Skip to main content

സിയാലിന്റേത് നാടിനെയും തൊഴിലാളികളെയും ചേർത്തുപിടിച്ചുള്ള വികസനം; മന്ത്രി പി. രാജീവ്

ലാഭമുണ്ടാക്കുന്ന ഒരു ബിസിനസ് സ്ഥാപനം എന്നതിലുപരി, നാടിനെയും തൊഴിലാളികളെയും ഒരുപോലെ ചേർത്തുപിടിച്ചുകൊണ്ടുള്ള വികസന മാതൃകയാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (സിയാൽ) ഉയർത്തിപ്പിടിക്കുന്നതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. സിയാൽ എയ്റോ പാർക്ക് ഫെയ്സ് വണ്ണിന്റെ ഉദ്ഘാടന ചടങ്ങിൽ ആധ്യക്ഷം വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 കോവിഡ് കാലത്തെ പ്രതിസന്ധികളെ ഏറ്റവും വേഗത്തിൽ മറികടന്ന് മികച്ച ലാഭത്തിലേക്ക് തിരിച്ചെത്തിയ ഇന്ത്യയിലെ ആദ്യ വിമാനത്താവളമാണ് സിയാൽ. സ്ഥാപനത്തിന്റെ ലാഭം കൃത്യമായി വിനിയോഗിച്ചുകൊണ്ട് ഓഹരി ഉടമകൾക്ക് ഏറ്റവും ഉയർന്ന ലാഭവിഹിതം (50% ഡിവിഡന്റ്) നൽകുന്ന സ്ഥാപനമായി മാറാൻ സിയാലിന് കഴിഞ്ഞു. 0484 ലക്ഷ്വറി എയറോ ലോഞ്ച്, ബിസിനസ് സെന്റർ, താജ് കൊച്ചി എയർപോർട്ട് ഹോട്ടൽ, ഗോൾഫ് ക്ലബ്, കൺവെൻഷൻ സെന്ററുകൾ തുടങ്ങി വൈവിധ്യമാർന്ന ബിസിനസ് മേഖലകളിലേക്കുള്ള സിയാലിന്റെ മുന്നേറ്റം ശ്രദ്ധേയമാണ്.

ജീവനക്കാരുടെ ന്യായമായ എല്ലാ താല്പര്യങ്ങളും സംരക്ഷിച്ചുകൊണ്ടാണ് സിയാലിന്റെ ഓരോ ചുവടുവെപ്പും. കാർഗോ സർവീസുകളിൽ ഔട്ട്‌സോഴ്സിംഗ് നടപ്പിലാക്കിയപ്പോൾ നിലവിലുള്ളവരെ പുറത്താക്കാതെ  അവർക്ക് ആവശ്യമായ പരിശീലനം നൽകി ഉയർന്ന തസ്തികകളിൽ ജോലി നൽകി. ശമ്പള പരിഷ്കരണം, പ്രൊമോഷൻ, പരാതി പരിഹാര സംവിധാനങ്ങൾ എന്നിവ കൃത്യമായി നടപ്പിലാക്കി വരുന്നു.  തൊഴിലാളികൾക്കായി സൊസൈറ്റിയും ഇൻഷുറൻസ് പരിരക്ഷയും ഉറപ്പാക്കി.
​വിമാനത്താവളത്തിനായി ഭൂമി വിട്ടുനൽകിയവരുടെ ദീർഘകാലമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ഈ കാലയളവിൽ സാധിച്ചു.വിമാനത്താവള പരിസരത്തെ ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കാൻ ഇടപെടൽ നടത്താൻ കഴിഞ്ഞു.
 
ഇൻഹൗസ് ഡിജി യാത്ര, ബിസിനസ് ജെറ്റ് ടെർമിനൽ, അത്യാധുനിക ഇമ്പോർട്ട് കാർഗോ ടെർമിനൽ തുടങ്ങിയ പദ്ധതികൾ സിയാലിനെ ആഗോള നിലവാരത്തിലേക്ക് ഉയർത്തി.
എയറോപാർക്ക് പദ്ധതിയുടെ മൂന്ന് ഘട്ടവും പൂർത്തിയാകുന്നതോടെ 
 സിയാൽ ഒരു സമ്പൂർണ്ണ ഏവിയേഷൻ എക്കോസിസ്റ്റമായി പരിവർത്തനപ്പെടുമെന്നും മന്ത്രി പറഞ്ഞു.

date