Skip to main content
ഒ.ബി.സി വിഭാഗത്തിലെ തെരുവ് കച്ചവടക്കാര്‍ക്ക് മൊബൈല്‍ സ്ട്രീറ്റ് വെന്‍ഡിങ് കാര്‍ട്ട് വാങ്ങുന്നതിനുള്ള ധനസഹായ പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി ഒ ആർ കേളു നിർവഹിക്കുന്നു

വികസനം പൂർണതയിലെത്തുന്നത് ഓരോരുത്തരുടെയും ജീവിത നിലവാരം മെച്ചപ്പെടുമ്പോൾ -മന്ത്രി ഒ ആർ കേളു 

 

ഒ.ബി.സി വിഭാഗത്തിലെ തെരുവ് കച്ചവടക്കാര്‍ക്ക് മൊബൈല്‍ സ്ട്രീറ്റ് വെന്‍ഡിങ് കാര്‍ട്ട് വാങ്ങുന്നതിനുള്ള ധനസഹായ പദ്ധതി ഉദ്ഘാടനം ചെയ്തു 

ഓരോ വ്യക്തിയുടെയും കുടുംബത്തിന്റെയും ജീവിത നിലവാരം മെച്ചപ്പെടുമ്പോഴാണ് കേരളത്തിന്റെ വികസനം പൂർണതയിലെത്തുന്നതെന്ന് പട്ടികജാതി-പട്ടിക വർഗ-പിന്നാക്ക വിഭാഗ വികസന വകുപ്പ് മന്ത്രി ഒ ആർ കേളു. ഒ.ബി.സി വിഭാഗത്തിലെ തെരുവ് കച്ചവടക്കാര്‍ക്ക് മൊബൈല്‍ സ്ട്രീറ്റ് വെന്‍ഡിങ് കാര്‍ട്ട് വാങ്ങുന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന ധനസഹായം നല്‍കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു മന്ത്രി. 

ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുകയെന്നത് സർക്കാരിന്റെ പുതുവികസന കാഴ്ചപ്പാടിന്റെ പ്രധാന ഘടകമാണ്. അതിദാരിദ്ര്യ നിർമാർജന പദ്ധതി ഉൾപ്പെടെയുള്ളവ ഇതിനായി നടപ്പാക്കിയതാണ്. പിന്നാക്ക വിഭാഗത്തിന്റെ ക്ഷേമത്തിനായി നിരവധി പദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. 56 ഗുണഭോക്താക്കൾക്കാണ് ധനസഹായം വിതരണം ചെയ്തത്. സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷന്റെ വായ്പ വിതരണവും മന്ത്രി നിർവഹിച്ചു. 

കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയിൽ മേയർ ഒ സദാശിവൻ അധ്യക്ഷനായി. അഹമ്മദ് ദേവർകോവിൽ എംഎൽഎ വായ്പ വിതരണം നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കവിത അരുൺ, പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടർ മിസാൽ സാഗർ ഭരത്, ജനറൽ മാനേജർ സി ആർ ബിന്ദു, മിഷൻ മാനേജർ മുനീർ, ഡെപ്യൂട്ടി ഡയറക്ടർ ബി പ്രബിൻ എന്നിവർ സംസാരിച്ചു. ജനപ്രതിനിധികൾ, രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു.

date