അക്ഷരങ്ങൾ തൊട്ട അതിജീവനം; മായയെ തേടി മന്ത്രിയെത്തി, സ്നേഹത്തിന്റെ പുരസ്കാരവുമായി
കത്തുകളിലൂടെ മായ പങ്കുവെച്ച സങ്കടം മന്ത്രിയുടെ മനസ്സ് തൊട്ടു. തളർന്നുപോയ ശരീരത്തെ സാഹിത്യം കൊണ്ട് അതിജീവിച്ച മായയ്ക്ക്, സാമൂഹ്യനീതി വകുപ്പിന്റെ പ്രഥമ സാഹിത്യ പുരസ്കാരം വീട്ടിലെത്തി നേരിട്ട് നൽകി ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ ആർ. ബിന്ദു.
35 വർഷമായി ശയ്യാവലംബിയായി കഴിയുന്ന അങ്കമാലി നായത്തോട് സ്വദേശി മായ ബാലകൃഷ്ണന്റെ 'മണ്ണാങ്കട്ടയും കരിയിലയും' എന്ന കവിതാ സമാഹാരത്തിന് സാമൂഹ്യനീതി വകുപ്പ് സംഘടിപ്പിച്ച 'സവിശേഷം' ഭിന്നശേഷി കലോത്സവത്തിലെ കവിതാ മത്സരത്തിൽ പ്രഥമ പുരസ്കാരം ലഭിച്ചിരുന്നു. എന്നാൽ ആരോഗ്യപരമായ കാരണങ്ങളാൽ തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ പങ്കെടുക്കാൻ മായയ്ക്ക് കഴിഞ്ഞിരുന്നില്ല.
തനിക്ക് നേരിട്ട് പുരസ്കാരം ഏറ്റുവാങ്ങാൻ ആഗ്രഹമുണ്ടെന്നും, അങ്കമാലിയിലോ സമീപത്തോ നടക്കുന്ന ഏതെങ്കിലും പരിപാടിയിൽ വെച്ച് പുരസ്കാരം നൽകാൻ കഴിയുമോ എന്ന് അഭ്യർത്ഥിച്ചുകൊണ്ട് മായ മന്ത്രിക്ക് കത്തെഴുതുകയായിരുന്നു. ഈ അഭ്യർത്ഥന മാനിച്ചാണ് മന്ത്രി നേരിട്ട് മായയുടെ വസതിയിലെത്തി പുരസ്കാരം നൽകിയത്. പതിനായിരം രൂപയും പ്രശസ്തിപത്രവും മൊമന്റോയും അടങ്ങുന്ന പുരസ്കാരം മന്ത്രി മായക്ക് കൈമാറി.
- Log in to post comments