ആരോഗ്യ അറിവുകൾ കലയുമായി കോർത്തിണക്കി 'ആരോഗ്യ കലോത്സവം' ആലപ്പുഴയിൽ
ആരോഗ്യ സംബന്ധിയായ തങ്ങളുടെ അറിവുകൾ കലയുമായി കോർത്തിണക്കി അവതരിപ്പിക്കാൻ വേദിയൊരുക്കുന്ന ‘ആരോഗ്യ കലോത്സവത്തിനായി ആലപ്പുഴ ഒരുങ്ങി.
ബ്ലോക്ക് തലമത്സരങ്ങളിൽ പങ്കെടുത്ത 1500ൽ പരം വിദ്യാർഥികളിൽ നിന്നും ഒന്നും രണ്ടും സ്ഥാനം നേടിയ 282 പേരാണ് ഏഴിന് കളർകോട് ഗവ. എൽ.പി. സ്കൂളിൽ നടക്കുന്ന ജില്ലാതല മത്സരത്തിൽ പങ്കെടുക്കുന്നത്. ആലപ്പുഴ നഗരസഭ ചെയർപേഴ്സൺ മോളി ജേക്കബ് ഉദ്ഘാടനം നിർവഹിക്കും. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എ.എം. നൗഫൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജില്ല കളക്ടർ അലക്സ് വർഗീസ് വിശിഷ്ടാതിഥിയായി പങ്കെടുക്കും.
ഫെബ്രുവരി ആറിന് സംസ്ഥാന തലത്തിൽ ഉദ്ഘാടനം ചെയ്യപ്പെടുന്ന ‘അക്ഷരം ആരോഗ്യം സ്കൂൾ ആരോഗ്യ പദ്ധതി’യുടെ ഭാഗമായിട്ടാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. അക്ഷരം ആരോഗ്യം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും ഇതോടൊപ്പം നടക്കും.
കഥാകഥനം, പ്രസംഗം, പ്രച്ഛന്നവേഷം, ചിത്രരചന, പദപ്രശ്നം എന്നീ വ്യക്തിഗത മത്സരങ്ങളും ഏഴ് പേർ അടങ്ങുന്ന അഭിനയഗാനം എന്ന ഗ്രൂപ്പ് ഇനവുമാണ് കലോത്സവത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
മത്സരത്തിൽ പങ്കെടുക്കുന്നവർക്കെല്ലാം സർട്ടിഫിക്കറ്റുകളും ട്രോഫിയും സമ്മാനിക്കും.
ജില്ല ആർ.സി.എച്ച്. ഓഫീസർ ഡോ. പാർവതി പ്രസാദിന്റെ നേതൃത്വത്തിൽ ഡെപ്യൂട്ടി ജില്ല എജ്യൂക്കേഷൻ മീഡിയ ഓഫീസർമാരായ ഡോ. ഐ. ചിത്ര, ഡോ. ആർ സേതുനാഥ് എന്നിവരാണ് ആരോഗ്യകലോത്സവം ആസൂത്രണം ചെയ്തത്.
- Log in to post comments