Skip to main content

പുഞ്ചകൃഷി:മിത്രകുമിളിനെ നശിപ്പിക്കുന്ന രീതിയില്‍  രാസകുമിള്‍/കീടനാശിനി പ്രയോഗം നടത്തരുത്- കീട നിരീക്ഷണ കേന്ദ്രം

പുഞ്ച കൃഷി ഇറക്കിയ വിതച്ച് 70 ദിവസത്തിനുമുകളില്‍ പ്രായമായ ചില പാടശേഖരങ്ങളില്‍ മുഞ്ഞയുടെ സാന്നിദ്ധ്യം കണ്ടിരുന്നു എങ്കിലും കുമിള്‍ രോഗ ബാധ മുലം മുഞ്ഞകള്‍ കൂട്ടമായി ചത്തൊടുങ്ങുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട് എന്ന് കീടനീരിക്ഷണ കേന്ദ്രം പ്രൊജക്ട് ഡയറക്ടര്‍ അറിയിച്ചു.

രോഗബാധയേറ്റ മുഞ്ഞകള്‍ ചെടിയുടെ മുകളിലേക്ക് കയറി ഇലത്തുമ്പില്‍ ഒട്ടിപ്പിടിച്ച്   ചത്തിരിക്കുന്നതാണ് ബാഹ്യലക്ഷണം. ഇപ്രകാരം ചത്തിരിക്കുന്ന മുഞ്ഞകളുടെ      ശരീരത്തില്‍ നിന്നും വെള്ളനിറത്തിലുള്ള കുമിള്‍നാരുകള്‍ പുറത്തേക്ക് വളര്‍ന്നുനില്‍ക്കുന്നത് കാണാം. ഈ കുമിള്‍നാരുകളില്‍ നിന്നും അന്തരീക്ഷത്തിലേക്ക് സ്വതന്ത്രമാക്കപ്പെടുന്ന കുമിള്‍ വിത്തുകള്‍ കൂടുതല്‍ മുഞ്ഞകളില്‍ പതിച്ച് രോഗബാധ ഉണ്ടാക്കുകയും അതുവഴി   രാസകീടനാശിനി പ്രയോഗം കൂടാതെ തന്നെ മുഞ്ഞബാധ നിയന്ത്രണവിധേയമാകുകയും ചെയ്യുന്ന സാഹചര്യം നിലനില്‍ക്കുന്നു.

എന്റമോഫ്‌തോറ ജനുസ്സില്‍പ്പെടുന്നതും, കീടങ്ങളില്‍ രോഗബാധയ്ക്ക്  കാരണമാകുന്നതുമായ കുമിള്‍ ആണ് കുട്ടനാട്ടിലെ നെല്‍പ്പാടങ്ങളില്‍ മുഞ്ഞയുടെ സ്വാഭാവിക നിയന്ത്രണം സാധ്യമാക്കുന്നത്. ഇപ്രകാരം ഓലത്തുമ്പില്‍ മുഞ്ഞകള്‍  കൂട്ടത്തോടെ ഒട്ടിപ്പിച്ച് ചത്തിരിക്കുന്നതായി കാണുകയാണെങ്കില്‍ അത്തരം കണ്ടങ്ങളില്‍ കീടത്തില്‍ രോഗബാധ ഉണ്ടാക്കിയ മിത്രകുമിളിനെ നശിപ്പിക്കുന്ന രീതിയില്‍ രാസകുമിള്‍/കീടനാശിനി പ്രയോഗം പ്രസ്തുത സമയത്ത് നടത്താതിരിക്കാന്‍ കര്‍ഷകര്‍ പ്രത്യേകം ശ്രദ്ധിക്കണം. ഉയര്‍ന്ന ആപേക്ഷിക ആര്‍ദ്രതയും ഇടവിട്ടുള്ള മൂടിക്കെട്ടിയ കാലവസ്ഥയുമാണ് ഇപ്പോള്‍ മിത്രകുമിളിന്റെ വ്യാപനത്തിന് കാരണമായത്. മിത്രകുമിളിന്റെ സാന്നിദ്ധ്യമുള്ള പാടങ്ങളില്‍ നിലം ഉണങ്ങാതെ ചെറിയ അളവില്‍ വെള്ളം    നിലനിര്‍ത്തുന്നത് വയലിലെ സൂക്ഷ്മ കാലാവസ്ഥ മിത്രകുമിളുകളുടെ വ്യാപനത്തിന് അനുകൂലമാകാന്‍ സഹായിക്കും കീടനീരിക്ഷണ കേന്ദ്രം പ്രൊജക്ട് ഡയറക്ടര്‍ അറിയിച്ചു.

date