സുസ്ഥിര നഗര ഗതാഗതം-ഗവേഷണത്തിനായി കൊച്ചി മെട്രോ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസുമായി ധാരണാപത്രം ഒപ്പുവച്ചു
സുസ്ഥിര നഗര ഗതാഗതവും പൊതു ഗതാഗത സംവിധാനങ്ങളും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡും (കെഎംആർഎൽ) ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസും (ഐഐഎസ്‌സി) തമ്മിൽ ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ബഹുമുഖ ഗതാഗത സംവിധാനങ്ങൾ നടപ്പാക്കുന്നതിലുള്ള കെഎംആർഎല്ലിന്റെ പ്രായോഗിക പരിചയവും, ഡാറ്റാ അധിഷ്ഠിത ഗവേഷണ രംഗത്തെ ഐഐഎസ്‌സിയുടെ വൈദഗ്ധ്യവും സംയോജിപ്പിക്കാനാണ് ഈ സഹകരണത്തിലൂടെ ലക്ഷ്യമിടുന്നത്.
സുസ്ഥിര ഗതാഗത ആസൂത്രണം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇന്റർനെറ്റ് ഓഫ് തിംഗ്സ്, ബ്ലോക്ക്‌ചെയിൻ തുടങ്ങിയ നവീന സാങ്കേതികവിദ്യകൾ കൊച്ചിയിലെ ഗതാഗത മേഖലയിൽ പ്രാവർത്തികമാക്കുകയാണ് പ്രധാന ഉദ്ദേശം.
നഗര ഗതാഗതം എന്നത് വായു ഗുണനിലവാരം, പൊതുജന ആരോഗ്യം, ജീവിത നിലവാരം എന്നിവയുമായി നേരിട്ട് ബന്ധപ്പെട്ടതാണെന്ന് കെഎംആർഎൽ മാനേജിംഗ് ഡയറക്ടർ ലോക്നാഥ് ബെഹ്റ പറഞ്ഞു. ഐഐഎസ്‌സിയുമായുള്ള സഹകരണത്തിലൂടെ ശാസ്ത്രീയമായ സമീപനം സ്വീകരിച്ച് കൊച്ചിയിലെ ഗതാഗത സംവിധാനങ്ങൾ പരിസ്ഥിതി സൗഹൃദമാക്കാൻ സാധിക്കും. മെട്രോ റെയിൽ, വാട്ടർ മെട്രോ, കനാൽ വികസന പദ്ധതികൾ എന്നിവയെല്ലാം സംയോജിപ്പിച്ചുള്ള പരിഹാരങ്ങളാണ് ഇതിലൂടെ രൂപപ്പെടുകയെന്നും അദ്ദേഹം പറഞ്ഞു.
യഥാർത്ഥ നഗര പ്രശ്നങ്ങൾക്ക് ശാസ്ത്രീയമായ പരിഹാരം കാണാനാണ് ഈ സഹകരണം ശ്രമിക്കുന്നതെന്ന് ഐഐഎസ്‌സിയിലെ പ്രൊഫസർ ആശിഷ് വർമ്മ പറഞ്ഞു. ഗതാഗത പരിഷ്കാരങ്ങൾ നടപ്പാക്കുന്നതിന് മുൻപ് തന്നെ വെർച്വൽ അന്തരീക്ഷത്തിൽ അവയുടെ ഫലങ്ങൾ വിലയിരുത്താൻ സഹായിക്കുന്ന സിമുലേഷൻ മോഡലുകൾ ഐഐഎസ്‌സി വികസിപ്പിച്ചിട്ടുണ്ട്. പൊതുഗതാഗത ശൃംഖലകളുടെ രൂപകൽപ്പന, ഇലക്ട്രിക് വാഹന ചാർജിംഗ് സ്റ്റേഷനുകളുടെ സ്ഥാനം നിർണ്ണയിക്കൽ തുടങ്ങിയവയിൽ ഈ സാങ്കേതികവിദ്യ നിർണ്ണായകമാകും. കൊച്ചിയെ സുസ്ഥിര ഗതാഗതത്തിന്റ ദേശീയ മാതൃകയാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ഈ സഹകരണം കെഎംആർഎല്ലിന്റെ ഭാവി പദ്ധതികൾക്ക് ശാസ്ത്രീയ പിന്തുണ നൽകുന്നതോടൊപ്പം, ഇന്ത്യയിലെ മറ്റ് നഗരങ്ങൾക്കും മാതൃകയാക്കാവുന്ന ഒന്നായി കൊച്ചിയെ മാറ്റുമെന്ന് കെഎംആർഎൽ ഡയറക്ടർ (പ്രോജക്ട്സ്) ഡോ. എം. പി. രാംനവാസ് പറഞ്ഞു.
ധാരണാപത്രത്തിന്റെ ഭാഗമായി പ്രായോഗിക ഗവേഷണ പദ്ധതികൾ, വിദ്യാർത്ഥികൾക്കുള്ള ഗവേഷണ അവസരങ്ങൾ, അപൂർവ ഡാറ്റാസെറ്റുകളുടെ വികസനം എന്നിവയും നടപ്പിലാക്കും. സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം കുറച്ച് പൊതുഗതാഗതം, സൈക്ലിംഗ്, കാൽനട യാത്ര എന്നിവ പ്രോത്സാഹിപ്പിക്കുന്ന ദീർഘകാല പദ്ധതികൾക്കും ഇത് വഴിയൊരുക്കും.
- Log in to post comments