Skip to main content

കേദാരം 2017 ഉദ്ഘാടനം നാളെ (ഏഴിന്)

    കൃഷി വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ ത്രിതല പഞ്ചായത്തുകള്‍, കാര്‍ഷിക സര്‍വകലാശാല, കൃഷി വിജ്ഞാന കേന്ദ്രം, മൃഗ-ക്ഷീര-ഫിഷറീസ് വകുപ്പുകള്‍, നാളീകേര വികസന ബോര്‍ഡ്, ബാങ്കുകള്‍ എന്നിവയുടെ സഹകരണത്തോടെ കേദാരം 2017 എന്ന പേരില്‍ നടത്തുന്ന സാങ്കേതിക വിജ്ഞാന സംഗമം നാളെ അടൂര്‍ മാര്‍ത്തോമ യൂത്ത് സെന്‍ററില്‍ നടക്കും. പരിപാടിയുടെ ഉദ്ഘാടനം ഉച്ചയ്ക്ക് 12ന് കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനില്‍ കുമാര്‍ നിര്‍വഹിക്കും. കാര്‍ഷിക പ്രദര്‍ശനം ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി.തോമസ് ഉദ്ഘാടനം ചെയ്യും. ആന്‍റോ ആന്‍റണി എംപി മുഖ്യപ്രഭാഷണം നടത്തും.ചിറ്റയം ഗോപകു  മാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കും.  എംഎല്‍എമാരായ അടൂര്‍  പ്രകാശ്, രാജു എബ്രഹാം, വീണാജോര്‍ജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അന്നപൂര്‍ണാദേവി, ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ എലിസബത്ത് അബു, ആത്മ പ്രോജക്ട് ഡയറക്ടര്‍ ഷൈനി ഇസ്രയേല്‍, കൃഷി വകുപ്പ് ഡയറക്ടര്‍ എം.എം സുനി ല്‍ കുമാര്‍, വിവിധ തദ്ദേശ ഭരണ ഭാരവാഹികള്‍, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ തുടങ്ങിയര്‍ പങ്കെടുക്കും. 
    സംയോജിത കൃഷി പരിചരണ മുറകള്‍ ജൈവ രീതിയില്‍ എന്ന വിഷയത്തിലുള്ള സെമിനാര്‍ നാളെ (ഏഴിന്) രാവിലെ 10ന് നടക്കും.  കൃഷി അഡീഷണല്‍ ഡയറക്ടര്‍ എ.ഗിരിജകുമാരി, കാര്‍ഷിക സര്‍വകലാശാല സയന്‍റിഫിക് ഓഫീസര്‍ (റിട്ട.) ഡോ.യു.ദിവാകര്‍ എന്നിവര്‍ പങ്കെടുക്കും. കൃഷി അനുബന്ധ മേഖലകളിലെ വിദഗ്ദ്ധ കര്‍ഷകരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള വിജയഗാഥ എന്ന പരിപാടി ഉച്ചയ്ക്ക് 2.30ന് നടക്കും. വയനാട്ടിലെ കര്‍ഷകനായ ചെറുവയല്‍ രാമന്‍, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ സുജ ജോര്‍ജ്, കൃഷി ഓഫിസര്‍ ജെ.സജീവ് തുടങ്ങിയ   വര്‍ പങ്കെടുക്കും. 
    എട്ടിന് രാവിലെ 10ന് ക്ഷീര-മത്സ്യ കര്‍ഷക സംഗമം ചിറ്റയം ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സൗദാ രാജന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഷൈല ജോസഫ്, പന്തളം നഗരസഭാധ്യക്ഷ ടി.കെ.സതി, ഏഴംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വിജു രാധാകൃഷ്ണന്‍, ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സില്‍വി മാത്യു, ഫിഷറീസ് വകുപ്പ് അസിസ്റ്റന്‍റ് ഡയറക്ടര്‍ പി.സജി തുടങ്ങിയവര്‍ പങ്കെടുക്കും. 
    കൃഷിയിലും അനുബന്ധ മേഖലയിലും ശാസ്ത്രീയ ഗവേഷണങ്ങളിലൂടെ ഉരുത്തിയിരിയുന്ന നൂതന സാങ്കേതിക വിദ്യകള്‍ കാര്യക്ഷമമായി കര്‍ഷകരിലേക്കും കൃഷിയിടങ്ങളിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ 2010 ല്‍ കേന്ദ്ര സര്‍ക്കാരിന്‍റെ സഹായത്തോടെ ദേശീയ തലത്തില്‍ ആവിഷ്കരിച്ച പദ്ധതിയാണ് ആത്മ എന്ന പേരില്‍ അറിയപ്പെടുന്ന അഗ്രികള്‍ച്ചറല്‍ ടെക്നോളജി മാനേജ്മെന്‍റ് ഏജന്‍സി. കാര്‍ഷിക മേഖലയിലെയും മറ്റനുബന്ധ മേഖലകളിലെയും കര്‍ഷകര്‍ക്ക് സാങ്കേതിക വിദ്യകള്‍ ഒരു കുടക്കീഴില്‍ പകര്‍ന്നു നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ആത്മ പത്തനംതിട്ടയും കൃഷി വകുപ്പും ചേര്‍ന്ന് കേദാരം 2017 എന്ന പേരില്‍ കാര്‍ഷിക മേളയും സാങ്കേതിക വിജ്ഞാന സംഗമവും സംഘടിപ്പിക്കുന്നത്. ആധുനിക കാര്‍ഷിക യന്ത്രങ്ങളുടെ പ്രദര്‍ശനം, അത്യുത്പാദന ശേഷിയുള്ള ഫലവൃക്ഷ തൈകള്‍, വിത്തിനങ്ങള്‍, തേന്‍, കൂണ്‍, കിഴങ്ങു വര്‍ഗങ്ങള്‍, മത്സ്യം, ജൈവ-ജീവാണു വളങ്ങള്‍, പഞ്ചഗവ്യം തുടങ്ങിയവയുടെ പ്രദര്‍ശനവും വില്‍പ്പനയും മേളയോടനുബന്ധിച്ച് ഉണ്ടായിരിക്കും.                                        (പിഎന്‍പി 3675/17)    

date