സമൂഹമാധ്യമങ്ങളുടെ ഉപയോഗം ഉത്തരവാദിത്തത്തോടെയാകണം: ജില്ലാ കളക്ടർ
സമൂഹമാധ്യമങ്ങളുടെ ഉപയോഗം ഉത്തരവാദിത്തത്തോടെയാകണമെന്ന് ജില്ലാ കളക്ടർ ജി. പ്രിയങ്ക. നാഷ്ണൽ ഇൻഫർമാറ്റിക്സ് സെന്ററിന്റെയും ( എൻ.ഐ.സി) ഐ.ടി മിഷന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച സുരക്ഷിത ഇന്റർനെറ്റ് ദിനാചാരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു കളക്ടർ.
ഇന്റർനെറ്റ് ഉപയോഗം സാർവത്രികമായ കാലഘട്ടമാണിത്. ഇന്റർനെറ്റിന് അതിന്റേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. ആ സാങ്കേതികവിദ്യയെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതാണ് പ്രധാനം. സമൂഹമാധ്യമങ്ങൾ കരുതലോടെയും ഫലപ്രദമായും ഉപയോഗിക്കാൻ എല്ലാവരും ശ്രമിക്കണം.
തന്റെ പേരിൽ തന്നെ വ്യാജ സമൂഹമാധ്യമ അക്കൗണ്ടുകൾ സൃഷ്ടിച്ച് മറ്റുള്ളവർക്ക് സന്ദേശങ്ങൾ അയക്കുന്ന സാഹചര്യമുണ്ടായി. 'ഡീപ് ഫേക്കി'ന്റെ കൂടി കടന്നുവരോടെ ഏതാണ് യാഥാർത്ഥ്യം എന്ന് തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയുണ്ട്. ഓരോ പ്ലാറ്റ്ഫോമുകളും ഉപയോഗിക്കുമ്പോൾ പരമാവധി ശ്രദ്ധ പുലർത്തണമെന്നും കളക്ടർ പറഞ്ഞു.
ദിനാചരണത്തിന്റെ ഭാഗമായി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്കായി ഇന്റർനെറ്റ് സുരക്ഷയെ സംബന്ധിച്ച് ശില്പശാലയും ഒരുക്കിയിരുന്നു. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അശ്വിൻ ശ്രീധർ, സൈബർ സെൽ എസ്.ഐ വൈ. ടി പ്രമോദ് എന്നിവർ സെഷനുകൾ നയിച്ചു.
കളക്ടറേറ്റ് ട്രെയിനിങ് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ ജില്ലാ ഇൻഫർമാറ്റിക്സ് ഓഫീസർ നിധിൻ കെ. സതീഷ്, ഐ.ടി മിഷൻ ജില്ലാ പ്രോജക്ട് മാനേജർ ചിഞ്ചു സുനിൽ ദത്ത് എന്നിവർ പങ്കെടുത്തു.
- Log in to post comments