കുടുംബശ്രീ ‘കെ-ഇനം’ പ്രീമിയം ഉത്പന്നങ്ങളുടെ ജില്ലാതല ലോഞ്ചിങ് നാളെ (തിങ്കളാഴ്ച) പെരിന്തൽമണ്ണയിൽ
കുടുംബശ്രീയുടെ കാർഷിക മേഖലയിലെ നൂതന പദ്ധതിയായ ടെക്നോളജി അഡ്വാൻസ്മെൻ്റ് പ്രോഗ്രാമിൻ്റെ ( കെ- ടാപ് ) ഭാഗമായി വികസിപ്പിച്ചെടുത്ത പ്രീമിയം ഉത്പന്നങ്ങളുടെ മലപ്പുറം ജില്ലാതല ലോഞ്ചിങ് നാളെ (തിങ്കളാഴ്ച) നടക്കും. രാവിലെ 11ന് പുലാമന്തോൾ എമറാൾഡ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് നജ്മ തബ്ഷീറ ജില്ലയുടെ ഉത്പന്നങ്ങൾ ലോഞ്ച് ചെയ്യും.
രാജ്യത്തെ മുൻനിര ഗവേഷണ സ്ഥാപനങ്ങളുടെ സാങ്കേതിക സഹായത്തോടെ മുപ്പതോളം മൂല്യവർധിത ഭക്ഷ്യ ഉത്പന്നങ്ങളാണ് സംസ്ഥാനത്തുടനീളമുള്ള കുടുംബശ്രീ യൂണിറ്റുകൾ വികസിപ്പിച്ചെടുത്തിരിക്കുന്നത്. ‘കെ-ഇനം’ എന്ന ഏകീകൃത ബ്രാൻഡ് നാമത്തിലാണ് ഉൽപ്പന്നങ്ങൾ വിപണിയിലെത്തുന്നത്. ജില്ലയിൽ നിന്നുള്ള ബനാന ഫ്ലോർ, ബനാന ഹെൽത്ത് മിക്സ് എന്നിവയാണ് തിങ്കളാഴ്ച വിപണിയിലിറക്കുന്നത്.
ദേശീയ-അന്തർദേശീയ വിപണികളെ ലക്ഷ്യം വെച്ചുകൊണ്ട് ഉന്നത നിലവാരത്തിലുള്ള പാക്കേജിങ്ങും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളും ഉറപ്പാക്കിയാണ് ഓരോ ഉൽപ്പന്നവും തയ്യാറാക്കിയിരിക്കുന്നത്. ഗുണമേന്മയിലും വിശ്വാസ്യതയിലും വിട്ടുവീഴ്ചയില്ലാത്ത ഈ മുന്നേറ്റം കുടുംബശ്രീ വനിതകൾക്ക് പുതിയ തൊഴിൽ-വിപണന സാധ്യതകൾ തുറന്നുനൽകും. ചടങ്ങിനോടനുബന്ധിച്ച് മറ്റ് ജില്ലകൾ വികസിപ്പിച്ചെടുത്ത വൈവിധ്യമാർന്ന ഉത്പന്നങ്ങളുടെ പ്രദർശനവും ഒരുക്കിയിട്ടുണ്ട്.
- Log in to post comments