Skip to main content

അക്ഷരം ആരോഗ്യം: കുട്ടികൾ ഹെൽത്ത് അമ്പാസഡർമാരാകുന്നു

*സ്‌കൂൾ ആരോഗ്യ പരിപാടി ഉദ്ഘാടനം ഫെബ്രുവരി 6ന്

കേരളത്തിലെ യുവതലമുറയുടെ സമഗ്രമായ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സമഗ്ര സ്‌കൂൾ ആരോഗ്യ പരിപാടി (അക്ഷരം ആരോഗ്യം) നടപ്പിലാക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാനത്തെ എല്ലാ സർക്കാർഎയ്ഡഡ് സ്‌കൂളുകളിലും ഒന്നു മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളെ ഗുണഭോക്താക്കളായി ഉൾപ്പെടുത്തി നടപ്പാക്കുന്നതാണ് അക്ഷരം ആരോഗ്യം. ആരോഗ്യ അവബോധവും മികച്ച ആരോഗ്യ ശീലങ്ങളും കുട്ടികളിലൂടെ കുടുംബങ്ങളിലേക്കും അതുവഴി സമൂഹത്തിലേക്കും എത്തിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.

അക്ഷരം ആരോഗ്യം പരിപാടി വഴി പരിശോധന നടത്തിയ കുട്ടികൾക്ക് ഹെൽത്ത് കാർഡ് നൽകും. ഹെൽത്ത് കാർഡിൽ കുട്ടിയുടെ ആരോഗ്യ വിവരങ്ങൾ രേഖപ്പെടുത്തും. ഈ കാർഡ് തുടർന്ന് ഇലക്ട്രോണിക്ക് ഹെൽത്ത് കാർഡ് ആയി മാറ്റുകയും പൂർണ സ്വകാര്യതയോടെയും സുരക്ഷിതത്തോടെയും കൂടി സ്റ്റേറ്റ് ഡേറ്റാ സെന്ററിൽ സൂക്ഷിക്കുകയും ചെയ്യും. അടിയന്തര ഘട്ടത്തിൽ ഈ ഇലക്ട്രോണിക് രേഖ കുട്ടിക്ക് വളരെ സഹായകമായിത്തീരും.

എല്ലാ സ്‌കൂളുകളിലും ഹെൽത്ത് അസംബ്ലിഹെൽത്ത് കോർണർ ഉണ്ടായിരിക്കുംഇതിലൂടെ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുകയും അനാരോഗ്യകരമായ ശീലങ്ങൾ തടയുകയും ചെയ്യുന്നു.

ഓരോ സ്‌കൂളിലും ഹെൽത്ത് മെന്റർമാരായി അധ്യാപകരെ തിരഞ്ഞെടുക്കുകയും അവർക്ക് വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് തയ്യറാക്കിയ മോഡ്യൂൾ പ്രകാരം പരിശീലനം നൽകുന്നതാണ്. ഈ അധ്യാപകർ കൃത്യമായ ഇടവേളകളിൽ തുടർച്ചയായി നാലു മേഖലകൾ അടങ്ങുന്ന 11 തീമുകളിൽ കുട്ടികൾക്ക് ആരോഗ്യ വിദ്യാഭ്യാസം നൽകുന്നതാണ്. ഇതിന് വേണ്ട സമയവും സൗകര്യവും സ്‌കൂൾ അധികൃതർ കണ്ടെത്തും.

ആരോഗ്യ വിദ്യാഭ്യാസം പ്രായാധിഷ്ഠിതമായ രീതിയിലായിരിക്കും നൽകുന്നത്. ആരോഗ്യത്തിന്റെ വിവിധ ഘട്ടങ്ങളെക്കുറിച്ച് വിദ്യാർത്ഥികൾക്ക് ശാസ്ത്രീയമായ അറിവ് ജിജ്ഞാസ പങ്കാളിത്തം എന്നിവ സൃഷ്ടിക്കാനാകും. ഈ അവബോധം കുട്ടികളിൽ നിന്ന് കുടുംബങ്ങളിലേക്കും അവിടെ നിന്ന് സമൂഹത്തിലേക്കും പകർന്നു നൽകാനാകും. അക്ഷരം ആരോഗ്യം പരിപാടിയിൽ വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തം നൽകുന്നതിന് വേണ്ടി ഹെൽത്ത് അമ്പാസഡർമാരായി എല്ലാ ക്ലാസിൽ നിന്നും ഒന്നോ രണ്ടോ കുട്ടികളെ തിരഞ്ഞെടുക്കും. ഇവരിലൂടെ അധ്യാപകർ നൽകുന്ന വിവരങ്ങൾ കൂടുതൽ സൗഹാർദ്ദപരമായി വിദ്യാർത്ഥികളുടെ ഇടയിൽ പ്രചരിപ്പിക്കും.

അയൺ ഫോളിക് ആസിഡ് ഗുളികകൗമാരാരോഗ്യ പരിപാടിപ്രതിരോധ കുത്തിവെയ്പ്പുകൾആർത്തവ ശുചിത്വ പരിപാടി തുടങ്ങിയ സ്‌കൂളുകളിൽ നടക്കുന്ന ആരോഗ്യ പരിപാടികളേയും പദ്ധതികളേയും അക്ഷരം ആരോഗ്യം കൂടുതൽ ശക്തീകരിക്കും. മാത്രവുമല്ല അടിയന്തിര ഘട്ടങ്ങളിൽ ഒട്ടും താമസം വരാതെ ശാസ്ത്രീയമായ രീതിയിൽ പ്രഥമ ശുശ്രൂഷ സ്‌കൂളിൽവച്ചോ വഴിയിൽവച്ചോ വീട്ടിൽവച്ചോ ഉണ്ടാകുകയാണെങ്കിൽ ആ നേരത്ത് പ്രാഥമിക രക്ഷാ സഹായം നൽകുന്നതിന് വിദ്യാർത്ഥികളേയും അധ്യാപകരേയും അക്ഷരം ആരോഗ്യം പദ്ധതി ഘട്ടംഘട്ടമായി പരിശീലിപ്പിക്കുന്നതായിരിക്കും. ആരോഗ്യ പ്രശ്നങ്ങൾ നേരത്തെകൂട്ടി കണ്ടെത്തുന്നതിലൂടെ സുഗമമായി പരിഹരിക്കാനാകും. ഇതുവഴി മാനസിക ആക്കാദമിക ശാരീരിക മികവിലേക്കും നേരിട്ട് അക്ഷരം ആരോഗ്യം പദ്ധതികൾക്ക് പങ്കുവഹിക്കാനാകും.

'അക്ഷരം ആരോഗ്യംസ്‌കൂൾ ആരോഗ്യ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ഫെബ്രുവരി 6ന് രാവിലെ 11 ന് കോട്ടൺഹിൽ ഗവ. ഹയർസെക്കന്ററി സ്‌കൂളിൽ വച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം നിർവഹിക്കും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിക്കും.

പി.എൻ.എക്സ്. 510/2026

date