പ്രകൃതി കൃഷി പദ്ധതിയിലൂടെ ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപന പരിധികളിലും മോഡൽ കൃഷിയിടങ്ങൾ ഉണ്ടാകണം ; മന്ത്രി പി. പ്രസാദ്
*കെ എം ആർ എൻ എഫ് പ്രകൃതി കൃഷി ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്തു
സംസ്ഥാനത്തെ തിരഞ്ഞെടുത്ത പഞ്ചായത്തുകളിൽ നടപ്പിലാക്കുന്ന പ്രകൃതി കൃഷി പദ്ധതിയിലൂടെ ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപന പരിധികളിലും മോഡൽ കൃഷിയിടങ്ങൾ ഉണ്ടാകണമെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു.തൃശ്ശൂർ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷനിൽ സംഘടിപ്പിച്ച നാഷണൽ മിഷൻ ഓൺ നാച്ചുറൽ ഫാമിംഗ് ( എൻ എം എൻ എഫ് ) പദ്ധതിയുടെ ഭാഗമായി കേരള മോഡൽ ഉത്തരവാദിത്ത പ്രകൃതി കൃഷി ഉപമിഷന്റെ (കെ എം ആർ എൻ എഫ്) നേതൃത്വത്തിൽ സംഘടിപ്പിച്ച ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഷരഹിത കാർഷിക ഉത്പാദനത്തെ കുറിച്ച് അറിവ് നൽകുന്ന ഇടങ്ങളായി പ്രസ്തുത കൃഷിയിടങ്ങൾ മാറണമെന്നും അദ്ദേഹം പറഞ്ഞു.
സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ കൃഷിരീതികൾ പ്രോത്സാഹിപ്പിക്കുകയും സംസ്ഥാനതലത്തിൽ പ്രകൃതി കൃഷി വ്യാപിപ്പിക്കുന്നതിനുള്ള ഏകോപന പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്യുന്നതാണ് ശില്പശാലയുടെ ലക്ഷ്യം.സംസ്ഥാനത്തെ 14 ജില്ലകളിലായി 290 പഞ്ചായത്തുകളിൽ 102 ക്ലസ്റ്ററുകളിലായി ആകെ 5100 ഹെക്ടർ പ്രദേശത്ത് നിലവിൽ പ്രകൃതി കൃഷി നടപ്പിലാക്കി വരുന്നു. ജില്ലാ തല പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി 15 ഫാർമർ മാസ്റ്റർ ട്രെയിനർമാരും 204 കമ്മ്യൂണിറ്റി റിസോഴ്‌സ് പേഴ്സൺമാരും പ്രവർത്തിക്കുന്നു. കൃഷി വകുപ്പിന്റെ 41 ഫാമുകളിലായി 22.84 ഹെക്ടറിൽ നാച്ചുറൽ ഫാമിംഗ് മോഡൽ പ്ലോട്ടുകൾ സ്ഥാപിച്ച് പച്ചക്കറി, നെല്ല്, വാഴ, ഇഞ്ചി, മഞ്ഞൾ, കപ്പ, തേങ്ങ, ഔഷധസസ്യങ്ങൾ തുടങ്ങിയ വിളകളുടെ കൃഷി ആരംഭിച്ചിട്ടുണ്ട്. മിഷൻ മോഡിൽ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി വിപുലമായ പരിശീലന പരിപാടികളും നടപ്പിലാക്കി വരുന്നു. പ്രകൃതി കൃഷിയുടെ പ്രസക്തി, വിളസമ്പ്രദായങ്ങൾ, ജൈവവൈവിധ്യം, മണ്ണിന്റെ ആരോഗ്യ പരിപാലനം, ബയോ ഇൻപുട്ട് റിസോഴ്സ് സെൻററുകൾ തുടങ്ങിയ വിഷയങ്ങളിൽ സീനിയർ കൃഷി ഓഫീസർ രശ്മി എം.വി, കാർഷിക സർവകലാശാല അസോസിയേറ്റ് പ്രൊഫസർ ഡോ. ബിന്ദു ജെ.എസ്, പ്രൊഫസർ & വകുപ്പ് മേധാവി (ഓർഗാനിക് അഗ്രികൾച്ചർ) ഡോ. ബി. അപർണ്ണ എന്നിവർ പരിശീലനം നൽകി തുടർന്ന് സംശയനിവാരണ സെഷനും സംഘടിപ്പിച്ചു.
ചടങ്ങിൽ കേരള ഉത്തരവാദിത്ത പ്രകൃതി കൃഷി ഉപമിഷൻ ചെയർമാനും മുൻ ചീഫ് സെക്രട്ടറിയുമായ എസ്. എം. വിജയാനന്ദ് അധ്യക്ഷനായി. കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് അഡിഷണൽ ഡയറക്ടർ എസ്. സിന്ധു, സമേതി ഡെപ്യൂട്ടി ഡയറക്ടർ എസ്. ബി. വിജയശ്രീ, കൃഷി ഡെപ്യൂട്ടി ഡയറക്ടർ ലിസിമോൾ ജെ. വടക്കൂട്ട്, കൃഷി അസിസ്റ്റന്റ് ഡയറക്ടർ സഞ്ജീവ് തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments