Skip to main content

എഐ അധിഷ്ഠിത സൈബര്‍ കുറ്റകൃത്യങ്ങളുടെ വര്‍ധനവിനെതിരെ ബോധവത്കരണവുമായി സുരക്ഷിത ഇന്റര്‍നെറ്റ് ദിനാചരണം

സുരക്ഷിത ഇന്റര്‍നെറ്റ് ദിനാചരണത്തിന്റെ ഭാഗമായുള്ള അഖിലേന്ത്യാ ക്യാമ്പയ്‌നിന്റെ ഭാഗമായി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ബോധവത്ക്കരണ ശില്‍പ്പശാല അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ഷൈജു പി. ജേക്കബ് ഉദ്ഘാടനം ചെയ്തു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ സുരക്ഷിത ഇന്റര്‍നെറ്റ് ബ്രോഷറിന്റെ പ്രകാശനവും അദ്ദേഹം നിര്‍വഹിച്ചു.

ജില്ലാ ഇന്‍ഫര്‍മാറ്റിക്സ് ഓഫീസര്‍ എമ്മ പോള്‍ എം, ഇടുക്കി സൈബര്‍ സെല്ലിലെ അമല്‍ മാത്യു, എന്‍. ഐ. സി ഇന്‍ഫര്‍മേറ്റീവ് അസിസ്റ്റന്റ് അജിത്ത് ജോണ്‍ വര്‍ഗീസ് എന്നിവര്‍  വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. സൈബര്‍ തട്ടിപ്പുകള്‍, തെറ്റായ വിവരങ്ങളുടെ പ്രചരണം, ഡാറ്റാ സ്വകാര്യതാ ലംഘനങ്ങള്‍, എഐ അടക്കമുള്ള പുതിയ സാങ്കേതികവിദ്യകളുടെ ദുരുപയോഗം തുടങ്ങിയ വിഷയങ്ങള്‍ അവര്‍ വിശദീകരിച്ചു.സൈബര്‍ കുറ്റകൃത്യം സംഭവിച്ചാല്‍ ആദ്യം ചെയ്യേണ്ട കാര്യങ്ങളായ 1930 സൈബര്‍ എമര്‍ജന്‍സി ഹെല്‍പ്പ്ലൈനില്‍ വിവരം അറിയിക്കല്‍, www.cybercrime.gov.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി പരാതി നല്‍കല്‍, അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കല്‍ എന്നിവയെക്കുറിച്ചും ബോധവത്ക്കരണം നടത്തി. ചുറ്റുപാടുകളില്‍ നടന്ന സൈബര്‍ കുറ്റകൃത്യങ്ങളുടെ ഉദാഹരണങ്ങള്‍, അതിന്റെ പ്രത്യാഘാതങ്ങള്‍, വോയിസ് അസിസ്റ്റന്റുകളുടെ ഉപയോഗത്തില്‍ ഉണ്ടാകുന്ന അപകടങ്ങള്‍, വ്യാജ വീഡിയോകള്‍ തിരിച്ചറിയുന്ന വിധം എന്നിവയും ചര്‍ച്ച ചെയ്തു.

വിവരങ്ങള്‍ പങ്കുവെയ്ക്കുന്നതിന് മുന്‍പ് പരിശോധിക്കുക, അനാവശ്യ ഫോര്‍വേഡിംഗ് കുറയ്ക്കുക, മൊബൈല്‍ ആപ്പുകളുടെ പ്രൈവസി സെറ്റിംഗുകള്‍ പതിവായി പരിശോധിക്കുക എന്നിവയുടെ പ്രാധാന്യവും ക്ലാസ്സുകളില്‍ ഊന്നിപ്പറഞ്ഞു. സുരക്ഷിതമായ ഡിജിറ്റല്‍ ശീലങ്ങള്‍ പിന്തുടരാനും, സ്മാര്‍ട്ട് സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുമ്പോള്‍ ഉത്തരവാദിത്വത്തോടെ തീരുമാനങ്ങള്‍ എടുക്കണം.
ഓണ്‍ലൈന്‍ തട്ടിപ്പുകളില്‍ വീഴാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്നും, സൈബര്‍ ഭീഷണികളെ നേരിടാന്‍ ബോധവത്കരണവും സൂക്ഷ്മതയും തന്നെയാണ് ഏറ്റവും ശക്തമായ ആയുധങ്ങളെന്നും ശില്‍പ്പശാല ഓര്‍മ്മിപ്പിച്ചു.

സൈബര്‍ കുറ്റകൃത്യങ്ങളുടെ എണ്ണം വര്‍ഷംതോറും വര്‍ധിക്കുകയും നിര്‍മ്മിതബുദ്ധി അധിഷ്ഠിത ആപ്ലിക്കേഷനുകളുടെ ദുരുപയോഗം കൂടി വരികയും ചെയ്യുന്ന സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടം, നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്റര്‍, സൈബര്‍ സെല്‍, ഇടുക്കി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സുരക്ഷിത ഇന്റര്‍നെറ്റ് ദിനത്തിന്റെ ഭാഗമായി ബോധവത്ക്കരണ ശില്‍പ്പശാല സംഘടിപ്പിച്ചത്.

ഫെബ്രുവരിയിലെ രണ്ടാം ചൊവ്വാഴ്ചയാണ് സുരക്ഷിത ഇന്റര്‍നെറ്റ് ദിനമായി ആചരിക്കുന്നത്. ഇന്റര്‍നെറ്റിന്റെ സുരക്ഷിതവും ഉത്തരവാദിത്തപരവും നൈതികവുമായ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം, പുതിയ ഡിജിറ്റല്‍ വെല്ലുവിളികളെയും ഓണ്‍ലൈന്‍ ഭീഷണികളെയും കുറിച്ച് ബോധവത്കരണം നടത്തുക എന്നതാണ് ഈ ദിനത്തിന്റെ ലക്ഷ്യം.

ചിത്രം 1 കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സുരക്ഷിത ഇന്റര്‍നെറ്റ് ദിനാചരണ ബോധവല്‍ക്കരണ ശില്‍പ്പശാല അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ഷൈജു പി.  ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു.

ചിത്രം 2: സുരക്ഷിത ഇന്റര്‍നെറ്റ് ഉപയോഗം സംബന്ധിച്ച ബ്രോഷര്‍ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ഷൈജു പി. ജേക്കബ് പ്രകാശനം നിര്‍വഹിക്കുന്നു

date