മായയുടെ മനസ് മന്ത്രി അറിഞ്ഞു; പുരസ്കാരവുമായി ഇന്ന് (7) വീട്ടിലെത്തും"
അസുഖം ബാധിച്ച് 35 വർഷമായി അരയ്ക്കു താഴെ തളർന്ന മായയുടെ സർഗാത്മക സ്വപ്നങ്ങൾക്ക് ഇന്ന് സാക്ഷാത്കാരം.
സാമൂഹ്യനീതി വകുപ്പിന്റെ സാഹിത്യ പുരസ്കാരം ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ഇന്ന് (7)രാവിലെ 9.30 ന്
അങ്കമാലി നായത്തോട് സ്വദേശി മായാ ബാലകൃഷ്ണന് വീട്ടിലെത്തി സമ്മാനിക്കും.
മായയുടെ മണ്ണാങ്കട്ടയും കരിയിലയും എന്ന കവിതാ സമാഹാരത്തിനാണ് പുരസ്കാരം ലഭിച്ചത്. അമ്പത്തിയഞ്ചുകാരിയായ മായ കഴിഞ്ഞ 35 വർഷത്തോളമായി റുമാറ്റോയിഡ് ആർത്രൈറ്റിസ് ബാധിച്ച് കിടപ്പിലാണ്.
നടക്കാൻ കഴിയാത്ത മായക്ക് കഴിഞ്ഞ ജനുവരി 21ന് തിരുവനന്തപുരം ടാഗോർ തിയറ്ററിൽ നടന്ന പുരസ്കാര ചടങ്ങിൽ പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. തുടർന്ന് അങ്കമാലിയിലോ സമീപപ്രദേശങ്ങളിലോ നടക്കുന്ന ഔദ്യോഗിക ചടങ്ങുകളിൽ ഏതിലെങ്കിലും വെച്ച് അവാർഡ് സ്വീകരിക്കാൻ താല്പര്യമുണ്ട് എന്ന് അറിയിച്ച്
മായ മന്ത്രി ബിന്ദുവിനു കത്തെഴുതിയിരുന്നു. കത്ത് അനുഭാവപൂർവം പരിഗണിച്ച മന്ത്രി വീട്ടിലെത്തി പുരസ്കാരം സമ്മാനിക്കാൻ തീരുമാനിക്കുകയായിരുന്നു.
മണ്ണാങ്കട്ടയും കരിയിലയും കൂടാതെ തുടികൊട്ട്, നിഷ്കാസിതയുടെ ആരൂഢം തുടങ്ങിയ കവിതാ സമാഹരങ്ങളും, വെള്ളപ്പൊക്കത്തിലെ പൂച്ച എന്ന കുട്ടികൾക്ക് വേണ്ടിയുള്ള കഥാ സമാഹാരവും, മായക്കാലം, വിരലിൽ വിരിയുന്ന മായ എന്നീ ആത്മകഥാംശമുള്ള പുസ്തകങ്ങളും അവർ രചിച്ചിട്ടുണ്ട്.
- Log in to post comments