'ഉയരെ' സംസ്ഥാനതല കലാജാഥ ജില്ലയില്‍ പര്യടനം നടത്തി
കുടുംബശ്രീ ജെന്‍ഡര്‍ കാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച 'നയിചേതന 4.0 ഉയരെ' സംസ്ഥാനതല കലാജാഥ ജില്ലയില്‍ പര്യടനം നടത്തി. ലിംഗസമത്വം ഉറപ്പാക്കുക, സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം വര്‍ധിപ്പിക്കുക, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കുടുംബശ്രീ നല്‍കുന്ന സുരക്ഷാ-പിന്തുണാ സംവിധാനങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ജാഥ സംഘടിപ്പിച്ചത്. രാമനാട്ടുകരയില്‍ നിന്നാരംഭിച്ച് കൊയിലാണ്ടി വഴി പര്യടനം നടത്തിയ ജാഥ താമരശ്ശേരിയില്‍ സമാപിച്ചു.
കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ നല്‍കിയ സ്വീകരണത്തില്‍ ജില്ലാ ജെന്‍ഡര്‍ ഡി.പി.എം നിഷിദ സൈബൂനി, നഗരസഭ കുടുംബശ്രീ നോര്‍ത്ത് സി.ഡി.എസ് വൈസ് ചെയര്‍പേഴ്‌സണ്‍ ആരിഫ, പയ്യോളി സി.ഡി.എസ് മെമ്പര്‍ രമിന എന്നിവര്‍ സംസാരിച്ചു.
കുടുംബശ്രീയുടെ കമ്യൂണിറ്റി തിയേറ്റര്‍ ഗ്രൂപ്പായ 'രംഗശ്രീ'യിലെ അംഗങ്ങളാണ് സ്ത്രീശാക്തീകരണവും ലിംഗാവബോധവും പ്രമേയമാക്കി വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചത്. വിവിധ കേന്ദ്രങ്ങളിലെ ചടങ്ങുകളില്‍ സി.ഡി.എസ് അംഗങ്ങള്‍, കമ്യൂണിറ്റി കൗണ്‍സിലര്‍മാര്‍, സ്‌നേഹിത പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments