെറി തുടങ്ങി ഓരോ പ്രദേശത്തിനും അനുയോജ്യമായ പഴവര്‍ഗ ഇനങ്ങള്‍ പോഷകത്തോട്ടങ്ങളില്‍ ഉള്‍പ്പെടുത്തും. ഇതിനാവശ്യമായി വരുന്ന പഴവര്‍ഗ തൈകള്‍ സൗജന്യമായി വിതരണം ചെയ്യും.
സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്റെയും കൃഷിവകുപ്പിന്റെയും അനുയോജ്യമായ മറ്റു പദ്ധതികളെക്കൂടി സംയോജിപ്പിച്ചായിരിക്കും ഇത് നടപ്പിലാക്കുന്നത്. ഫെബ്രുവരി ആദ്യം ക്യാമ്പയിന്‍ ആരംഭിക്കുവാനാണ് ലക്ഷ്യമിടുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലകളിലെ ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷനുമായോ കൃഷിഭവനുകളുമായോ ബന്ധപ്പെടുക.
- Log in to post comments