Skip to main content

ആറ്റുകാൽ പൊങ്കാല മഹോത്സവം പരാതികളില്ലാതെ വിപുലമായി സംഘടിപ്പിക്കും: വി.എൻ വാസവൻ

#വിവിധ വകുപ്പുകളുടെ അവലോകന യോ​ഗം നടത്തി#

​#ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ മുഴുവൻ സമയ കൺട്രോൾ റൂം#

​#ന​ഗരം ശുചിയാക്കുന്നതിന് 2500 തൊഴിലാളികൾ, 1200 ഹരിതകർമ്മസേന അം​ഗങ്ങൾ#

ഫെബ്രുവരി 23 മുതൽ മാർച്ച് 4 വരെ നടത്തുന്ന ആറ്റുകാൽ പൊങ്കാല മഹോത്സവം പരാതികളില്ലാതെ കുറ്റമറ്റ രീതിയിൽ സംഘടിപ്പിക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി വി.എൻ വാസവൻ. ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ആറ്റുകാൽ ക്ഷേത്രം ഓഫീസിൽ സംഘടിപ്പിച്ച അവലോകന യോ​ഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേ​ഹം.

കഴിയുന്നത്ര വനിതാ പോലീസ്, ഫയർഫോഴ്സ്, എക്സൈസ് ഉദ്യോ​ഗസ്ഥരെ പൊങ്കാല മഹോത്സവത്തിന് നിയോ​ഗിക്കണമെന്നും ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ മുഴുവൻ സമയ കൺട്രോൾ റൂം ക്ഷേത്ര പരിസരത്ത് പ്രവർത്തിപ്പിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. കുടിവെള്ളത്തിലെ കോളിഫോം ബാക്ടീരിയ കണ്ടെത്തുന്നതിന് ഭക്ഷ്യസുരക്ഷ, ആരോ​ഗ്യ വിഭാ​ഗം എന്നിവയുടെ നേതൃത്വത്തിൽ സംയുക്ത പരിശോധന നടത്തണം. എക്സൈസിന്റെയും പോലീസിന്റെയും നേതൃത്വത്തിൽ ലഹരിപരിശോധന കർശനമാക്കണം.  

പൊങ്കാല ഉത്സവ സമയത്ത് കാലാവധി കഴിഞ്ഞ പല ഉത്പ്പന്നങ്ങളും വിറ്റഴിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുള്ളതിനാൽ ക്ഷേത്രപരിസരത്തെ കടകളിൽ ഫു‍ഡ് സേഫ്റ്റി ഉദ്യോ​ഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധന ശക്തമാക്കണം. കച്ചവടത്തിന് എത്തുന്നവർക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കുന്നതിന് കോർപ്പറേഷൻ നടപടി സ്വീകരിക്കണം. ക്ഷേത്രപരിസരത്ത് ആവശ്യമായ ലൈറ്റുകൾ ക്രമീകരിക്കണം. പൊങ്കാല സമയത്ത് മാലിന്യം വലിച്ചെറിയുന്നതിന് നടപടി സ്വീകരിക്കുന്നതിന് ശുചിത്വമിഷനും കോർപ്പറേഷനും യോജിച്ച് പ്രവർത്തിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.

പൊങ്കാല ദിവസം ക്ഷേത്ര പരിസരത്ത് കെ.എസ്.ആർ.ടി.സി ബസ്സുകൾ യുടേൺ എടുക്കുന്നത് പ്രശ്നം സൃഷ്ടിക്കുന്നതായി നേരത്തെ പരാതി ഉണ്ടായിരുന്നു. ഇത് പരിഹരിക്കുന്നതിന് കെ.എസ്.ആർ.ടി.സി അധികൃതരും പോലീസും സംയുക്ത യോ​ഗം ചേരണം. ക്ഷേത്രത്തിൽ നിന്ന് 20 കിലോമീറ്റർ അപ്പുറത്തേക്ക് വരെ പൊങ്കാല അടുപ്പുകൾ നീളുന്നതിനാൽ ക്ഷേത്രപരിസരത്ത് മാത്രമല്ല മറ്റ് സ്ഥലങ്ങളിലും ഓക്സിജൻ സിലിണ്ടർ ഉൾപ്പെടെയുള്ള ആംബുലൻസ് സേവനം സജ്ജമാക്കണമെന്നും മന്ത്രി ഉദ്യോ​ഗസ്ഥർക്ക് നിർദ്ദേശം നൽകി.

പൊങ്കാല കഴിഞ്ഞുള്ള പുറത്ത് എഴുന്നള്ളത്തിന് പ്രത്യേക സംഘത്തെ ഇത്തവണ നിയോ​ഗിക്കുമെന്ന് പോലീസ് അധികൃതർ അറിയിച്ചു. പൊങ്കാല ദിവസം ചന്ദ്ര​ഗ്രഹണം കാരണം നാല് മണിക്കൂർ ദർശന സമയം കുറയുന്നതിനാൽ അവിട്ടം തിരുനാൽ ലൈബ്രറി മുതൽ നടപ്പന്തൽ കെട്ടി ഭക്തർക്ക് വെയിൽ കൊള്ളാതെ വരിയിൽ നിൽക്കുന്നതിനുള്ള സൗകര്യം ഒരുക്കണമെന്നും പോലീസ് അധികൃതർ ആവശ്യപ്പെട്ടു. മാത്രമല്ല കലാപരിപാടികൾ മറ്റും നടക്കുന്ന പ്രധാന സ്റ്റേജ്, റോഡിന് അഭിമുഖമായി കഴി‍ഞ്ഞ വർഷം ക്രമീകരിച്ചത് മാറ്റി സജ്ജമാക്കണമെന്നും ആവശ്യം ഉയർന്നു.

മാലിന്യ നിർമ്മാർജ്ജനത്തിനായി ന​ഗരസഭയുടെ നേതൃത്വത്തിൽ 150 ട്രക്കുകൾ സജ്ജീകരിക്കും. പൊങ്കാല കഴിഞ്ഞ് ബാക്കിയാവുന്ന ഇഷ്ടികകൾ നീക്കം ചെയ്യുന്നതിനും ന​ഗരം ശുചിയാക്കുന്നതിനും കോർപ്പറേഷന്റെ നേതൃത്വത്തിൽ 2500 തൊഴിലാളികളേയും 1200 ഹരിതകർമ്മസേന അം​ഗങ്ങളേയും 900 കോർപ്പറേഷൻ കണ്ടിജന്റ് ജീവനക്കാരേയും നിയോ​ഗിക്കും. അന്നദാനം രജിസ്ട്രേഷൻ നിർബന്ധമാക്കും. മൊബൈൽ ടോയ്ലറ്റുകൾ കൂടുതൽ ക്രമീകരിക്കും. ഫയർഫോഴ്സ് കൺട്രോൾ റൂം ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് പ്രവർത്തിക്കും. പൊങ്കാല ദിവസം ​ഹൈഡ്രജൻ ബലൂണുകൾ നിരോധിക്കണമെന്ന് ഫയർഫോഴ്സ് അധികൃതർ ആവശ്യപ്പെട്ടു.

ക്ഷേത്രപരിസരത്തെ 28 വാർഡുകൾ ഉത്സവ മേഖലയായി പ്രഖ്യാപിക്കുന്നതിനും പൊങ്കാല ദിവസം അവധി നൽകുന്നതിനും നടപടി സ്വീകരിക്കും. പൊങ്കാലയുടെ തലേദിവസം വൈകീട്ട് 6 മുതൽ പിറ്റേന്ന് വൈകീട്ട് 6വരെ മദ്യനിരോധനം ഏർപ്പെടുത്തും. ഫെബ്രുവരി 23 മുതൽ പൊങ്കാല കഴിയുന്നതുവരെ ആരോ​ഗ്യ വിഭാ​ഗത്തിന്റെ കൺട്രോൾ റൂം പ്രവർത്തിക്കും. കുത്തിയോട്ടത്തിൽ പങ്കെടുക്കുന്ന കുട്ടികൾക്കായി പീഡിയാട്രീഷ്യൽ ഉൾപ്പെടുന്ന പ്രത്യേക മെഡിക്കൽ ടീമും പ്രവർത്തിക്കും.

കെ.എസ്.ആർ.ടി.സി 700 ബസ്സുകളും ബജറ്റ് ടൂറിസത്തിന്റെ ഭാ​ഗമായി 250 ബസ്സുകളും പ്രത്യേക സർവ്വീസ് നടത്തും. ഫെബ്രുവരി 23 മുതൽ ക്ഷേത്ര പരിസരത്തുനിന്ന് ന​ഗരത്തിലെ പ്രധാന ഇടങ്ങളിലേക്കും തിരിച്ചും സർവ്വീസുകൾ ആരംഭിക്കും. 1600 താത്ക്കാലിക കുടിവെള്ള കണക്ഷനുകളും ഷവറിം​ഗ് പോയിന്റുകളും പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് വാട്ടർ അഥോറിറ്റി ഒരുക്കും. ശുചിത്വമിഷന്റെ നേതൃത്വത്തിൽ ഡോർ ഡു ഡോർ ക്യാമ്പയിനും ബോധവത്ക്കരണ ക്ലാസ്സുകളും സംഘടിപ്പിക്കും.

മേയർ വി.വി രാജേഷ്, ദേവസ്വം വകുപ്പ് സെക്രട്ടറി എം.ജി രാജമാണിക്യം, സിറ്റി പോലീസ് കമ്മീഷണർ കെ.കാർത്തിക്, ഡിസിപി ദീപക് ധൻകർ, ആറ്റുകാൽ ഭ​ഗവതി ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികൾ, വിവിധ വകുപ്പുകളിലെ ഉദ്യോ​ഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date