കാര്യറ സര്‍ക്കാര്‍ എല്‍ പി സ്‌കൂളിന് പുതിയ കെട്ടിടം പൊതുവിദ്യാഭ്യാസമേഖലയില്‍ വികസനതുടര്‍ച്ച: സ്പീക്കര്‍ എ എന്‍ ഷംസീര്‍
പൊതുവിദ്യാഭ്യാസമേഖലയില്‍ സമാനതകളില്ലാത്ത വികസനതുടര്‍ച്ച ഉറപ്പാക്കിയെന്ന് നിയമസഭ സ്പീക്കര്‍ എ എന്‍ ഷംസീര്‍. കാര്യറ സര്‍ക്കാര്‍ എല്‍ പി സ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഭൗതികസാഹചര്യങ്ങള്‍ മെച്ചപ്പെട്ടതോടെ കുട്ടികളുടെ എണ്ണം വര്‍ദ്ധിച്ചു. അക്കാദമിക്ക് ഗുണനിലവാരവും ഉയര്‍ത്താനായി. കുട്ടികളില്‍ വായനാശീലം വളര്‍ത്തിയെടുക്കാന്‍ അധ്യാപകര്‍ മുന്‍കൈയെടുക്കണം, അവരെ മത്സരപരീക്ഷകള്‍ക്ക് തയ്യാറാക്കുന്നതിനൊപ്പം കലാ-കായിക മത്സരങ്ങളിലും പങ്കെടുപ്പിക്കണം. പിടിഎ യോഗങ്ങളില്‍ രക്ഷിതാക്കളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നും ഓര്‍മിപിച്ചു.
വിദ്യാഭ്യാസനവീകരണ പദ്ധതിയില്‍പ്പെടുത്തി പത്തനാപുരം നിയോജകമണ്ഡലത്തിലെ എല്ലാ സ്‌കൂളുകളിലെയും അടിസ്ഥാനസൗകര്യങ്ങള്‍ മികവുറ്റതാക്കിയെന്ന് അധ്യക്ഷനായ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ പറഞ്ഞു. ആസ്തിവികസനനിധിയില്‍നിന്ന് ഒരു കോടി രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം നിര്‍മിച്ചത്. മണ്ഡലത്തിലെ 55 സ്‌കൂളുകളിലും 44 അംഗനവാടികളിലും നവീകരണപ്രവര്‍ത്തികള്‍ തുടരുകയാണ്. കാര്യറയില്‍ കുടിവെള്ള പദ്ധതിക്കായി 8.5 കോടി രൂപ അനുവദിച്ചു. പി വി ജംഗ്ഷനിലൂടെ പുതിയ ബസ് സര്‍വീസും ആരംഭിക്കും. വിളക്കുടി-കാര്യറ റെയില്‍വേ മേല്‍പ്പാലനിര്‍മാണവും വേഗത്തില്‍ തുടങ്ങുമെന്ന് അദ്ദേഹം വ്യക്തമാക്കി.
വിളക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി എം മഞ്ജു, വൈസ് പ്രസിഡന്റ് ജെ സജീവ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജി ശ്രീജ, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് പി രേഖ, സ്ഥിരംസമിതി അധ്യക്ഷകര്‍, പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയകക്ഷിനേതാക്കള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments