സഹകരണ സ്ഥാപനങ്ങൾ പുതിയ സാധ്യതകൾ പ്രയോജനപ്പെടുത്തി വളരണം: മന്ത്രി പി പ്രസാദ്
*ആലപ്പുഴ സഹകരണ സ്പിന്നിംഗ് മില്ലിൻ്റെ ഹരിതസംരംഭം "ആലപ്പി ഗാർഡൻസ്" മന്ത്രി ഉദ്ഘാടനം ചെയ്തു
സഹകരണ സ്ഥാപനങ്ങൾ സമൂഹത്തിലെ പുതിയ സാധ്യതകൾ പ്രയോജനപ്പെടുത്തി വളരുകയും വികസിക്കുകയും വേണമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. വ്യവസായ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ആലപ്പുഴ സഹകരണ സ്പിന്നിംഗ് മില്ലിൻ്റെ ഹരിതസംരംഭമായ "ആലപ്പി ഗാർഡൻസിൻ്റെ" ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
സ്പിന്നിംഗ് മിൽ പുതിയ മേഖലകളിലേക്ക് കൂടി ചുവടുവെപ്പുകൾ നടത്തുകയാണ്. സ്പിന്നിംഗ് മില്ലിന്റെ ജോലികൾ നിർവഹിക്കുന്നതോടൊപ്പം തന്നെ ഇപ്പോഴത്തെ സാധ്യതകൾക്കനുസരിച്ച് ഗാർഡനെ എങ്ങനെ പ്രയോജനപ്പെടുത്തി മുമ്പോട്ട് കൊണ്ടുപോകാം എന്ന് ആലോചിക്കേണ്ടത് അനിവാര്യമാണ്. സ്പിന്നിങ് മില്ലിന്റെ പുതിയ സംരഭമായ 'ആലപ്പി ഗാർഡൻസിൽ നിന്ന് മറ്റുള്ളവർ കൊടുക്കുന്നതിനേക്കാൾ വില കുറച്ച് ഏറ്റവും ഗുണമേന്മയുള്ളത് ജനങ്ങൾക്ക് നൽകാൻ സാധിക്കും. ഇത് സ്ഥാപനത്തിന് വരുമാനമായി മാറും. വരുമാനം വർദ്ധിക്കുമ്പോൾ അതിന്റെ പ്രയോജനം ഉണ്ടാകുക എല്ലാവർക്കുമാണെന്നും മന്ത്രി പറഞ്ഞു.
അത്യുത്പാദന ശേഷിയുള്ള ഫലവൃക്ഷത്തൈകൾ, പൂച്ചെടികൾ തുടങ്ങി എല്ലാ തരത്തിലുമുള്ള ചെടികളും അനുബന്ധ വസ്തുക്കളും വിലക്കുറവിൽ ലഭിക്കുന്ന രീതിയിലാണ് ഗാർഡൻ പ്രവർത്തിക്കുക. ഇൻഡോർ പ്ലാന്റുകൾ, ആകർഷകമായ ചെടിച്ചട്ടികൾ, വിവിധ തരം വളങ്ങൾ ഇവയെല്ലാം ആലപ്പി ഗാർഡൻസിൽ ലഭ്യമാണ്. ഉദ്ഘാടനം ദിവസം മുതൽ അടുത്ത മൂന്ന് ദിവസത്തേക്ക് ഗാർഡനിലെ തെരഞ്ഞെടുത്ത ഇനങ്ങൾ കോമ്പോ ഓഫറിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കിയിട്ടുമുണ്ട്.
ആലപ്പുഴ സഹകരണ സ്പിന്നിംഗ് മിൽസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഡി അംബുജാക്ഷി ടീച്ചർ, പത്തിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ബി പ്രശാന്ത്, പത്തിയൂർ ഗ്രാമപഞ്ചായത്ത് അംഗം ദീപക് എരുവ, ഹാൻഡ്ലൂം ആൻഡ് ടെക്സ്റ്റൈൽസ് ചെയർമാൻ ഡോ. കെ. എസ് കൃപാകുമാർ, മാനേജിംഗ് ഡയറക്ടർ പി എസ് ശ്രീകുമാർ, ബി പി ടി എക്സിക്യൂട്ടീവ് ചെയർമാൻ കെ അജിത് കുമാർ, സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷൻ ഡയറക്ടർ സജി ജോൺ, അഗ്രികൾച്ചർ (എച്ച് ) ഡെപ്യൂട്ടി ഡയറക്ടർ ബിന്ദു സാറ എബ്രഹാം, വ്യവസായ വകുപ്പ് അണ്ടർ സെക്രട്ടറിയും ഭരണസമിതി അംഗവുമായ ആർ ദിലീപ് കുമാർ, ടെക്സ്ഫെഡ് മാനേജിംഗ് ഡയറക്ടറും ഭരണസമിതി അംഗവുമായ എബി തോമസ്, പത്തിയൂർ കൃഷി ഓഫീസർ ദീപ ആർ ചന്ദ്രൻ, എ സി എസ് എം ഡെപ്യൂട്ടി മാനേജർ ജെ ജയരാജ്, ആലപ്പി ഗാർഡൻസ് കൺവീനർ ടി ആര് വിജയകുമാർ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
- Log in to post comments