അറിവും ആനന്ദവും പകർന്ന് 'ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ് ' ജില്ലാതല മത്സരം
*അട്ടപ്പള്ളം സെൻ്റ്.തോമസ് ഇ.എം.എച്ച്.എസ് സ്കൂളും മുരിക്കാശേരി പാവനാത്മാ കോളേജും ജേതാക്കൾ
അറിവും ആനന്ദവും പകർന്ന ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ് ജില്ലാതല മത്സരം വിദ്യാർഥികളുടെ സജീവ പങ്കാളിത്തത്തിലൂടെ 'അറിവ് ഉത്സവമായി' മാറി. കുട്ടിക്കാനം മരിയൻ കോളേജിൽ നടന്ന മത്സരത്തിൽ സ്കൂൾ വിഭാഗത്തിൽ അട്ടപ്പള്ളം സെൻ്റ.തോമസ് ഇ.എം.എച്ച്.എസും കോളേജ് വിഭാഗത്തിൽ മുരിക്കാശ്ശേരി പാവനാത്മ കോളേജും ഒന്നാം സമ്മാനം കരസ്ഥമാക്കി. സ്കൂൾ തല മത്സരത്തിൽ അട്ടപ്പള്ളം സെൻ്റ.തോമസ് ഇ.എം.എച്ച്.എസിലെ
മഹാലക്ഷമി. ജി, ഹിബ ഷക്കീറ എന്നിവർ ഉൾപ്പെട്ട ടീമാണ് ജേതാക്കളായത്. രണ്ടാം സമ്മാനം ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം സർക്കാർ ഹൈസ്കൂളിലെ സന ഫാത്തിമ ജലീലും, അമൃത ബിജുവും ഉൾപ്പെട്ട ടീം കരസ്ഥമാക്കി. മൂന്നാം സമ്മാനം മുരിക്കടി വിശ്വനാഥപുരം എം.എ.ഐ ഹൈസ്കൂളിലെ അദ്വൈത് ബി, അഭിനവ് പി എസ് എന്നിവർ ഉൾപ്പെട്ട ടീമും നേടി.
കോളേജ് വിഭാഗത്തിൽ മുരിക്കാശ്ശേരി പാവനാത്മ കോളേജിലെ ആകാശ് പി സജി, ജീവൻ ബിജു എന്നിവരടങ്ങിയ ടീം ജേതാക്കളായി. പുറപ്പുഴ ഗവ. പോളിടെക്നിക് കോളേജിലെ അഭിനന്ദ് കെ.എൻ, ഹരികൃഷ്ണൻ കെ. ആർ എന്നിവരടങ്ങിയ ടീം രണ്ടാം സമ്മാനം കരസ്ഥമാക്കി. നെടുങ്കണ്ടം എംഇഎസ് കോളേജിലെ ശ്രീഷ എം.എസ്, നന്ദു കെ. എസ് എന്നിവരടങ്ങിയ ടീം മൂന്നാം സമ്മാനവും നേടി.
രാവിലെ സ്കൂൾതല മത്സരവും, ഉച്ചയ്ക്ക് ശേഷം കോളേജ്തല മത്സരവുമാണ് നടന്നത്. കേരളത്തിൻ്റെ ഇന്നലെ ഇന്നും നാളെയുമൊക്കെ ചോദ്യങ്ങളായപ്പോൾ പുതുതലമുറക്ക് ഉത്തരത്തിനായി അധികം ചിന്തിക്കേണ്ടി വന്നില്ല. ജില്ലയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ പൂർത്തിയാകുന്നതിന് മുൻപെ ഉത്തരങ്ങൾക്കായി വിദ്യാർഥികളുടെ പേന ചലിച്ചു. ചരിത്രം, നവോത്ഥാനം, കല, സാഹിത്യം, സിനിമ, കായികം, നവകേരള പദ്ധതികൾ തുടങ്ങി വിവിധ മേഖലകളിലെ ചോദ്യങ്ങൾ, ശബ്ദ സംഭാഷണത്തിൽ നിന്ന് വ്യക്തികളെ തിരിച്ചറിയുക തുടങ്ങി വ്യത്യസ്ഥവും ആകാംക്ഷയും നിറഞ്ഞതായിരുന്നു സി.എം മെഗാ ക്വിസ്. മത്സരാർഥികളെ കുഴക്കിയ ചോദ്യങ്ങൾ വേദി വിട്ട് കാണികളിലേക്കും എത്തി. ഉത്തരം പറഞ്ഞ കാണികൾക്ക് സമ്മാനങ്ങളും എത്തിയതോടെ കാണികളും ആവേശത്തിലായി. ഇൻഫർമേഷൻ ആൻ്റ് പബ്ലിക് റിലേഷൻസ് വകുപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ് എന്നീ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിലാണ് ചീഫ് മിനിസ്റ്റേഴ്സ് മെഗാക്വിസ് സംഘടിപ്പിച്ചത്. ഡോ. ജി.കെ ആഗ്നേയ് ക്വിസ് മാസ്റ്ററായിരുന്നു.
പ്രാഥമികതലത്തിൽ സ്കൂൾ വിഭാഗത്തിൽ 15 ടീമുകളിലായി 30 പേരാണ് മത്സരിച്ചത്.
കോളേജ് വിഭാഗത്തിൽ 37 ടീമുകളിലായി 74 പേരും മത്സരിച്ചു. ഇവരിൽ നിന്ന് കൂടുതൽ പോയിൻ്റ് നേടിയ ആറു ടീമുകൾ വീതമാണ് ഇരുവിഭാഗത്തിലും ഫൈനലിൽ മാറ്റുരച്ചത്.
മത്സര വിജയികൾക്ക് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് കോട്ടയം മേഖല ഡെപ്യൂട്ടി ഡയറക്ടർ കെ. ആർ പ്രമോദ് കുമാർ, ഇടുക്കി എഞ്ചിനിയറിംഗ് കോളേജ് പ്രിൻസിപ്പലും സി.എം ക്വിസ് ജില്ലാ നോഡൽ ഓഫീസറുമായ ഡോ.ബൈജു ശശിധരൻ, കുട്ടിക്കാനം മരിയൻ കോളേജ് പ്രിൻസിപ്പൽ ഡോ. അജിമോൻ ജോർജ്, സി.എം ക്വിസ് ജില്ലാ അസിസ്റ്റൻ്റ് നോഡൽ ഓഫീസർ സിജു പി.ടി, പീരുമേട് ഉപജില്ല വിദ്യാഭ്യാസ ഓഫീസർ എം. രമേശ്, എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. ജില്ലാ ഇൻഫർമേഷൻ ഓഫീസ് അസിസ്റ്റൻ്റ് എഡിറ്റർ സുനിൽ കുമാർ എം.എൻ, അസിസ്റ്റൻ്റ് ഇൻഫർമേഷൻ ഓഫീസർ അരുൺ എം, എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
ചിത്രം: 1) സി.എം മെഗാ ക്വിസ് സ്കൂൾ വിഭാഗത്തിൽ വിജയികളായ വിദ്യാർഥികൾ.
2) കോളേജ് വിഭാഗത്തിൽ വിജയികളായ വിദ്യാർഥികൾ
3) സിഎം മെഗാ ക്വിസിൽ നിന്ന്.
- Log in to post comments