തൃക്കരിപ്പൂരിന് 40 കോടിയുടെ റോഡ് വികസനം; ഭരണാനുമതി
തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ രണ്ട് റോഡുകള്‍ക്ക് സെന്‍ട്രല്‍ റോഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി 40 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി എം.രാജഗോപാലന്‍ എം.എല്‍.എ. അറിയിച്ചു. പോത്താംകണ്ടം- അത്തൂട്ടി- കൂളിയാട്- പാമ്പെരിങ്ങാര- പള്ളിപ്പാറ റോഡിന് 22 കോടി, ഒളവറ- ഉടുമ്പുംതല- വെള്ളാപ്പ്- ആയിറ്റി റോഡിന് 18 കോടി രൂപയുമാണ് അനുവദിച്ചത്. പൊതുമരാമത്ത് ദേശീയപാത വിഭാഗം ചീഫ് എന്‍ജിനീയര്‍ സംസ്ഥാന തലത്തില്‍ മുന്‍ഗണന നിശ്ചയിച്ച് നല്കുന്ന പദ്ധതി സംസ്ഥാന സര്‍ക്കാറിന്റെ നിര്‍ദ്ദേശം പരിഗണിച്ചാണ് ഭരണാനുമതിക്കായി കേന്ദ്രത്തിന് ശുപാര്‍ശ ചെയ്യുന്നത്.
ഓരോ നിയോജകമണ്ഡലങ്ങളില്‍ എം.എല്‍.എമാര്‍ മുന്‍ഗണന നിശ്ചയിച്ചു നല്കുന്ന നിര്‍ദ്ദേശം പരിഗണിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ മുന്‍ഗണന നല്കാന് പരിഗണിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ഗതാഗത മന്ത്രാലയം വര്‍ഷങ്ങളായി സി.ആര്.എഫില്‍ ഉള്‍പ്പെടുത്തി പദ്ധതികള്‍ക്ക് അനുമതിനല്‍കി വരുന്നത്. സംസ്ഥാന സര്‍ക്കാര്‍ ഇത്തരത്തില്‍ നല്‍കിയിട്ടുള്ള 39 റോഡുകള്‍ക്കാണ് ഇപ്പോള്‍ 988.75 കോടി രൂപയുടെ ഭരണാനുമതി കേന്ദ്ര ഗതാഗത മന്ത്രാലയം നല്‍കിയിട്ടുള്ളത്.
പോത്താംകണ്ടം- പാടിയോട്ടുചാല്‍ റോഡ് കൂടി ഉള്‍പ്പെടുത്തിയാണ് ആദ്യ പ്രവര്‍ത്തിയുടെ പ്രപ്പോസല്‍ തയ്യാറാക്കിയിട്ടുള്ളത്. ഒളവറ- ഉടുംബന്തല- വെള്ളാപ്പ് ആയിറ്റി റോഡിന്റെ ഒരു റീച്ചിന് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് നല്‍കിയിട്ടുള്ള അഞ്ച് കോടി രൂപയുടെ പ്രവര്‍ത്തി ഇപ്പോള്‍ നടന്നുവരികയാണ്. ഈ ചെയിനേജ് ഒഴിവാക്കിയാണ് പ്രസ്തുത പ്രവര്‍ത്തി നടപ്പിലാക്കുക. ഈ റോഡില്‍ വരുന്ന വീതി കുറഞ്ഞ പഴയപാലം പുനര്‍നിര്‍മ്മിക്കും.
- Log in to post comments