*കുട്ടികള്‍ക്ക് അത്ഭുതക്കാഴ്ചയൊരുക്കി ക്വാണ്ടം സെഞ്ച്വറി എക്‌സിബിഷന്‍*
ക്വാണ്ടം ശാസ്ത്രത്തിന്റെ നൂറുവര്‍ഷത്തെ വളര്‍ച്ചയും ആധുനിക ശാസ്ത്രസാങ്കേതിക പ്രയോഗങ്ങളും സമന്വയിപ്പിച്ച് കുട്ടികള്‍ക്ക് അത്ഭുതക്കാഴ്ചയൊരുക്കുകയാണ് ക്വാണ്ടം സെഞ്ചിറി എക്‌സിബിഷന്‍. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, ശാസ്ത്ര പോര്‍ട്ടലായ ലൂക്ക, കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ക്വാണ്ടം സെഞ്ച്വറി സയന്‍സ് എക്‌സിബിഷനില്‍ കാണാന്‍ ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ സഹകരണത്തോടെ ജില്ലയിലെ വിവിധ ശിശു സംരക്ഷണ സ്ഥാപനങ്ങളില്‍ നിന്നുള്ള 200 ഓളം കുട്ടികളാണ് സുല്‍ത്താന്‍ ബത്തേരി സെന്റ് മേരിസ് കോളേജില്‍ എത്തിയത്. കുട്ടികള്‍ക്കായി വയനാട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയാണ് സൗജന്യ പ്രവേശന പാസുകള്‍ ഏര്‍പ്പെടുത്തിയത്.
ക്വാണ്ടം ശാസ്ത്രത്തിന്റെ അടിസ്ഥാന ആശയങ്ങള്‍ മുതല്‍ ക്വാണ്ടം കമ്പ്യൂട്ടിംഗ്, നാനോ ടെക്‌നോളജി, ക്വാണ്ടം ബയോളജി, ഫോറന്‍സിക് സയന്‍സ് തുടങ്ങിയ ആധുനിക ശാസ്ത്രമേഖലകള്‍ വരെ ഉള്‍ക്കൊള്ളുന്ന 28 വിഷയങ്ങളിലെ എക്‌സിബിറ്റുകള്‍ പ്രദര്‍ശനത്തിലുണ്ട്. ഹോളോഗ്രാം, സിമുലേഷന്‍, വെര്‍ച്വല്‍ റിയാലിറ്റി, ലേസര്‍, സ്ഫിയറിക്കല്‍ പ്രൊജക്ഷന്‍ തുടങ്ങിയ നവീന സാങ്കേതികവിദ്യകളുടെ സഹായത്തോടെയാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. ക്വാണ്ടം ശാസ്ത്ര രംഗത്തെ നൊബേല്‍ പുരസ്‌കാര നേട്ടങ്ങള്‍, സി.വി രാമന്റെ രാമന്‍ പ്രഭാവം, പിരിയോടിക് ടേബിളിലെ വിവിധ മൂലകങ്ങള്‍ എന്നിവ നേരില്‍ കാണാനുള്ള അപൂര്‍വ അവസരമാണ് കുട്ടികള്‍ക്ക് ലഭിച്ചത്.
- Log in to post comments