Skip to main content

ജില്ലയിലെ 9 റോഡുകൾ നവീകരിക്കുന്നതിനായി 206 കോടി രൂപ അനുവദിച്ചു

 

ജില്ലയിലെ ഒൻപത് റോഡുകളുടെ വികസനത്തിന്‌ 206 കോടി രൂപ അനുവദിച്ചതായി പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. സെൻട്രൽ റോഡ് ഇൻഫ്രാസ്ട്രക്ചർ  ഫണ്ട് (സി.ആർ.ഐ.എഫ്) പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡുകളുടെ വികസനത്തിന്‌ അനുമതി ലഭിച്ചത്. 

ബേപ്പൂർ മണ്ഡലത്തിലെ അമ്പലപ്പാടി- മൂന്നിലംപാടം- പുള്ളിക്കടവ്- പെരുമുഖം- കള്ളംപറ- മണ്ണൂർ വളവ്- പ്രബോധിനി- വടക്കുമ്പാട്- മുരുക്കല്ലിങ്ങൽ- വട്ടപ്പറമ്പ്- കടലുണ്ടികടവ് റോഡ് നവീകരണത്തിനായി 16 കോടി രൂപയാണ് അനുവദിച്ചത്. 

കുന്ദമംഗലം നിയോജകമണ്ഡലത്തിലെ മൂന്ന് റോഡുകൾക്ക് 62 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭ്യമായത്. ചാത്തമംഗലം ഇഷ്ടികബസാർ സങ്കേതം മൂഴാപ്പാലം തെങ്ങിലക്കടവ് റോഡിന് 19 കോടി രൂപ, പുൽപ്പറമ്പ്മുക്ക് നായർകുഴി എംവിആർ ഹോസ്പിറ്റൽ വെള്ളലശ്ശേരി കഴുത്തൂട്ടിമുക്ക് കണ്ണിപറമ്പ് കുറ്റിക്കടവ് ചെട്ടിക്കടവ് റോഡിന് 20 കോടി രൂപ, മെഡിക്കൽ കോളേജ് മാവൂർ റോഡിന് 23 കോടി രൂപ എന്നിങ്ങനെയാണ് തുക അനുവദിച്ചിട്ടുള്ളത്. 

തിരുവമ്പാടി നിയോജക മണ്ഡലത്തിലെ മൂന്ന് റോഡുകൾക്കായി 79 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. നാലാം വളവ് -അടിവാരം- നൂറാം തോട് റോഡ്‌ നവീകരണം 26 കോടി, ഫാത്തിമ എസ്റ്റേറ്റ്- തോട്ടുമുക്കം -പള്ളിത്താഴെ - തേക്കിൻ ചുവട് - പത്തനാപുരം റോഡിന് 30 കോടി, മണാശ്ശേരി- മുത്താലം- മുത്തേരി- കല്ലുരുട്ടി- ഓമശ്ശേരി- തിരുവമ്പാടി റോഡിന് 23 കോടി എന്നിങ്ങനെയാണ് അനുവദിച്ചത്. ബാലുശ്ശേരി, കൊടുവള്ളി, എലത്തൂർ നിയോജക മണ്ഡലങ്ങളിൽ ഉൾപ്പെടുന്ന നെല്ലാം കണ്ടി- എളേറ്റിൽ വട്ടോളി -വള്ളിയോത്ത്-കാരുകുന്നത് റോഡ്‌ നവീകരണത്തിനായി 29 കോടിയും അനുവദിച്ചു. കൊയിലാണ്ടി മണ്ഡലത്തിലെ മൂരാട്- ഓയിൽ മില്ല്- കോട്ടക്കൽ- കൊളാവിപ്പാലം- ആവിക്കൽ- തിക്കോടി ഗ്രാമപഞ്ചായത്ത് റോഡ് നവീകരണത്തിന് 20 കോടി രൂപ ഭരണാനുമതിയും ലഭിച്ചു.

സംസ്ഥാനത്താകെ 39 റോഡുകൾക്കായി 988.75 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചതെന്നും പദ്ധതി പൂർത്തിയാവുന്നതോടുകൂടി മുഴുവൻ റോഡുകളും ദേശീയപാത നിലവാരത്തിലേക്ക് ഉയരുമെന്നും മന്ത്രി പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന് സമർപ്പിച്ച പദ്ധതികൾക്കാണ് അനുമതിയായത്.

date