Skip to main content

സ്വപ്നതുല്യം ഈ നിമിഷം - മായ ബാലകൃഷ്ണൻ

സാമൂഹ്യനീതി വകുപ്പിന്റെ പുരസ്കാരം സ്വീകരിച്ച നിമിഷം ജീവിതത്തിലെ ഏറ്റവും ധന്യമായ മുഹൂർത്തമാണെന്ന് മായ ബാലകൃഷ്ണൻ പറഞ്ഞു.  വിവിധ ഇടങ്ങളിൽ നിന്ന് പലതരത്തിലുള്ള ആദരങ്ങളും  ലഭിച്ചിട്ടുണ്ടെങ്കിലും, തന്റെ എഴുത്തിന് ലഭിക്കുന്ന ആദ്യത്തെ ഔദ്യോഗിക അംഗീകാരമാണിത്.  മുമ്പും പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഒരു അവാർഡും നേരിട്ടുവാങ്ങാൻ കഴിഞ്ഞിട്ടില്ലായിരുന്നു.  പ്രതിനിധികളെ അയച്ചോ അല്ലെങ്കിൽ പോസ്റ്റൽ ആയിട്ടോ ആയിരുന്നു പുരസ്കാരങ്ങൾ ലഭിച്ചിരുന്നത്. 
 സാമൂഹ്യനീതി വകുപ്പിന്റെ പുരസ്കാരം നേരിട്ട് വാങ്ങാൻ കഴിയാത്തതിന്റെ വിഷമം എഴുതിയ കത്ത്  പരിഗണിച്ച് മന്ത്രി തന്നെ നേരിട്ട് എത്തിയതിൽ ഏറെ സന്തോഷവും നന്ദിയുമുണ്ടെന്ന് മായ പറഞ്ഞു. 

35 വർഷത്തോളമായി റുമാറ്റോയിഡ് ആർത്രൈറ്റിസ് ബാധിച്ച് കിടപ്പിലായ മായ സാങ്കേതിക വിദ്യകളിലൂടെയും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയുമാണ് സാഹിത്യ ലോകത്തേക്ക് കടക്കുന്നത്.
 തുടികൊട്ട്, നിഷ്കാസിതരുടെ ആരൂഢം, മണ്ണാങ്കട്ടേം കരിയിലേം എന്നീ കവിതാ സമാഹാരങ്ങളും നാലാംവിരലിൽ വിരിയുന്ന മായ, മായക്കാലം എന്നീ ആത്മകഥകളും വെള്ളപ്പൊക്കത്തിലെ പൂച്ച എന്ന ബാലകഥയും മായ രചിച്ചിട്ടുണ്ട്.

 അങ്കമാലി നായത്തോട് മായയുടെ വസതിയിൽ നടന്ന  പുരസ്കാരദാന ചടങ്ങിൽ അങ്കമാലി നഗരസഭ ചെയർ പേഴ്സൺ  റീത്താപോൾ അധ്യക്ഷയായി. പ്രശസ്ത കവി രാവുണ്ണി മാഷ്, ഡോ അജയ് നാരായണൻ, വാർഡ് കൗൺസിലർ ഡെൻസി ടോണി തുടങ്ങിയവർ പങ്കെടുത്തു.

date