Skip to main content

കൃഷി ഭാവി തലമുറയ്ക്ക് പകർന്നുനൽകാൻ യുവകർഷകർ മുന്നോട്ടുവരണം: മന്ത്രി വി. ശിവൻകുട്ടി

#തരിശുപാടത്തിൽ നെൽകൃഷി ഉദ്ഘാടനം ചെയ്തു#

കൃഷി കേവലമൊരു തൊഴിലല്ലെന്നും സംസ്‌കാരത്തിന്റെ ഭാഗമാണന്നും അത് ഭാവിതലമുറയ്ക്ക് പകർന്നുനൽകാൻ യുവകർഷകർ മുന്നോട്ടുവരുന്നത് നല്ല കാര്യമാണെന്നും പൊതുവിദ്യാഭ്യാസവും തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. നേമം കൃഷിഭവൻ പരിധിയിൽ തരിശായി കിടന്ന 60 ഏക്കർ പാടത്താരംഭിച്ച നെൽകൃഷി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

വിദ്യാഭ്യാസ രംഗത്തെ വികസന കുതിപ്പിനൊപ്പം കാർഷിക സ്വയംപര്യാപ്തതയിലേക്കും നാട് നടന്നു കയറുകയാണന്നും യാതൊരു വേർതിരിവുകളുമില്ലാതെ, നേമത്തെ ഒരു മാതൃകാ മണ്ഡലമാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. ഏകദേശം 680 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് നേമം മണ്ഡലത്തിൽ നടപ്പിലാക്കി വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനകീയ ആസൂത്രണം 'ഫ്രൂട്ട് സിറ്റി' പദ്ധതിയുടെ ഭാഗമായി സ്‌കൂളുകളിലും വീടുകളിലും പൊതുസ്ഥലങ്ങളിലും ഫലവൃക്ഷത്തൈകൾ വെച്ചുപിടിപ്പിക്കുന്ന പദ്ധതിയും ഇതിനോടൊപ്പം നടപ്പിലാക്കി. ഇതിനായി സഹകരിച്ച എൻ.എസ്.എസ് വോളണ്ടിയർമാരെയും എൻ.പി.ആർ.എഫിനെയും അദ്ദേഹം അഭിനന്ദിച്ചു.

കേരളത്തിലെ 107 കൃഷിഭവനുകളിൽ നടപ്പിലാക്കി വരുന്ന 'കൃഷി സമൃദ്ധി' പദ്ധതി പ്രകാരമാണ് തരിശുപാടത്ത് നെൽകൃഷി പുനരാരംഭിച്ചിട്ടുളളത്. കാർഷിക വികസന കർഷക ക്ഷേമ വകുപ്പും തിരുവനന്തപുരം നഗരസഭയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.

മേലേ മാങ്കിളിക്കരി, മേലേ പൊന്നുമംഗലം പാടശേഖരത്തിൽ വച്ച് നടന്ന ചടങ്ങിൽ തിരുവനന്തപുരം നഗരസഭ ഡെപ്യൂട്ടി മേയർ ആശാനാഥ്, ചലച്ചിത്ര സംവിധായകൻ ശങ്കർ രാമകൃഷ്ണൻ, കൃഷി ഓഫീസർ കെ. ജി. ബിനു ലാൽ, ഡെപ്യൂട്ടി ഡയറക്ടർ ഓഫ് അഗ്രികൾച്ചർ പ്രേമവല്ലി തുടങ്ങിയവർ പങ്കെടുത്തു.

date