Skip to main content

നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പുതിയ മാതൃ-ശിശു ബ്ലോക്ക്

ഉദ്ഘാടനം ഫെബ്രുവരി 14ന് മന്ത്രി വീണാ ജോര്‍ജ്ജ് നിര്‍വഹിക്കും

നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ 19 കോടി ചെലവില്‍ നിര്‍മ്മിച്ച മാതൃ-ശിശു ബ്ലോക്കിന്റെ ഉദ്ഘാടനം ഫെബ്രുവരി 14ന് ഉച്ചയ്ക്ക് 12ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് നിര്‍വഹിക്കും. ചടങ്ങില്‍ ആര്യാടന്‍ ഷൗക്കത്ത് എം.എല്‍എ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജബ്ബാര്‍ഹാജി സ്വാഗതം ആശംസിക്കും. ചടങ്ങില്‍ എക്കോ മെഷീന്‍ സ്വിച്ച് ഓണ്‍ കര്‍മ്മം പി.പി. സുനീര്‍ എം.പി നിര്‍വഹിക്കും. ഹെര്‍ബല്‍ ഗാര്‍ഡന്‍ സമര്‍പ്പണം എ.പി. അനില്‍കുമാര്‍ എം.എല്‍.എ. നിര്‍വഹിക്കും. യു.എസ്.ജി. സ്‌കാന്‍ സംവിധാന സമര്‍പ്പണം പി.കെ ബഷീര്‍ എം.എല്‍.എ.യും നിലമ്പൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ പത്മിനി ഗോപിനാഥും നിര്‍വഹിക്കും. ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് മുഖ്യപ്രഭാഷണം നടത്തും, എന്‍.എച്ച്.എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ വിനയ് ഗോയല്‍ ആമുഖ പ്രഭാഷണം നടത്തും. ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. കെ.ജെ. റീന പദ്ധതി വിശദീകരിക്കും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി.കെ ജയന്തി റിപ്പോര്‍ട്ട് അവതരിപ്പിക്കും.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എ.പി. സ്മിജി, ആരോഗ്യവകുപ്പ് സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ പി.കെ. അസലു, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ ആലിപ്പറ്റ ജമീല, നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബോബി സി. മാമ്പ്ര, വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമൃത, കാളികാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസീറ, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ എന്‍.എ. കരീം, റൈഹാനത് കുറുമാടന്‍, മുസ്തഫ അബ്ദുല്‍ ലത്തീഫ്, നിലമ്പൂര്‍ നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ എം.കെ വിജയനാരായണന്‍, എന്‍.എച്ച്.എംസ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ഡോ. ഇ. ബിജോയ്, എന്‍.എച്ച്.എം ചീഫ് എന്ഞ്ചിനീയര്‍ രാജീവ് കരിയില്‍, എന്‍.എച്ച്.എം. ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ടി.എന്‍ അനൂപ്, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. എ. ഷിബുലാല്‍, ജില്ലാ ആര്‍.സി.എച്ച്. ഓഫീസര്‍ ഡോ. എന്‍.എന്‍. പമീലി, ഡെപ്യൂട്ടി ഡി.എം.ഒ ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ. സി. ഷുബിന്‍, ഡെപ്യൂട്ടി ഡിഎം ഒ ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ. വി. ഫിറോസ്ഖാന്‍, ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ. കെ.കെ. പ്രവീണ, ജില്ലാ പഞ്ചായത്ത് മുന്‍ അംഗങ്ങള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും.

ദേശീയ ആരോഗ്യ ദൗത്യത്തിന്റെ 2014-15 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ്  നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ഒരു പുതിയ മാതൃ-ശിശു ബ്ലോക്ക് നിര്‍മ്മിക്കുന്നതിനായി 10.50 കോടി രൂപ അനുവദിച്ചത്.  നിര്‍വ്വഹണ ചുമതല ബി.എസ്.എന്‍.എല്‍. സിവില്‍ വിംഗിനെയായിരുന്നു. ബി.എസ്.എന്‍.എല്‍  നടത്തിയ 30 ശതമാനം നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് 2.5 കോടിയും 2022-23 ല്‍ എന്‍.എച്ച്.എം ആര്‍.ഒ.പി പ്രകാരം അനുവദിച്ച 16.5 കോടി ഉള്‍പ്പെടെ 19 കോടിയാണ് കെട്ടിട നിര്‍മ്മാണത്തിന് ചെലവായ മൊത്തം തുക.

ഏകദേശം 46000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ നാല് നിലകളിലായി എല്ലാവിധ സൗകര്യങ്ങളോടുകൂടിയ ബ്ലോക്കാണ് വിഭാവനം ചെയ്തിരിക്കുന്നത്. കെട്ടിടത്തിന്റെ ഫസ്റ്റ് ഫ്ലോറിന്റെയും ഗ്രൌണ്ട് ഫ്ലോറിന്റെയും  പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഗൈനക്കോളജി വിഭാഗം ഒ.പി, ശിശുരോഗ വിഭാഗം ഒ.പി, ഒബ്സെര്‍വേഷന്‍ റൂം, പ്രതിരോധ കുത്തിവെയ്പ്പ് മുറി, യു.എസ്.ജി. സ്‌കാന്‍ സംവിധാനം എന്നിവ ആദ്യഘട്ടം ഉദ്ഘാടനത്തിന് ശേഷം ഉടന്‍ തന്നെ പുതിയ കെട്ടിടത്തിന്റെ ഗ്രൌണ്ട് ഫ്ലോറില്‍ പ്രവര്‍ത്തനം ആരംഭിക്കും.  

ഏപ്രില്‍ മാസത്തോടു കൂടി ലിഫ്റ്റ്, ഡീസല്‍ ജനറേറ്റര്‍ എന്നിവ കൂടി സജ്ജമാക്കുന്നതോടു കൂടി മാസത്തിനുള്ളില്‍ 100 കിടക്കകളോട് കൂടി കിടത്തി ചികിത്സ സൗകര്യവും ആധുനിക ലേബര്‍ റൂം ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും സജ്ജമാകും. കിടത്തി ചികിത്സ സൗകര്യങ്ങളില്‍  പ്രസവ വാര്‍ഡ്, പ്രസവാനന്തര വാര്‍ഡ്, ഗൈനകോളജി വാര്‍ഡ്, കുട്ടികളുടെ വാര്‍ഡ്, പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡ് എന്നിവ സജ്ജമാകും. കുട്ടികളുടെ ഐ.സി.യു, സിക് ന്യൂബോണ്‍ കെയര്‍ യൂണിറ്റ്, മൂന്ന് മേജര്‍ ഓപ്പറേഷന്‍ തീയേറ്ററും ഒരു മൈനര്‍ ഓപ്പറേഷന്‍ തീയേറ്ററുമുള്ള മോഡുലാര്‍ ഒ.ടി. കോംപ്ലക്സ്, സെന്‍ട്രല്‍ സ്റ്റെറൈല്‍ സപ്ലൈ ഡിപ്പാര്‍ട്ട്മെന്റ്, പവര്‍ ലോണ്‍ട്രി, എച്ച്.വി.എ.സി സൗകര്യങ്ങള്‍, മെഡിക്കല്‍ ഗ്യാസ് പൈപ്പ് ലൈന്‍ സിസ്റ്റം എന്നീ സംവിധാനങ്ങളും ഒരുങ്ങും.

മാതൃ-ശിശു ബ്ലോക്ക് പൂര്‍ണ്ണമായി പ്രവര്‍ത്തന സജ്ജമാക്കുമ്പോള്‍ ജില്ലയിലെ കിഴക്കന്‍ പ്രദേശത്തെയും ആദിവാസി മേഖലയിലേയും ജനങ്ങള്‍ക്ക് മികച്ച ഗുണനിലവാരമുള്ള മാതൃ-ശിശു ആരോഗ്യ സേവനങ്ങള്‍ നല്‍കാന്‍ സാധിക്കും.

date