ജവഹർ ബാലഭവൻ റവന്യൂ ജില്ലാ കലോത്സവത്തിന് തുടക്കം; കലാവാസനകൾ പരിപോഷിപ്പിക്കാൻ മികച്ച വേദിയെന്ന് ജില്ലാ കളക്ടർ
ജവഹര്‍ ബാലഭവന്റെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന റവന്യൂ ജില്ലാ കലോത്സവം ജില്ലാ കളക്ടര്‍ അലക്‌സ് വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. പഠനം എന്നതിലുപരി കുട്ടികളുടെ ഉള്ളിലെ കലകളെ പരിപോഷിപ്പിക്കുക എന്ന ദൗത്യമാണ് ഈ കലോത്സവത്തിലൂടെ ജവഹർ ബാലഭവൻ ഏറ്റെടുത്തിരിക്കുന്നതെന്നും ബാലഭവന്റെ പ്രവർത്തനങ്ങൾ കുട്ടികളുടെ കലാ-കായിക വാസനകളെ ഇനിയും കൂടുതൽ പരിപോഷിപ്പിക്കാൻ പ്രാപ്തമാകട്ടെയെന്നും കളക്ടർ പറഞ്ഞു.
കോവിഡ് പ്രതിസന്ധിയെ തുടർന്ന് 2019 മുതൽ നിർത്തിവച്ചിരുന്ന കലോത്സവം സ്ഥാപനത്തിന്റെ സുവർണ്ണ ജൂബിലി വാർഷികാഘോഷത്തിന്റെ ഭാഗമായാണ് ഈ വർഷം മുതൽ വീണ്ടും ആരംഭിച്ചത്. ഫെബ്രുവരി എട്ട് വരെയാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.
എൽപി, യുപി, എച്ച്എസ് വിദ്യാർഥികൾക്കായി പെയിന്റിംഗ്, പെൻസിൽ ഡ്രോയിംഗ്, കാർട്ടൂൺ,ലളിത സംഗീതം, പദ്യപാരായണം,ഭരതനാട്യം, മോഹിനിയാട്ടം, നാടോടിനൃത്തം, മാപ്പിളപ്പാട്ട്, ശാസ്ത്രീയസംഗീതം, പ്രസംഗം, സംഘഗാനം, നാടൻപാട്ട്, ഉപകരണസംഗീതം എന്നിങ്ങനെ വിവിധ ഇനങ്ങളിൽ മൂന്ന് ദിവസങ്ങളിലായാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.
ജവഹർ ബാലഭവൻ ഡയറക്ടർ ബോർഡ് അംഗം എംവി പ്രിയ ചടങ്ങിൽ അധ്യക്ഷയായി. ജവഹർ ബാലഭവൻ എക്സിക്യൂട്ടീവ് ഡയറക്ടർ ബി രാജശേഖരൻ നായർ, മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ എസ് വാഹിദ്, ഡയറക്ടർ ബോർഡ് അംഗം എ.എസ് കവിത, ജില്ലാ വിദ്യാഭ്യാസ എ.ഇ.ഒ ശോഭന, ജവഹർ ബാലഭവൻ ഡയറക്ടർ ബോർഡ് അംഗം റ്റി.എം.എ സഖാഫി, ഗാന്ധി സ്മാരകനിധി പ്രതിനിധി ജഗദീശൻ കളത്തിൽ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments