Skip to main content

ബാലാവകാശ ബോധവത്ക്കരണം: റേഡിയോ നെല്ലിക്ക റോഡ് ഷോ സമാപിച്ചു

സംസ്ഥാന ബാലാവകാശ ബോധത്ക്കരണ റോഡ് ഷോ കോട്ടണ്‍ഹില്‍ സ്‌കൂളില്‍ സമാപിച്ചു. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.വി മനോജ്കുമാര്‍ 'റേഡിയോ നെല്ലിക്ക'  റോഡ് ഷോയുടെ സമാപനം ഉദ്ഘാടനം ചെയ്തു. ആകാശത്തോളം ഉയരത്തിലുള്ള സ്വപ്നങ്ങളിലേക്ക് പറക്കുമ്പോഴും കുട്ടികളെ ചേര്‍ത്തുപിടിക്കാന്‍ കമ്മീഷന്‍  ഒപ്പം ഉണ്ടാകുമെന്ന് ചെയര്‍പേഴ്‌സണ്‍ കെ.വി മനോജ് കുമാര്‍ പറഞ്ഞു. ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് അജിതാ ബീഗം മുഖ്യാതിഥിയായി.

ജനുവരി 11 ന് കാസര്‍ഗോഡ് നിന്നും ആരംഭിച്ച റോഡ് ഷോ പതിനാല് ജില്ലകളിലൂടെ സഞ്ചാരിച്ചാണ് തിരുവനന്തപുരത്ത് സമാപിച്ചത്. കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്റെ ഇന്റര്‍നെറ്റ് റേഡിയോ നെല്ലിക്കയുടെ പ്രചരാണാര്‍ഥം എല്ലാ ജില്ലകളിലെയും സ്‌കൂളുകള്‍ കേന്ദ്രീകരിച്ചാണ് റോഡ്‌ഷോ സംഘടിപ്പിച്ചത്. കുട്ടികളും അധ്യാപകരും രക്ഷിതാക്കളും യുവജനങ്ങളും റോഡ് ഷോയില്‍ പങ്കെടുത്തു.

കുട്ടികളുമായുളള സംവാദം, കുട്ടികളുടെ കലാപരിപാടികള്‍ തുടങ്ങി ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുളള  പരിപാടികളാണ് റേഡിയോ നെല്ലിക്ക റോഡ് ഷോയുടെ ഭാഗമായി നടന്നത്. നിലവില്‍ 15 ലക്ഷത്തോളം ശ്രോതാക്കളാണ് റേഡിയോ നെല്ലിക്കയ്ക്ക് ഉള്ളത്.

ലോകത്ത് എവിടെ നിന്നും 24 മണിക്കൂറും പരിപാടികള്‍ കേള്‍ക്കാനാകും. തിങ്കള്‍ മുതല്‍ വെള്ളിവരെ നാലു മണിക്കൂറാണ് പ്രോഗ്രാം. ശനിയും ഞായറും പ്രോഗ്രാം ആവര്‍ത്തിക്കും. പരിപാടികള്‍ക്കിടയില്‍ പരസ്യങ്ങളുമില്ല. കുട്ടികളുടെ അവകാശ നിയമങ്ങളെക്കുറിച്ചുള്ള റൈറ്റ് ടേണ്‍, ഫോണ്‍ ഇന്‍ പരിപാടിയായ ഇമ്മിണി ബല്യ കാര്യം, കുട്ടികളും രക്ഷിതാക്കളും അധ്യാപകരും സംശയങ്ങള്‍, പരിഭവങ്ങള്‍, പ്രയാസങ്ങള്‍, സന്തോഷങ്ങള്‍, അനുഭവങ്ങള്‍, കഥകള്‍ എന്നിവ കത്തുകളിലൂടെ പങ്കുവയ്ക്കുന്ന ആകാശദൂത്, റേഡിയോ ചാറ്റ് പ്രോഗ്രാമായ അങ്കിള്‍ ബോസ് തുടങ്ങി വ്യത്യസ്തമായ പരിപാടികളാണ്  റേഡിയോ നെല്ലിക്കയുടെ ശ്രോതാക്കളുടെ മുന്നിലെത്തുന്നത്.

കോട്ടണ്‍ഹില്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ മെമ്പര്‍ കെ.കെ ഷാജു അധ്യക്ഷത വഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഷിബു പ്രേം ലാല്‍. ഇ, സ്‌കൂള്‍ ഹെഡ്മിസ്ട്രസ്  ഗീത. ജി, ബാലാവകാശ സംരക്ഷണ കമ്മീഷന്‍ സെക്രട്ടറി എച്ച്. നജീബ് എന്നിവര്‍ പങ്കെടുത്തു.

date