Skip to main content

കേന്ദ്രപദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണം: വി.കെ. ശ്രീകണ്ഠൻ എം.പി.

 

 

 

ജില്ലയിൽ നടപ്പിലാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതികൾ കൂടുതൽ കാര്യക്ഷമമായും സമയബന്ധിതമായും പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം. കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ജില്ലാതല കോ-കോർഡിനേഷൻ ആൻഡ് മോണിറ്ററിംഗ് സമിതി (ദിശ) യോഗത്തിലാണ് സമിതി ചെയർമാൻ കൂടിയായ വി.കെ. ശ്രീകണ്ഠൻ എം.പി. നിർദ്ദേശം നൽകിയത്. പാലക്കാട് കെ.പി.എം. ഹോട്ടലിൽ 2025-26 സാമ്പത്തിക വർഷത്തെ മൂന്നാം പാദ യോഗമാണ് ചേർന്നത്.

ജില്ലയുടെ വികസനവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട 95 പദ്ധതികളുടെ പുരോഗതി യോഗം വിലയിരുത്തി. ദേശീയപാത വികസനം, കഞ്ചിക്കോട് ഇൻഡസ്ട്രിയൽ കോറിഡോർ നിർമ്മാണം, പാലക്കാട് റെയിൽവേ സ്റ്റേഷനിലെ പിറ്റ് ലൈൻ പ്രവൃത്തികൾ എന്നിവയുടെ നിലവിലെ അവസ്ഥ എം.പി. ചോദിച്ചറിഞ്ഞു. കൂടാതെ, ജൽ ജീവൻ മിഷൻ വഴിയുള്ള കുടിവെള്ള കണക്ഷനുകൾ, അമൃത് പദ്ധതി, പി.എം.എ.വൈ ഭവന നിർമ്മാണം തുടങ്ങിയവയുടെ പ്രവർത്തനങ്ങളും അവലോകനം ചെയ്തു.

 ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ ഗുണഭോക്താക്കൾക്കും 100 ദിവസം തൊഴിൽ ഉറപ്പാക്കാൻ നടപടി സ്വീകരിക്കണം. പദ്ധതി നിർവ്വഹണത്തിൽ എന്തെങ്കിലും തരത്തിലുള്ള തടസ്സങ്ങൾ നേരിടുന്നുണ്ടെങ്കിൽ അത് ഉദ്യോഗസ്ഥർ അറിയിക്കണം.

 ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യം (NHM), കാർഷിക വികസന പദ്ധതികൾ എന്നിവയുടെ ഗുണഫലം സാധാരണക്കാരിലേക്ക് കൃത്യമായി എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും എം പി നിർദ്ദേശിച്ചു.

യോഗത്തിൽ മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം നീതു ശങ്കർ, പാലക്കാട് നഗരസഭ ചെയർമാൻ പി.സ്മിതേഷ്, മണ്ണാർക്കാട് നഗരസഭ ചെയർപേഴ്സൺ കെ.സജ്ന, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സൗമ്യ വിനേഷ് (മരുതറോഡ്), മേരി ജോസഫ് (തച്ചമ്പാറ), ഷിബു സിറിയക് (അഗളി) ജില്ലാ കളക്ടറുടെ പ്രതിനിധിയായ ഡെപ്യൂട്ടി കളക്ടർ (എൽ.എ), ദിശ കൺവീനറായ ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടർ, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

 

date